ഇന്ത്യയുടെ വിഭജനവും തുടർന്നുണ്ടാകുന്ന കലാപങ്ങളുമാണ് പശ്ചാത്തലം.
ചുവന്നു തുടുത്ത കണ്ണുകൾ. ശരീരമാകെ രക്തക്കറ. മുഖത്ത് പ്രതികാരത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന കോപം. എന്നാൽ പെട്ടെന്ന് തന്നെ ഒരുതരം കുറ്റബോധത്തിന്റെ വേദനയും തെളിയുന്നു. കയ്യിൽ മുറുക്കെ പിടിച്ച ഒരു കത്തിയുണ്ട്. അതിലാകെ രക്തക്കറയാണ്.
അദ്ദേഹം മഹാത്മാഗാന്ധിയെ കാണുവാനായി എത്തിയതാണ്. ഗാന്ധിയെ കണ്ടയുടൻ തന്നെ അയാൾ അരിശത്തോടെ പറഞ്ഞു," എന്റെ മകളെ പിച്ചിച്ചീന്തിയ ആ വൃത്തികെട്ട മുസൽമാനെ ഞാൻ വെട്ടിക്കൊന്നു. എന്നിട്ടും എനിക്ക് മതിയായില്ല. നിരപരാധികളായ ഒരുപാട് മുസ്ലിങ്ങളെ ഞാൻ കൊന്നു." അടുത്ത കാര്യം പറയുന്നതിന് മുന്നേ അയാളുടെ ഭാവം മാറിത്തുടങ്ങിയിരുന്നു.
കുറ്റബോധത്തിന്റെ വേദന അയാളുടെ മുഖത്ത് തെളിഞ്ഞു തുടങ്ങി. അയാൾ പറഞ്ഞു " ഞാൻ ഒരു പിഞ്ചു ബാലികയെയും വെട്ടിക്കൊന്നു. അവൾ ഒരു മുസ്ലിം ആയിരുന്നു.." ഇത് പറഞ്ഞു അവസാനിക്കുമ്പോൾ ചുവന്ന് തുടുത്ത അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാം കേട്ടിരുന്ന മഹാത്മാവ് അയാളോട് ഇപ്രകാരം പറഞ്ഞു " താങ്കൾ അനാഥയായ ഒരു മുസ്ലിം പെൺകുട്ടിയെ കണ്ടുപിടിക്കണം.
അവളെ സ്വന്തം മകളായി പ്രഖ്യാപിക്കണം. അവളെ നല്ലതു പോലെ പഠിപ്പിക്കണം. പോകു, സമയം പാഴാക്കരുത്. കണ്ടെത്തുക നിങ്ങളുടെ മകളെ". വിങ്ങിപൊട്ടിക്കൊണ്ടു അയാൾ ഗാന്ധിയുടെ കാൽക്കൽ വീണുകൊണ്ട് പറഞ്ഞു" അങ്ങേക്ക് ഇനിയെങ്കിലും ഈ നിരാഹാരം അവസാനിപ്പിച്ച് കൂടെ ". മൗനമായിരുന്നു ഗാന്ധിജിയുടെ മറുപടി.
കാക്കന്മാർ ഹിന്ദു പെണ്മക്കളെ തട്ടിക്കൊണ്ടു പോകുമോ എന്ന് പേടിച്ച് കുറിയിട്ടു നടക്കുന്നവരും മത നിന്ദയെന്നു ആരോപിച്ച് അക്ഷരം പഠിപ്പിക്കുന്ന അധ്യാപകന്റ കൈപ്പത്തി മുറിച്ച് മാറ്റിയവരും ബോധ്യപ്പെടേണ്ട ഒരു യാഥാർഥ്യമുണ്ട്.
നിങ്ങൾ കാണിച്ച് കൂട്ടുന്ന കൊള്ളരുതായ്‌മയുടെ പാപം പേറി നിരാഹാരം കിടക്കാനൊന്നും ഇക്കാലത്ത് ഒരു നേതാവിനെപ്പോലും കിട്ടില്ല. പകരം ഏമാന്മാരെല്ലാം നിങ്ങളുടെ ചിന്തയിലും മസ്തിഷ്ക്കത്തിലും വിഷം കുത്തി വെച്ച് അധികാര കസേരയിൽ ഇരുന്നു നിങ്ങളെ നോക്കി പല്ലിളിക്കും. കാരണം നിങ്ങളുടെ തല നിറച്ചും കാക്കതീട്ടമാണെന്ന് അവർക്കു നല്ല ബോധ്യമുണ്ട്.