പോലീസിന്റെ അസാന്നിധ്യത്തിൽ പോലീസിന്റെ തൊപ്പി ധരിച്ചവർക്ക് കിട്ടിയത് മുട്ടൻ പണിയെന്ന് പറയാതെ വയ്യല്ലോ. പോരാഞ്ഞിട്ട് ഈ തൊപ്പീം കൂടെ വെച്ച് ഒരു സെൽഫിയും. ഉണ്ടായിരിക്കുന്ന പുകില് ചില്ലറയൊന്നുമല്ല.പൊലീസ് തൊപ്പി ധരിച്ച് സ്റ്റേഷനിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും നടത്തിയ സെൽഫി ഇപ്പോൾ വലിയ വിവാദത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. പുതുവത്സര രാവിലായിരുന്നു ഈ കലാപരിപാടി അരങ്ങേറിയത്.

 

  പൊലീസുകാരുടെ കണ്ണിൽ പെടാതെ അവരില്ലാത്ത സമയം നോക്കി ചാലക്കുടി സ്‌റ്റേഷനിൽ പോട്ട കെകെ റോഡ് സിപിഎംബ്രാഞ്ച് സെക്രട്ടറി അനുരാജും കൂട്ടരുമാണ് കാക്കി തൊപ്പി ധരിച്ച് സെൽഫി എടുത്തിരിക്കുന്നത്. തീർന്നില്ല ട്വിസ്റ്റ്. ഈ സെൽഫി എടുത്തത് പിന്നീട് ഇവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.  ഇതോടെയാണ് സംഭവം മറ്റുള്ളവർ അറിയുന്നതും വിവാദമാകുന്നതും. നല്ല അടിക്കുറിപ്പും നലകിയാണ് അനുരാജ് ഈ സെൽഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.'

 

   പുതുവർഷം പൊലീസ് സ്റ്റേഷനിൽ, ഞെട്ടലിൽ' എന്നാണ് ഫോട്ടോക്ക് ആദികുറുപ്പ് നൽകിയിരിക്കുന്നത്. 5 സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന 5 സെൽഫി ചിത്രങ്ങളാണ് അനുരാജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കിയിട്ടുണ്ട്. പുതുവത്സരരാത്രിയിൽ പെറ്റി കേസിൽ സ്റ്റേഷനിലേക്ക് എത്തിച്ചതായിരുന്നു അനുരാജിന്റെ സുഹൃത്തുക്കളെ. പുതുവത്സര രാത്രി ആഘോഷമാക്കാൻ എത്തിയവരിൽ ഗതാഗതനിയമം ലംഘിച്ചതിനും പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും കുറേപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാളെ ജാമ്യത്തിലെടുക്കാനാണ് അനുരാജ് എത്തിയത്.

 

 

   ഇതിനിടയിലായിരുന്നു അനുരാജിന്റെ സെൽഫി എടുക്കൽ. തൃശൂർ നഗരത്തിൽ രണ്ട് സ്ഥലങ്ങളിലായി ആയിരങ്ങൾ പങ്കെടുത്ത പുതുവത്സരാഘോഷം നടന്നതിനാൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഈ സ്ഥലങ്ങളിൽ ഡ്യൂട്ടിയിലായിരുന്നു. അതുകൊണ്ട് തന്നെ 2 പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് അന്ന് അനുരാജ്ഉം കൂട്ടരും സ്റ്റേഷനിലുള്ള സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

 

    കേസുകളിൽപ്പെട്ട 12 പേരും ജാമ്യമെടുക്കാൻ എത്തിയ 24 പേരും ഉൾപ്പെടെ 36 പേർ സ്റ്റേഷനിൽ ഒന്നിച്ചെത്തിയതോടെ തിരക്കേറി. ഇതിനിടെയാണ് അനുരാജ് പൊലീസിന്റെ വിശ്രമമുറിയിലിരുന്ന തൊപ്പിയെടുത്തു തലയിൽ വച്ചു പലവട്ടം സെൽഫിയെടുത്തത്. ഇടക്ക് സെൽഫിയെടുക്കാൻ സുഹൃത്തുക്കളും കൂടി. ഏതായാലും സംഭവം വിവാദമാകുകയും സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകുകയും ചെയ്തതോടെ പോസ്റ്റ് നീക്കിയിട്ടുണ്ട്.

 

 

    സംഭവവുമായി ബന്ധപ്പെട്ട് അനുരാജിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ടെന്ന് എസ്‌ഐ ബികെ അരുൺ അറിയിച്ചു. എന്നാൽ പോലീസുകാരുടെ തൊപ്പിവെച്ച്‌ സെല്ഫിയെടുത്ത അനുരാജിനെതിരെ  കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കളി നടക്കുന്നുണ്ടോയെന്നും ആരോപണമുയരുന്നുണ്ട്.

Find out more: