ഖത്തറിലുമെത്തി പുതിയ കൊവിഡ് വൈറസ് ! അറിയേണ്ടതെല്ലാം. യൂറോപ്യൻ രാജ്യങ്ങളിൽ പടർന്നുപിടിച്ച ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് ഖത്തറിൽ എത്തിയതായി ഏറെക്കുറെ ഉറപ്പാണെന്ന് ആരോഗ്യ മന്ത്രാലയം. ഈ സാഹചര്യത്തിൽ രാജ്യം കൂടുതൽ കടുത്ത നിയന്ത്രണത്തിലേക്കു നീങ്ങാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആവശ്യമായി വന്നാൽ ലോക്ക് ഡൗൺ ഉൾപ്പെടെ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കാനാണ് തീരുമാനം. പള്ളികളിലെ നിത്യേനയുള്ള നമസ്‌കാരവും വെള്ളിയാഴ്ച പ്രാർഥനയും തുടരും. അതേസമയം ടോയ്ലറ്റുകളും അംഗശൂചീകരണ സൗകര്യങ്ങളും അടച്ചിട്ടിരിക്കും. സന്ദർശനങ്ങളിലും അനുശോചന യോഗങ്ങളിലും മറ്റ് ഒത്തുചേരലുകളിലും അടച്ചിട്ട സ്ഥലങ്ങളാണെങ്കിൽ അഞ്ചിൽ കൂടുതലും തുറന്ന സ്ഥലങ്ങളാണെങ്കിൽ 15 ൽ കൂടുതൽ ആളുകൾ പാടില്ല. 



ശീതകാല ക്യാമ്പുകളിൽ 15 ൽ കൂടുതൽ ആളുകൾ പാടില്ല. വീട്ടിലോ മജ്ലിസിലോ നടക്കുന്ന വിവാഹങ്ങൾ ഒഴികെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതും തുറന്നതുമായ മറ്റു സ്ഥലങ്ങളിൽ വിവാഹ പാർട്ടികൾ അനുവദനീയമല്ല. വീട്ടിലോ മജ്ലിസിലോ ആണെങ്കിൽ അടച്ചിട്ട സ്ഥലങ്ങളിൽ അടുത്ത ബന്ധുക്കളായ 10 പേരും തുറന്ന സ്ഥലങ്ങളിൽ 20 പേരും മാത്രമേ പാടുള്ളൂ.  അതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടണം. പൊതു പാർക്കുകൾ, ബീച്ചുകൾ, കോർണിഷ് എന്നിവിടങ്ങളിലെ കളിസ്ഥലങ്ങളും കായിക സൗകര്യങ്ങളും അടയ്ക്കും. പരമാവധി 15 പേർ മാത്രമേ കൂടിനിൽക്കാവൂ.



 വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരെ പാടുള്ളൂ. കുടുംബാംഗങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല ബസ്സുകളിൽ സീറ്റുകളുടെ പകുതി ആളുകളെ മാത്രമേ കയറ്റാവൂ. സീറ്റിംഗ് കപ്പാസിറ്റിയുടെ 30% യാത്രക്കാരുമായി മെട്രോ സേവനങ്ങൾ തുടരും. ഡ്രൈവിംഗ് സ്‌കൂളുകളുടെ ശേഷി പരമാവധി 25% ആയി കുറയ്ക്കുക. സിനിമാശാലകളുടെയും തീയറ്ററുകളുടെയും പ്രവർത്തനം 30 ശതമാനം ശേഷിയിൽ തുടരും. 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല. വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സ്വകാര്യ പരിശീലന കേന്ദ്രങ്ങൾ, നഴ്‌സറികളൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശേഷിയുടെ 30% മാത്രമേ പാടുള്ളൂ.  പൊതു മ്യൂസിയങ്ങളിലും ലൈബ്രറികളിലം ശേഷിയുടെ 50% മാത്രം.  പ്രൊഫഷണൽ സ്‌പോർട്‌സ് ടീമുകൾക്കുള്ള പരിശീലനം ഓപ്പൺ സ്‌പേസുകളിൽ പരമാവധി 40 ആളുകൾക്കും അടച്ച സ്ഥലങ്ങളിൽ പരമാവധി 20 പേർക്കും മാത്രം.  


  എക്‌സിബിഷനുകൾ, കോൺഫറൻസുകൾ, വിവിധ പരിപാടികൾ എന്നിവ നടത്താൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടണം.  50 ശതമാനത്തിൽ കവിയാത്ത ശേഷിയിൽ വാണിജ്യ സമുച്ചയങ്ങളുടെ പ്രവർത്തനം തുടരും. വാണിജ്യ സമുച്ചയങ്ങൾക്കുള്ളിലെ എല്ലാ സാധാരണ റെസ്റ്റോറന്റുകളിലും ഡൈനിങ് അവസാനിപ്പിക്കും. പുറത്ത് ഡെലിവറി നൽകാനോ പാർസൽ വാങ്ങി പോകാനോ അനുവദിക്കും. റെസ്റ്റോറന്റുകൾക്കും കഫേകൾക്കും പരമാവധി 15% ശേഷിയിൽ അകത്ത് ഭക്ഷണപാനീയങ്ങൾ നൽകാൻ അനുവദിക്കും. ക്ലീൻ ഖത്തർ പ്രോഗ്രാം ഉള്ള റെസ്റ്റോറന്റുകൾക്ക് ശേഷിയുടെ 30 സതമാനം വരെ അനുവദനിക്കും. എല്ലാ റെസ്റ്റോറന്റുകൾക്കും കഫേകൾക്കും അവരുടെ ഓപൺ സ്‌പേസിൽ ഭക്ഷണവും പാനീയങ്ങളും നൽകാം.

Find out more: