കേരളത്തിൽ നിരവധി പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ടാകും. എന്നാൽ അത് പാതി വഴിയിലായിരിക്കുന്ന അവസ്ഥയാണ്. എങ്ങും എവിടെയും കുടി വെള്ള പ്രശ്നമാണ് നിലനിൽക്കുന്നത്. തൃശൂർ പട്ടിക ജാതി രോഗികളും കുട്ടികളും വൃദ്ധരും വിദ്യാര്‍ഥികളുമടക്കം ആയിരത്തോളം വരുന്ന കോളനിനിവാസികള്‍ കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളം ലഭിക്കാത്ത അവസ്ഥയിലാണ്.
ദൂര സ്ഥലങ്ങളില്‍നിന്നും വെള്ളം ശേഖരിച്ചാണ് പുറത്തിറങ്ങാന്‍ പാടില്ലാത്ത സമയത്തു പോലും ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കുന്നത്. കോളനിയിലെ ഒരു കിണറില്‍നിന്നും കുഴല്‍ കിണറുകളില്‍ നിന്നും പമ്പ്ഹൗസ് വഴി മോട്ടോര്‍ ഉപയോഗിച്ചാണ് ഇത്രയും വീട്ടുകാര്‍ക്കു വെള്ളമെത്തിക്കുന്നത്.
പദ്ധതി ജനോപകാരപ്രദമായ രീതിയില്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ അധികൃതര്‍ തികഞ്ഞ അവഗണനയാണ് കോളനി നിവാസികളോടു കാട്ടിയത്. ഈ കോളനിക്കു വേണ്ടി മാത്രം ആറ് കുടിവെള്ള പദ്ധതി വേണ്ടിവന്നതുമൂലം കോളനി വക സ്ഥലവും ഇതുവഴി നഷ്ടപ്പെട്ടു.
കുടിവെള്ള പദ്ധതി പ്രകാരം ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വാട്ടര്‍ ടാങ്കുകള്‍ പണിമുടക്കിയതുമൂലം 130 പട്ടികജാതി കുടുംബങ്ങളും മറ്റിതര കുടുംബങ്ങളുമടക്കം 200 കുടുംബങ്ങളുടെ ജീവിതം കൊവിഡ്-19ന്റെ കാലഘട്ടത്തില്‍ കൂടുതല്‍ ദുരിതപൂര്‍ണമായി.
ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ആറു കുടിവെള്ള പദ്ധതി പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ കോളനിയില്‍ നടപ്പിലാക്കിയത്.
അധികൃതരുടെ അഴിമതിയും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് കുടിവെള്ള പദ്ധതി പരാജയപ്പെടാൻ കാരണമെന്നാണ് ആരോപണം. വെള്ളം നല്‍കുന്നതിനുവേണ്ടി കോളനിയുടെ എല്ലാ മേഖലയിലും 30 മീറ്റര്‍ അകലത്തില്‍ പൊതു പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍, ഇവയില്‍കൂടി പലപ്പോഴും വെള്ളം ലഭിക്കാറില്ല. പീച്ചിയില്‍ നിന്നു വരുന്ന കുടിവെള്ളത്തിനും ഇതേ അവസ്ഥ തന്നെയാണ്. കുടിവെള്ളത്തിന്റെ കാര്യത്തില്‍ കോളനി സ്വയംപര്യാപ്തത നേടിയെന്ന് പറഞ്ഞ് പീച്ചിയില്‍നിന്നുള്ള വെള്ളവും ഇവിടെ എത്താറില്ല.
പമ്പ് ഹൗസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതും വൈദ്യുതി ചാര്‍ജ് നല്‍കുന്നതും കോര്‍പ്പറേഷനാണ്. അവരുടെ ഭാഗത്തുനിന്നും താമസം നേരിട്ടാല്‍ പലപ്പോഴും അറ്റകുറ്റ പണികള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നതും കോളനിക്കാര്‍ സംഭാവന പിരിച്ചാണ്.