എന്നാൽ വനം വകുപ്പും പോലീസും ചേർന്ന് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. ഇപ്പോഴും അവധിദിവസങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളാണ് പൊന്മുടി കാണാനെത്തുന്നത്. എന്നാൽ ഇവരെയെല്ലാം ആനപ്പാറ ചെക്‌പോസ്റ്റിൽ തടഞ്ഞ് തിരിച്ചയക്കുകയാണ് പതിവ്. ഡിസംബറോടെ സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനമെങ്കിലും വനംവകുപ്പ് ഇപ്പോഴും അനുകൂല നിലപാടിലല്ല. നിലവിൽ രാവിലെ 7.30നും വൈകീട്ട് 5.30നും രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് പൊന്മുടിയിലേയ്ക്ക് വരുന്നത്. ഇതാകട്ടെ തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് വരാനും പോകാനുമുള്ള സൗകര്യത്തിനായാണ്. സന്ദർശകർ നിലച്ചതോടെ പൊന്മുടി വന്യമൃഗങ്ങളുടെ താവളമായി. ഇതോടെ പൊന്മുടിയെ ചുറ്റിപ്പറ്റി വീടുപുലർത്തിയിരുന്ന നൂറുകണക്കിന് കുടുംബങ്ങളും വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. 22 ഹെയർ പിൻ വളവുകൾ കടന്നുവേണം പൊൻമുടിയുടെ നെറുകയിലെത്താൻ. ഈ വഴിയിൽ ഉടനീളം തേയിലത്തോട്ടങ്ങളും കാട്ടരുവികളും ഉൾപ്പെടെ കാഴ്ചകളുടെ ഘോഷയാത്രയാണ്.
ചോലവനങ്ങളും പുൽമേടുകളുമാണ് പൊന്മുടിയുടെ അഴക്.ഈ യാത്രയിൽ ഗോൾഡൻ വാലി,മീൻമുട്ടി വെള്ളച്ചാട്ടം,പെപ്പാര വന്യജീവി സങ്കേതം എന്നിവയും സന്ദർശിക്കാം. പൊന്മുടിയുടെ മുഖച്ഛായ മാറ്റാനായി നിരവധി വികസന പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് നടപ്പാക്കിയിരിക്കുന്നത്. ലോവർ സാനിറ്റോറിയത്തിൽ ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. അപ്പർ സാനിറ്റോറിയത്തിൽ പുതിയ പോലീസ് സ്‌റ്റേഷനും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റർ മാത്രം ദൂരമാണ് ഇവിടേയ്ക്ക്. സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിലാണ് ഈ സുന്ദരഭൂമി നിലകൊള്ളുന്നത്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിൻറെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും നിറഞ്ഞതാണ്. സഞ്ചാരികളെ ആകർഷിക്കുന്നതും ഈ കാലാവസ്ഥ തന്നെയാണ്. സമുദ്രത്തീരത്തു നിന്നും വെറും 60 കിലോമീറ്റർ താണ്ടിയാൽ ഹൈറേഞ്ചിൽ എത്താവുന്ന ലോകത്തെ തന്നെ അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി.