യുഎസ് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റു: വൈസ് പ്രസിഡൻ്റായി കമല ഹാരിസും!വൈസ് പ്രസിഡൻ്റായി ഇന്ത്യൻ വംശജയായ കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്‌തു. വാഷിങ്ടൺ ഡിസിയിൽ സ്ഥിതി ചെയ്യുന്ന യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ് ചടങ്ങുകൾ നടന്നത്. അമേരിക്കയുടെ 46-ാമത് പ്രസിഡൻ്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.സുപ്രീംകോടതി ചീഫ് ജസ്‌റ്റീസ് ജോൺ റോബട്‌സാണ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്. യുഎസിലെ ആദ്യത്തെ ഹിസ്പനിക് സുപ്രീം കോടതി ജസ്‌റ്റിസ് സോണിയ സോട്ടമേയറാണ് കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. 127 വർഷം പഴക്കമുള്ള ബൈബിൾ ആണ് സത്യപ്രതിജ്ഞയ്‌ക്കായി ഉപയോഗിച്ചത്. വൈസ് പ്രസിഡൻ്റാകുന്ന ആദ്യ വനിതയും ഇന്ത്യൻ വംശജയും കറുത്തവർഗക്കാരിയുമാണ് കമല.ഇന്ത്യൻ സമയം പത്ത് മണിയോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു.



 ഭാര്യയ്‌ക്കൊപ്പമാണ് ബൈഡൻ ചടങ്ങിനെത്തിയത്. ഭർത്താവ് ഹാരിസിനൊപ്പമാണ് കമല വേദിയിലെത്തിയത്. അതേസമയം, ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ വൈറ്റ് ഹൗസ് വിട്ടപ്പോൾ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് ചടങ്ങിനെത്തി.വിടവാങ്ങൽ പ്രസംഗത്തിൽ പുതിയ ഭരണകൂടത്തിന് എല്ലാവിധ ആശംസകളും നേരുന്നതായി ട്രംപ് പറഞ്ഞു. ബൈഡൻ്റെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. "നിറഞ്ഞ സന്തോഷത്തോടെയും തൃപ്‌തിയോടെയുമാണ് പടിയിറങ്ങുന്നത്. പുതിയ യുദ്ധങ്ങൾ തുടങ്ങാത്ത പ്രസിഡൻ്റാണ് താൻ എന്നതിൽ അഭിമാനിക്കുന്നു" - എന്നും ട്രംപ് പറഞ്ഞു.സത്യപ്രതിജ്ഞയ്ക്കായി മുൻ പ്രസിഡന്റുമാരയ ബരാക് ഒബാമയും ബിൽ ക്ലിൻ്റണും ക്യാപിറ്റോൾ ഹില്ലിൽ എത്തിയിരുന്നു. ഭാര്യ മിഷേലിനൊപ്പമാണ് ഒബാമ എത്തിയത്.



  കനത്ത സുരക്ഷയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. വാഷിങ്‌ടണിൽ മാത്രം കാൽലക്ഷത്തോളം സൈനികരെയാണ് വിന്യസിച്ചത്. കൊവിഡ്-19 പ്രോട്ടോകോൾ പ്രകാരമാണ് ചടങ്ങുകൾ നടക്കുന്നത്. ഐക്യത്തിന് മുൻതൂക്കം നൽകി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ആദ്യ പ്രസംഗം. താനല്ല ജയിച്ചത്, രാജ്യമാണ് ജയിച്ചത്. ഇത് ജനാധിപത്യത്തിൻ്റെ ദിനമാണ്. ഐക്യത്തോടെ പ്രതിസന്ധികളെ നേരിടുകയും മറികടക്കുകയും ചെയ്യും. വംശീയ വിദ്വഷവും കുടിയേറ്റ വിരുദ്ധതയും പിഴുതെറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയ്‌ക്ക് ഇനിയുമേറെ തിരുത്താനും മുന്നേറാനുമുണ്ട്.



ഇന്നലത്തെ വെല്ലുവിളികളെയല്ല താൻ കാണുന്നത്, നാളെത്തെ കാര്യങ്ങളെയാണ് താൻ വീഷിക്കുന്നത്. യുഎസുമായുള്ള രാജ്യങ്ങളുടെ സഖ്യങ്ങൾ പുഃപരിശോധിക്കും. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം വീണ്ടെടുക്കും. എല്ലാ അമേരിക്കക്കാരന്റെയും പ്രസിഡന്റായിരിക്കും താൻ. അമേരിക്കയെ വിജയകരമായി മുന്നോട്ടു നയിക്കാൻ ഐക്യം എന്ന ഒരേയൊരു പാത മാത്രമേയുള്ളൂ. അമേരിക്ക ഒറ്റക്കെട്ടാണ്. വർണ വിവേചനത്തിന് എതിരെ നിലകൊള്ളുമെന്നും ബൈഡൻ തൻ്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു.

Find out more: