മാളുകളും ബാറുകളും പ്രവർത്തിക്കുമ്പോൾ തീയേറ്ററുകൾ അടച്ചുപൂട്ടുന്ന സമീപനം കേരളത്തിൽ മാത്രമെന്ന് ഫെഫ്ക! സി കാറ്റഗറി ഇടങ്ങളിൽ തീയേറ്ററുകൾ മാത്രം അടച്ചുപൂട്ടുന്നതിൽ പുനരാലോചന വേണമെന്നും ഫെഫ്ക കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ തീയേറ്ററുകൾ അടച്ചിടാനൊരുങ്ങുന്ന തീരുമാനത്തിനെതിരെ ആരോഗ്യ മന്ത്രി വീണാ ജോർജിന് കത്ത് നൽകി സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക.  ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലെ തീയേറ്ററുകൾക്കെതിരെ ഇത്തരത്തിലുള്ള സമീപനമില്ലെന്നും ഫെഫ്ക കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.






   സംസ്ഥാനത്ത് മാളുകളും ബാറുകളും പ്രവർത്തിക്കുമ്പോൾ, അങ്ങേയറ്റം കൊവിഡ് മാനദണ്ഡം ഉറപ്പാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന തീയേറ്ററുകൾ മാത്രം അടച്ചിടാൻ വിദഗ്ധ സമിതി പറയുന്നതിനുള്ള ശാസ്ത്രീയ അടിത്തറ എന്തെന്ന് സിനിമാ മേഖലയ്ക്ക് അറിയണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  ഒരു ഡോസെങ്കിലും വാക്സിനെടുത്തവ‍ർക്കായാണ് പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നതെന്നും എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും തീയേറ്ററുകളിൽ പാലിക്കപ്പെടുന്നുണ്ടെന്നും പഠന റിപ്പോർട്ടുകൾ സഹിതമുള്ള കത്തിൽ ഫെഫ്ക ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്പത് ശതമാനം സീറ്റുകൾ മാത്രമാണ് ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ പ്രേക്ഷകർക്കായുള്ളത്.  അതേസമയം ഓടിടി റിലീസുകൾ സംബന്ധിച്ച സിനിമാലോകത്തെ ചർച്ചകൾ വാർത്താകോളങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. 






  ഇപ്പോഴിതാ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്ക. സംഘടന ഒടിടി ചിത്രങ്ങൾക്ക് എതിരല്ലെന്നും തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അത്തരം ചിത്രങ്ങൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ റജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കാര്യകാരണ സഹിതം ഫെഫ്ക ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വേതനവുമായി ബന്ധപ്പെട്ടു ഒടിടി പ്ലാറ്റ്ഫോമുകൾക്കായി ജോലി ചെയ്യുന്നവരുടെ പരാതികൾ പരിഹരിക്കാൻ ഇത്തരം സംവിധാനം ആവശ്യമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒടിടി റിലീസുകളും സിനിമകളും ഒരുമിച്ചു പോകണം എന്നാണ് ഫെഫ്ക എടുത്തിരിക്കുന്ന നിലപാട്.






 തിയറ്ററുകൾക്കായി എടുത്ത ചിത്രങ്ങൾ തിയറ്ററിലും അല്ലാത്തവ ഒടിടിയിലും പ്രദർശിപ്പിക്കണമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഓടിടി വഴി ചലച്ചിത്ര പ്രവർത്തകർക്കു കൂടുതൽ ജോലി സാധ്യത ലഭിക്കുകയാണെന്നും സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോൾ അവയ്ക്കൊപ്പം മുന്നോട്ടു പോകാനാണു ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെലിവിഷൻ വന്നപ്പോൾ അത് അക്കാലത്ത് സിനിമയെ ബാധിക്കുമെന്ന പറച്ചിലുകൾ വ്യാപകമായിരുന്നു, പക്ഷേ ഇന്ന് അത് രണ്ടും ഒരുമിച്ചു പോകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി.

Find out more: