പശ്ചിമഘട്ട വനമേഖല പ്രദേശങ്ങളിൽ കുറച്ചുനാളികളായി മാവോയിസ്റ്റ് സാന്നിധ്യം ശക്തിപ്പെടുകയാണ്. ഒപ്പം തന്നെ വയനാട്ടിലും നിലമ്പൂരിലും ആയുധങ്ങളുമായി മാവോയിസ്റ്റുകൾ എത്തിയതായും സൂചനകളുണ്ട്. അട്ടപ്പാടിയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്തതോടെ കേരളാ പൊലീസ് നടത്തിയ ഈ ഓപ്പറേഷന് തിരിച്ചടി ഉണ്ടാകുമെന്ന റിപ്പോർട്ടുകളും നിരവധി തവണ പുറത്തുവന്നിരുന്നു.
ഈ സംഭവങ്ങൾക്കിടയിലാണ് ഇന്ന് രാവിലെ ആറ് മണിയോടെ കണ്ണൂർ അമ്പായത്തോട് ടൗണിൽ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയെന്ന വാർത്ത പരക്കുന്നത്. സംഘത്തിൽ ഒരു സ്ത്രീയടക്കം നാലുപേരാണുണ്ടായിരുന്നത്. ലഖുലേഖകൾ വിതരണം ചെയ്തതോടൊപ്പം പോസ്റ്ററുകളും ഇവർ പതിപ്പിച്ച ശേഷമാണ് ടൗണിൽ നിന്നും ഇവർ മടങ്ങിയത്. ഇത് മാവോയിസ്റ് സാന്നിധ്യം വർധിച്ചതിനെ സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
രാവിലെ ആറ് മണിയോടെ സംഘം സ്ഥലത്തെത്തി പോസ്റ്ററുകൾ പതിക്കുകയും പ്രകടനം നടത്തുകയും ചെയ്ത സംഘത്തിന്റെ കയ്യിൽ തോക്കുകളുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ മാവോയിസ്റ്റുകൾ ലഘുലേഖ കൈമാറുന്നതിന്റെ ദൃശ്യങ്ങളും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ടൗണിലെ ബസ് ജീവനക്കാർക്കാണ് ഇവർ ലഘുലേഖ കൈമാറിയത്. ഇവരുടെ സംഘത്തിൽ മലയാളം സംസാരിക്കുന്നവരുമുണ്ടെന്നാണ് സൂചന ലഭിക്കുന്നത്.
കാട്ടിയൂർ വന്യജീവി സങ്കേതം വഴി എത്തിയ സംഘം തിരിച്ച് ആ വഴി തന്നെ മടങ്ങുകയും ചെയ്തു. സംഘത്തിലെ മൂന്നു പേരുടെ കൈകളിലാണ് തോക്കുണ്ടെന്ന സൂചനയുള്ളത്. അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും തുടങ്ങിയുള്ള ആഹ്വാനങ്ങളാണ് മാവോയിസ്റ്റുകൾ പതിച്ചിരിക്കുന്ന പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കൊട്ടിയൂർ വന്യജീവി സങ്കേതം വഴി എത്തിയെ സംഘത്തെ കുറിച്ച് പ്രദേശത്ത് വലിയ രീതിയിൽ അന്വേഷണം ഉണ്ടാകും. മുമ്പും അമ്പായത്തോട് ഭാഗത്ത് സായുധ മാവോയിസ്റ്റ് സംഘം എത്തുകയും പ്രകടനം നടത്തുകയും ചെയ്തതിനെ തുടർന്ന് പൊലീസ് ഈ ഭാഗത്ത് വലിയ തിരച്ചിൽ നടത്തിയിരുന്നു. ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകൾക്ക് അധികാരം ഉറപ്പിക്കാൻ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷൻ സമാധാൻ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററിൽ പറയുന്നു.
കൂടത്തിയതെ ജനുവരി 31 ന് നടത്താനിരിക്കുന്ന സമാധാൻ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. വയനാട്ടിലെ തോട്ടങ്ങളിലും ആദിവാസി മേഖലകളിലും മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമായി വരികയാണ്. വന പ്രദേശങ്ങളിൽ ജീവിച്ചുകൊണ്ട് പ്രശ്‌നപരിഹാരത്തിനായി ഇടപെടുകയാണ് മാവോയിസ്റ്റുകളെന്ന് മുൻപ് റിപ്പോർട്ട് വന്നിരുന്നു. സിപിഐ മാവോയിസ്റ്റ് നാടുകാണി,കബിനീദളം എന്നീ വിഭാഗങ്ങളാണ് വനമേഖലയിൽ ഉള്ളെതെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ നീക്കം പൊലീസ് അതിശക്തമായി നിരീകിഷിക്കുന്നുണ്ട്.
മുമ്പൊന്നും കാണാത്ത രീതിയിൽ വയനാടൻ വനമേഖലയോട് ചേർന്ന് മാവോയിസ്റ്റുകൾ വർധിക്കാൻ കാരണം മാവോയിസ്റ്റുകളെ വെടി വച്ച് കൊന്നതിൽ പകരം വീട്ടാനാണെന്നും സൂചനകളുണ്ട്. നക്‌സലൈറ്റ് നേതാവ് എ.വർഗ്ഗീസിന്റെ ചരമ ദിനമാണ് ഫെബ്രുവരി പതിനെട്ടിന്. വയനാടൻ കാടുകളിൽ മാവോയിസ്റ്റുകൾ ഈ സമയത്ത് പതിവായി തമ്പടിക്കാറുണ്ട്. ഇവരിൽ നിന്നും വലിയൊരു തിരിച്ചടി ഏതു നിമിഷവും പ്രതീക്ഷിക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തതിനാൽ ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ ഇപ്പോഴും അതീവ ജാഗ്രതയിലാണ്.
എന്തും നേരിടാനുള്ള തയാറെടുപ്പോടെയാണ് തണ്ടർബോൾട്ട് അടക്കമുള്ള സേന മുന്കരുതലുക്കില് എടുത്തിരിക്കുന്നത്.വയനാട്ടിൽ മേപ്പാടിക്കടുത്ത അട്ടമലയിൽ ബംഗളൂരു സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ വില്ല കഴിഞ്ഞ ചൊവ്വാഴ്ച മാവോയിസ്റ്റുകൾ അടിച്ച് തകർക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. ആദിവാസികളെ റിസോർട്ടിൽ എത്തുന്നവർക്ക് കാഴ്ചവയ്ക്കുകായും ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന റിസോർട്ട് നടത്തിപ്പുകാരെ നേരിടുമെന്നും ആ പോസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു.
മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട എടറാട്ടുകുണ്ട് ആദിവാസി കോളനിയിൽ മാവോവാദി സാന്നിധ്യം ഉള്ളതായി ആദിവാസികൾ തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവിടെ എത്തുന്ന മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ച് അരിയും സാധനങ്ങളും വാങ്ങിയാണ് തിരിച്ച് പോകാരെന്നും മാവോയിസ്റ്റുകളെക്കൊണ്ട് തങ്ങൾക്ക് ശല്യമൊന്നും ഉണ്ടായിട്ടില്ലെന്നും ആദിവാസികൾ വ്യക്തമാക്കുന്നു.