ഇനി മാസ്ക് ധരിച്ചില്ലെങ്കിൽ കർശന നടപടി; പോലീസിന് നിർദേശം! മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി. പൊതുഇടങ്ങൾ, ഒത്തുചേരലുകൾ, ജോലി സ്ഥലങ്ങൾ, വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ എന്നിങ്ങനെയുള്ള സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി. കൊവിഡ് കേസുകളിൽ വർധന റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഏപ്രിൽ 27ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ നിർദേശം ആളുകൾ കർശനമായി പാലിക്കുന്നില്ലെന്ന് വ്യക്തമായതോടെയാണ് പരിശോധന വീണ്ടും ശക്തമാക്കുന്നത്. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപയാണ് പിഴയായി ഈടാക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. മാസ്ക് നിർദേശം ലംഘിച്ചാൽ 2005ലെ ദുരന്ത നിവാരണ നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ അനുസരിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2993 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ളത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയരുകയാണ്.
പൊതുയിടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ദുരന്ത നിവാരണ വകുപ്പ് പ്രകാരം പിഴ ഈടക്കാൻ ഡിജിപി ജില്ല പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഇതു സംബന്ധിച്ച് പരിശോധന കർശനമാക്കാനും സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് സർക്കാർ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നത്. ഇന്നലെ ജൂൺ 27 തിങ്കളാഴ്ച 3,000ത്തിനോട് അടുത്ത് കോവിഡ് കേസുകളും 12 മരണവുമായിരുന്നു കേരളത്തിൽ രേഖപ്പെടുത്തിയിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.33 ശതമാനമായി.
കഴിഞ്ഞ 133 ദിവസങ്ങൾക്കിടെ സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ടിപിആർ നിരക്കാണിത്. നേരത്തെ 500 രൂപയായിരുന്നു മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കിയിരുന്നത്. ഏപ്രിലിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് വ്യാപകമായ മാറ്റങ്ങളും ഇളവുകളും ആരോഗ്യ വകുപ്പും സർക്കാരും വരുത്തിയിരുന്നു. പ്രതിദിനം കോവിഡ് കണക്കുകൾ പുറത്ത് വിടുന്നത് ആരോഗ്യ വകുപ്പ് നിർത്തലാക്കിയിരുന്നു. അതോടൊപ്പം മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല എന്ന് സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു.
Find out more: