മനീഷ് സിസോദിയ രാജ്യം വിടുന്നത് വിലക്കി സിബിഐ! വിവാദമായ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. കോൺഗ്രസ് സർക്കാരിനെതിരായ അഴിമതിക്കേസുകളും കെടുകാര്യസ്ഥതയും ഉയർത്തിക്കാട്ടി അധികാരത്തിലേറിയ ആം ആദ്മി പാർട്ടിയുടെ ഒരു നേതാവ് ഇതാദ്യമായാണ് ഇത്രയും വലിയ അഴിമതിക്കേസിൽ പ്രതിയാകുന്നത്. മദ്യശാല ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോപണം നേരിടുന്ന ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ രാജ്യം വിടുന്നത് വിലക്കി സിബിഐ. സിസോദിയയ്ക്കു പുറമെ മുൻ എക്സൈസ് കമ്മീഷണർ ആർവ ഗോപി കൃഷ്ണ, മുൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആനന്ദ് തിവാരി, മലയാളിയും ഒൺലി മച്ച് ലൗഡർ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി സിഇഓയുമായ വിജയ് നായർ, പെർനോഡ് റിക്കാഡ് മുൻ ജീവനക്കാരൻ മനോജ് റായ്, ബ്രിൻഡ്കോ സെയ്ൽസ് ഡയറക്ടർ അമൻദീപ് ധാൽ, ഇൻഡോസ്പിരിറ്റ് ഗ്രൂപ്പ് എംഡി സമീർ മഹേന്ദ്രു എന്നിവരുടെയും പേരുകൾ സിബിഐയുടെ പ്രഥമവിവര റിപ്പോർട്ടിലുണ്ട്.
വിവാദത്തെത്തുടർന്ന് പിൻവലിക്കേണ്ടി വന്ന ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയ്ക്കെതിരെ സിബിഐ രാഷ്ട്രീയ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിൻ്റെ പ്രവർത്തനനേട്ടങ്ങളും ഇതു സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകളുമാണ് എഎപി ആയുധമാക്കുന്നത്. ഇതിനിടയിലാണ് സിസോദിയ രാജ്യം വിടുന്നതു വിലക്കി സിബിഐയുടെ നീക്കം. ക്രിമിനൽ ഗൂഢാലോചനയ്ക്കു പുറമെ തെറ്റായ കണക്കുകൾ കാണിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസും പ്രതികൾക്കെതിരെയുണ്ട്. ഇതിനു പുറമെയാണ് അഴിമതി വിരുദ്ധ വകുപ്പുകളും ചുമത്തിയിരിക്കുന്നത്. എന്നാൽ ഈ നടപടികളിൽ പൊരുത്തക്കേടുകളുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേന ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
വിഷയത്തിൽ അദ്ദേഹം സിബിഐ അന്വേഷണത്തിനും ശുപാർശ ചെയ്തു. ലൈസൻസുകൾ അനുവദിച്ചതിലടക്കം പല നടപടികളിലും വീഴ്ച വന്നിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ കൊവിഡ് സാഹചര്യത്തിൽ ലൈസൻസ് ഫീസിൽ 144.36 കോടി രൂപ ഇളവ് നൽകിയതിന് ലഫ്റ്റനൻ്റ് ഗവര‍്ണറുടെ അനുമതി തേടിയിട്ടില്ല. ഇത് 2010ലെ ഡൽഹി എക്സൈസ് നിയമത്തിന് വിരുദ്ധമാണ്. ഇറക്കുമതി ചെയ്യുന്ന ബിയറിന് 50 രൂപ തീരുവ ഇളവ് നൽകിയത് സർക്കാരിന് വലിയ നഷ്ടം വരുത്തിയെന്നും റിപ്പോർട്ടൽ പറയുന്നു. ഇതോടയാണ് ഡൽഹി പോലീസ് അന്വേഷണം തുടങ്ങിയത്. സർക്കാരിൻ്റെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് നവംബർ 2021ൽ ഡൽഹി സർക്കാർ പുതിയ മദ്യനയം കൊണ്ടുവന്നത്. മദ്യവിൽപന രംഗത്തു നിന്ന് സർക്കാർ പിന്മാറാനും മദ്യത്തിൻ്റെ വില നിശ്ചയിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ വിൽപനക്കാർക്ക് വിട്ടുകൊടുക്കാനുമായിരുന്നു പദ്ധതി.
ഇതോടൊപ്പം മദ്യമാഫിയയുടെ പ്രവർത്തനം ദുർബലപ്പെടുത്താനും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പുതിയ നയപ്രകാരം ഡൽഹിയെ 32 സോണുകളായി തിരിച്ച് ഓരോ സോണിലും 27 മദ്യ വെണ്ടർമാർക്ക് ലൈസൻസ് നൽകുകയും ചെയ്തു. മദ്യത്തിൻ്റെ എംആർപി കണക്കിലെടുക്കാതെ ഡിസ്കൗണ്ട് അനുവദിക്കാനും ഉത്പന്നങ്ങളുടെ വില സ്വന്തമായി നിശ്ചയിക്കാനും വെണ്ടർമാർക്ക് അനുവാദമുണ്ടായിരുന്നു. പുലർച്ചെ മൂന്ന് മണി വരെ തുറക്കുന്ന മദ്യഷോപ്പുകൾക്ക് വീടുകളിൽ ഡെലിവറി നടത്തുകയുമാകാം. മദ്യ ലൈസൻസ് അനുവദിച്ചതിൽ ചിലർക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും വിപണിയിൽ കുത്തകയുണ്ടാക്കാൻ ശ്രമം നടന്നെന്നും ചീഫ് സെക്രട്ടറി അന്വേഷണസംഘത്തിന് മൊഴി നൽകി. ഇതിനു പിന്നാലെയാണ് സിബിഐ ഉപമുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടപടി കടുപ്പിച്ചത്.
Find out more: