കർഷകസമരത്തിനു പിന്നാലെ യുവജനപ്രക്ഷോഭവും; 'അഗ്നി' കാരണം കേന്ദ്രം അങ്കലാപ്പിൽ! യുവാക്കൾക്ക് കൂടുതൽ പ്രധാന്യം നൽകുന്നുവെന്ന അവകാശവാദമാണ് ബിജെപി ഉന്നയിക്കുന്നത്. കർഷക സമരത്തിന് പിന്നാലെ ഉത്തരേന്ത്യൻ തെരുവുകളെ ആളിക്കത്തിച്ച് അഗ്നിപഥ് പ്രക്ഷോഭവും കേന്ദ്ര സർക്കാരിന് തലവേദനയാകുകയാണ്.ഗുജറാത്ത്, ഹിമാചൽ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ബിജെപിക്ക് വെല്ലുവിളിയാകുന്നുണ്ട്. വിഷയം കൂടുതൽ വിവാദത്തിലേക്ക് നീങ്ങാതിരിക്കാനുള്ള ശ്രമങ്ങളും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളും വിഷയം ഏറ്റെടുത്തിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ നീക്കം. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മുൻപ് കർഷകരേയും ഇപ്പോൾ സൈനികരേയും സർക്കാർ കടന്നാക്രമിക്കുന്നുവെന്ന പ്രചരണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വടക്കേ ഇന്ത്യയിലെ ബിജെപിയുടെ വോട്ട് ബാങ്ക് തകർക്കുക എന്ന ലക്ഷ്യമാണ് പ്രതിപക്ഷത്തിന്റേത്. പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ പദ്ധതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് സമവായ ശ്രമങ്ങൾ മുന്നോട്ട് വച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. അഗ്നിവീറുകൾക്ക് സേനകളിൽ പത്ത് ശതമാനം സംവരണമാണ് കേന്ദ്ര സർക്കാർ ഏറ്റവുമൊടുവിലായി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സായുധ പോലീസ്, അസം റൈഫിൾസ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങൾക്കാണ് സംവരണം ലഭിക്കുക.
ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്നീവീറുകൾ അപേക്ഷിക്കുമ്പോൾ മൂന്ന് വർഷത്തെ പ്രായപരിധി ഇളവും ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. അതിന് പുറമെ, ഒപ്പം അഗ്നിവീറുകളുടെ ആദ്യ ബാച്ചിന് മാത്രം അഞ്ച് വർഷ പ്രായപരിധി ഇളവ് നൽകുമെന്നും സർക്കാര് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് പുറമെ, പദ്ധതിയേക്കുറിച്ച് ബിജെപിക്കുള്ളിലും എൻഡിഎക്കുള്ളിലും അസ്വസ്ഥത പുകയുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അഗ്നിപഥ് പദ്ധതി അടിയന്തരമായി പിൻവലിക്കണമെന്ന് ഘടകകക്ഷിയായ ജെഡിയു രംഗത്തുവന്നിട്ടുണ്ട്.
ബിഹാറിൽ നിന്നുമാണ് പ്രതിഷേധങ്ങൾ തുടങ്ങിയത്. ബിഹാർ ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. അതിന് പുറമെ, കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരേന്ദർ സിങ്ങും മുഖം കറുപ്പിച്ചാണുള്ളത്. ഇതോടെയാണ് ബിജെപി പരിഹാരമാർഗങ്ങൾ തേടാൻ തുടങ്ങിയത്. റിക്രൂട്മെന്റുകൾ എത്രയും വേഗം ആരംഭിച്ചാൽ വിഷയം ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രം കരുതുന്നത്. മൂന്ന് സേനകൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
Find out more: