പൊറിഞ്ചു ഇറങ്ങി ഇന്നേക്ക് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ചിത്രം തീയേറ്ററുകളിലെത്തിയിരുന്നത്. ഒരു പള്ളിപെരുന്നാളിന്‍റെ പശ്ചാത്തലത്തിൽ പൊറിഞ്ജു, മറിയം, ജോസ് എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയിരുന്നത്.ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകന്മാരുടെ ഗണത്തിൽ മുമ്പിലുണ്ടായിരുന്ന ജോഷി ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ്'. മാത്രമല്ല നാല് പതിറ്റാണ്ടിലേറെ സിനിമാ ലോകത്തുള്ള ജോഷി എന്ന ഹിറ്റ് സംവിധായകന്‍ നാല് വര്‍ഷം സിനിമാ ലോകത്ത് നിന്ന് മാറി നിന്നത് ന്യൂ ജനറേഷനായി ഒരു മാസ് ആൻഡ് ക്ലാസ് വിരുന്നൊരുക്കാനായിരുന്നുവെന്ന് ചിത്രം കണ്ടിറങ്ങിയ നിരൂപകരും പ്രേക്ഷകരും ഒരുപോലെ പറയുകയുമുണ്ടായി.




  ഒരു പള്ളിപെരുന്നാള് കൂടിയ സുഖം തന്ന സിനിമയായിരുന്നു ചിത്രം. കൂടാതെ ഇപ്പോഴിതാ സിനിമയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ ജോജു ജോര്‍ജ്ജ്.പൊറിഞ്ചുവിന്‍റെ ഒരു വര്‍ഷം. ഇത്രയും വലിയൊരു അവസരം തന്നതിന് ജോഷി സാറിന് നന്ദി, എന്നായിരുന്നു ജോജു കുറിച്ചത്. മാത്രമല്ല നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, കഥയും തിരക്കഥയുമൊരുക്കിയ അഭിലാഷ് എൻ ചന്ദ്രൻ, നിര്‍മ്മാതാക്കള്‍, സഫീര്‍ സേട്ട്, പൊറിഞ്ചുവിന് പിന്നിലുണ്ടായിരുന്ന എല്ലാ അണിയറപ്രവർത്തകര്‍ക്കും നന്ദി, ജോജു ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരുന്നത് ജേക്സ് ബിജോയാണ്. ശ്യാം ശശിധരനായിരുന്നു ചിത്രസംയോജനം നിര്‍വ്വഹിച്ചിരുന്നത്.




 റെജി മോൻ ആണ്  കീർത്തന മൂവീസിൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരുന്നത്.ഒപ്പം സിനിമയിലെ ചില ദൃശ്യങ്ങളും ജോഷി സാറിനൊപ്പം നിൽക്കുന്ന ചിത്രവും ജോജു പങ്കുവെച്ചിട്ടുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസാണ് ചിത്രം അവതരിപ്പിച്ചിരുന്നത്. സംവിധായകൻ ജോഷിക്കൊപ്പം ജോജു ജോർജ്ജും ചെമ്പൻ വിനോദ് ജോസും ഒന്നിക്കുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ചിത്രം വൻ പ്രതീക്ഷ നൽകിയിരുന്നതാണ്. ആ പ്രതീക്ഷയോടെയാണ് ചിത്രത്തിന് കയറിയതും. പ്രതീക്ഷകളൊന്നും അസ്ഥാനത്തായില്ല. പടം ഒരു പെരുന്നാളാണ്. കാണുന്നവരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന പെരുന്നാള്‍.




 കൊടുത്ത കാശ് മുതലായി എന്ന് തോന്നിക്കുന്ന മാസ് പടം. ഓരോ രംഗവും പ്രതീക്ഷയ്ക്കപ്പുറത്ത് എത്തിക്കുന്നതിൽ ജോഷി എന്ന സംവിധായകനും കഥയും തിരക്കഥയുമൊരുക്കിയ അഭിലാഷ് എൻ.ചന്ദ്രനും വിജയിച്ചിട്ടുണ്ട്. തുല്യ പ്രധാന്യത്തിലാണ് പൊറിഞ്ചുവിനേയും ജോസിനേയും മറിയയേയും അവതരിപ്പിച്ചിരിക്കുന്നത്. കാച്ചിക്കുറുക്കിയ സംഭാഷണശകലങ്ങളും ചിത്രത്തിനുണ്ട്. അതോടൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കാൻ പോന്ന സ്വാഭാവികമായുള്ള ഹാസ്യ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. സ്നേഹം കിട്ടാണ്ടായാൽ നമ്മൾ നമ്മളല്ലാണ്ടാകും, പിന്നെ എല്ലാം ഒരുപോക്കാ...ചിത്രത്തിൽ പൊറിഞ്ചു പറയുന്ന ഈയൊരു വാചകത്തിൽ അയാളുടെ ജീവിതം വായിച്ചെടുക്കാനാവും.

Find out more: