പോലീസിന്റെ മൂന്നാം മുറ; പോലീസ് എന്നു കേൾക്കുന്നതേ വെറുപ്പ്; ഔദ്യോഗിക പേജിൽ വാൻ പ്രതിഷേധം!  കിളികൊല്ലൂർ സ്റ്റേഷൻ മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ ന്യായീകരണ ശ്രമങ്ങളുമായി പോലീസ് രംഗത്തുണ്ടെങ്കിലും കേരള പോലീസിൻ്റെ ഔദ്യോഗിക പേജിലടക്കം കമൻ്റ് ബോക്സുകളിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും ഇത് കണ്ണിൽ പൊടിയിടാനുള്ള നടപടി മാത്രമാണെന്നാണ് ആരോപണം. കേരള പോലീസ് പ്രതിക്കൂട്ടിലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനവും പ്രതിഷേധവും ഉയരുന്നുണ്ട്. നിലവിൽ 18 ലക്ഷം പേർ പിന്തുടരുന്ന പേജിൻ്റെ ഉടമകളായ കേരള പോലീസ് ലോകത്തു തന്നെ ഏറ്റവുമധികം ഫോളോവേഴ്സുള്ള പോലീസ് സേനകളിലൊന്നാണ്. വൃദ്ധനെ റോഡ് ക്രോസ് ചെയ്യാൻ സഹായിക്കുന്ന പോലീസ്, സ്കൂൾ കുട്ടിയ്ക്ക് സൈക്കിൾ വാങ്ങി നൽകുന്ന എസ്ഐ എന്നിങ്ങനെ പോലീസിൻ്റെ ജനപ്രിയ മുഖമായിരുന്നു ഫേസ്ബുക്ക് പേജിൽ.





   കൂടാതെ ദിവസേനയെന്നോണം മീമുകളും പ്രത്യക്ഷപ്പെട്ടു. ഇതിനായി പ്രത്യേകം ടീമുമുണ്ട്. ചുരുക്കം ചില ട്രോൾ പോസ്റ്റുകൾ വിവാദങ്ങളെ തുടർന്ന് പോലീസിന് പിൻവലിക്കേണ്ടി വരികയും ചെയ്തിരുന്നു. ട്രോൾ പോസ്റ്റുകൾക്ക് താഴെ നാട്ടുകാരുടെ കമൻ്റുകൾക്ക് മറുപടി നൽകുന്ന 'പോലീസ് മാമനെ' ജനങ്ങൾക്കും ബോധിച്ചു. എന്നാൽ ലോക്കപ്പ് മർദ്ദനം ഉൾപ്പെടെ പോലീസ് പ്രതിക്കൂട്ടിലാകുന്ന ഒരു സാഹചര്യത്തിലും കമൻ്റുകൾക്ക് മറുപടി വന്നിട്ടില്ല. "കമൻ്റ് ഇടുന്നവർക്ക് ട്രോൾ ഇട്ട് റിപ്ലേ കൊടുക്കുന്ന ഒരു മാമൻ ഉണ്ടായിരുന്നല്ലോ. പുള്ളി ഇപ്പോ ലീവിൽ ആണോ സാറുമ്മാരേ?" എന്നായിരുന്നു ഒരാളുടെ കമൻ്റ്. "അദ്ദേഹം മാങ്ങ കക്കാൻ പോയതാകും" എന്നാണ് മറ്റൊരാളുടെ മറുപടി. പോലീസിനു കൂടുതൽ ജനസൗഹൃദമുഖം നൽകാനും ഔദ്യോഗിക നിർദേശങ്ങൾ എളുപ്പത്തിൽ ജനങ്ങളിലേയ്ക്ക് എത്തിക്കാനുമായി ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന കാലത്താണ് കേരള പോലീസ് ഫേസ്ബുക്ക് വഴി സജീവമായത്.





   "ഒരു സൈനികനെയും സഹോദരങ്ങളെയും കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച് അവശനാക്കിയിട്ടു നന്മമരങ്ങൾ ചമയുന്ന കേരള പോലീസ്" എന്നായിരുന്നു ഒരാളുടെ കമൻ്റ്. ലഹരി വിരുദ്ധ ക്യാംപയിനായ 'യോദ്ധാവി'നെപ്പറ്റിയുള്ള പോസ്റ്റിനു താഴെയായിരുന്നു വിമർശനം. ഒക്ടോബർ 21 പോലീസ് സ്മൃതിദിനം സംബന്ധിച്ച് പേജിൽ വന്ന വീഡിയോയ്ക്ക് താഴെയുമുണ്ട് വിമർശനങ്ങളുടെ പെരുമഴ. "ഇത്രയും നെഗറ്റീവ് കമൻ്റ് നിങ്ങളുടെ പേജിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. നിങ്ങളുടെ പ്രവൃത്തികൾ നിങ്ങൾ തന്നെ ഒന്നു വിലയിരൂത്തൂ. ജനങ്ങൾക്കു മുന്നിൽ ഒരു സേനയും പിടിച്ചു നിന്നിട്ടില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കൂ. എന്നിട്ടു പ്രവർത്തിക്കൂ. നല്ലരായ പോലീസുകാരുടെ മനോവീര്യം നിങ്ങൾ തന്നെ ഇല്ലാതാക്കില്ലേ? സൈനികന് അഭിവാദ്യങ്ങൾ" എന്നാണ് മറ്റൊരാളുടെ മറുപടി.






  "ആദ്യം കിളികൊല്ലൂർ ഉള്ള ആ പയ്യന്മാർക്കു നീതി നൽകൂ. എന്നിട്ട് ഇതൊക്കെ ആചരിക്കാം. ഹെൽമറ്റ് ഇടാതെ പോയവനെ പോലും എറിഞ്ഞിട്ടു ഹീറോയിസം കാണിക്കാറുണ്ടല്ലോ. അതേപോലെ ഇതിലും കാണിക്കൂ." മറ്റൊരാൾ കുറിച്ചു."ലോക്കപ്പ് മർദ്ദനത്തിൽ മരിച്ചവർക്കും വികലാംഗർ ആയവർക്കും വേണ്ടി കൂടി ഒരെണ്ണം നിങ്ങൾ തന്നെ ഉണ്ടാക്കി വാർഷികം ആചരിക്കൂ. അവർക്കും ഉണ്ട് കുടുംബം" എന്നായിരുന്നു പോസ്റ്റിനോട് ഒരാൾ പ്രതികരിച്ചത്. പോലീസ് എന്നു കേട്ടാൽ ആദ്യമൊക്കെ ബഹുമാനമുണ്ടായിരുന്നു, ഇപ്പോൾ വെറുപ്പാണ് എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. "രാജ്യത്തിനു വേണ്ടി, രാജ്യത്തെ ജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന സൈനികനെ ആക്രമിച്ച ക്രിമിനലുകളെ ആദ്യം പിരിച്ചുവിട്. എന്നിട്ട് വെളുപ്പിക്കാം." എന്ന് മറ്റൊരാൾ കമൻ്റ് ചെയ്തു. കേരളത്തിലെ മനുഷ്യർ ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്ന സർക്കാർ സംവിധാനമായി കേരള പോലീസ് മാറി.







   "ജനമൈത്രിയിൽ നിന്ന് ജനദ്രോഹ പോലീസായി പരിണാമം സംഭവിച്ച കേരള പോലീസ്" എന്നും അഭിപ്രായം ഉയർന്നു.കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രണാമം എന്നു പറഞ്ഞുകൊണ്ടായിരുന്നു പോലീസിൻ്റെ പോസ്റ്റ്. അതേസമയം, സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ്റെ ശബ്ദസന്ദേശം അടക്കം പുറത്തു വിട്ട് മുഖം രക്ഷിക്കാനുള്ള നീക്കവുമായി പോലീസും സജീവമാണ്. സംഭവം സംസ്ഥാനതലത്തിൽ വിവാദമാകുമ്പോഴും മന്ത്രിമാർ അടക്കമുള്ള സിപിഎം നേതാക്കൾ വിഷയം വഴി തിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.കൊല്ലം കിളികൊല്ലൂരിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഡിവൈഎഫ്ഐ പ്രവർത്തകനും സഹോദരനായ സൈനികനും പോലീസ് മർദ്ദനം ഏറ്റതാണ് വിവാദമായത്. സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ ആദ്യം മർദ്ദിച്ചത് സൈനികനാണെന്ന് പോലീസ് വാദിച്ചെങ്കിലും ഇത് നുണയാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു.

Find out more: