ഫാസ്‌ടാഗ് എവിടെ കിട്ടും? എത്ര രൂപയാണ് വില? എങ്ങനെ റീചാർജ് ചെയ്യാം തുടങ്ങിയ കാര്യങ്ങളാണോ സംശയം. ഇന്ത്യയിലെ ഏത് ദേശീയപാതയിലെയും ടോൾ പ്ലാസ നിങ്ങളുടെ വാഹനം കടക്കുമ്പോഴും ഫാസ്റ്റ്ടാഗ് കോഡ് ടോൾ പ്ലാസയിലെ മെഷീൻ റീഡ് ചെയ്യും. ടോളിൽ ഒടുക്കേണ്ട തുക താനെ ഈ മെഷീൻ റീഡിങ് കുറയ്ക്കുന്നതോടെ ടോൾ പ്ലാസയിലെ ഗേറ്റ് തനിയെ തുറക്കും. പണം ടോൾ ബൂത്തിലെ ജീവനക്കാർക്ക് നൽകി സ്ലിപ് വാങ്ങി പോകുന്ന അത്രയും സമയം ലാഭിക്കാം. നിങ്ങളുടെ കാറിന്റെ വിൻഡ്‌ഷീൽഡിലേക്ക് (മുൻഭാഗത്തെ ഗ്ലാസ്) അകത്ത് നിന്ന് ഘടിപ്പിച്ചിരിക്കുന്ന ഒരു സ്റ്റിക്കറാണ് ഫാസ്റ്റാഗ്. ഇതിൽ നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ വിശദാംശങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ബാർകോഡും ഉണ്ട്. ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ വാഹനം നിർത്തി, ഗ്ലാസ് താഴ്ത്തി, പണം കൊടുത്ത്, സ്ലിപ് വാങ്ങിയുള്ള സാധാരണ നടപടി ക്രമങ്ങൾ അപ്പാടെ ഒഴിവാക്കാം.
വാഹനം നിർത്തുക പോലും വേണ്ട എന്നുള്ളതാണ് ഹൈലൈറ്റ്. വാഹനം നിർത്താതെ തന്നെ പോകാൻ സാധിക്കുന്നു എന്നത് പുറകിൽ വരുന്ന വാഹനങ്ങൾ ടോൾ പ്ലാസയിൽ കത്ത് കിടക്കുന്നത് ഒഴിവാക്കും. പാലിയേക്കര പോലുള്ള കേരളത്തിലെ ടോൾ പ്ലാസകളിൽ മണിക്കൂറുകളാണ് ഇതുമൂലമുണ്ടാകുന്ന ട്രാഫിക് ജാം.ഫാസ്റ്റ്ടാഗ് ഉപയോഗിക്കുന്നതിലൂടെ ഒന്നിലധികം നേട്ടങ്ങളുണ്ട്. ഇതിൽ പ്രധാനം മുൻപേ പറഞ്ഞതുപോലെ സമയലാഭം ആണ്. പണത്തിന്റെ ഉപഭോഗം തീരെ ഇല്ലാതാകുന്നു എന്നതാണ് മറ്റൊരു നേട്ടം. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഴകിയ നോട്ടുകളാണ്, ചില്ലറ ഇല്ലാതിരിക്കുക എന്നുള്ള പ്രശ്നങ്ങളും ഫാസ്റ്റ്ടാഗ് അവലംബിക്കുന്നതോടെ ഒഴിവാക്കാം.
നിലവിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ ഫാസ്റ്റ് ടാഗുകൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ആമസോൺ, പേടിഎം അല്ലെങ്കിൽ എയർടെൽ പേയ്‌മെന്റ് ആപ്പ് എന്നിവയിൽ ഫാസ്റ്റ്ടാഗ് വാങ്ങുക എന്നതാണ് മറ്റൊരു വഴി. ഈ സംവിധാനം ഫാസ്റ്റ്ടാഗുകൾ ഹോം ഡെലിവറി ചെയ്യും. ഇതുകൂടാതെ ഇന്ത്യയിലുടനീളമുള്ള ചില ടോൾ പ്ലാസകളിൽ നിന്നും കയ്യോടെ ഫാസ്റ്റ്ടാഗ് വാങ്ങാനുള്ള സൗകര്യം ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. എയർടെല്ലും പേടിഎമ്മും വിവിധ പ്ലാസകളിൽ തങ്ങളുടെ ബൂത്തുകൾ വിന്യസിച്ചിട്ടുണ്ട്.ഫാസ്റ്റ്ടാഗ് വാങ്ങുന്നത് സുഗമമാക്കാൻ ബാങ്കുകൾ, ഇ-കൊമേഴ്‌സ് ചാനലുകൾ എന്നിവയുൾപ്പെടെ വിവിധ ഏജൻസികളുമായി സർക്കാർ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.