വിഷ്ണുപ്രിയ കൊലപാതകം; തന്നെ തള്ളിപ്പറഞ്ഞതോടെ കൊലയ്ക്ക് പദ്ധതിയിട്ടെന്ന് ശ്യാംജിത്ത്! കഴിഞ്ഞ മാസം 28നാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് യുവാവ് പറയുന്നത്. വിഷ്ണുപ്രിയ പൊന്നാനിക്കാരനായ സുഹൃത്തിൻറെ കൂടെ ബൈക്കിൽ പോകുന്നത് താൻ കണ്ടിരുന്നെന്നും തുടർന്ന് കോഴിക്കോട് വരെ പിന്തുടർന്നുവെന്നുമാണ് ശ്യാംജിത്ത് പോലീസിനോട് വെളിപ്പെടുത്തിയത്. അന്ന് നടന്ന തർക്കത്തിനൊടുവിലാണ് താൻ കൊലപാതക പദ്ധതി തയ്യാറാക്കിയതെന്നാണ് ഇയാൾ പറയുന്നത്. വിഷ്ണുപ്രിയ ഇയാളുമായി സോഷ്യൽമീഡിയയിലൂടെയാണ് അടുപ്പത്തിലായതെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം കേസിൽ വിഷ്ണുപ്രിയയുടെ സുഹൃത്തിനെ പോലീസ് സാക്ഷിയാക്കും. ഇയാളുടെ മൊഴി രേഖപ്പെടുത്താനാണ് നീക്കം. കോഴിക്കോടുവെച്ച് മൂന്നുപേരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. സംസാരം ഒടുവിൽ വാക്കേറ്റത്തിലാണ് അവസാനിച്ചത്.





  വിഷ്ണുപ്രിയ തന്നെ തള്ളിപ്പറഞ്ഞുവെന്നും ഇതോടെയാണ് കൊലപ്പെടുത്താൻ പദ്ധതി ഇടുന്നതെന്നുമാണ് പ്രതി പറയുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട്. ആദ്യം പദ്ധതിയിട്ടത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊല്ലാനാണെന്നും ഇദ്ദേഹം പറയുന്നു. വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ ഫോട്ടോഗ്രാഫറുമായി പരിചയത്തിലായത് വയനാട്ടിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെ കൂടുതൽ അടുക്കുകയായിരുന്നു. ഇയാളുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് ശ്യാംജിത്ത് വള്ള്യായിലെ വീട്ടീലെത്തി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. കേസിൽ ഇയാൾ പ്രധാന സാക്ഷിയാകുമെന്നാണ് റിപ്പോർട്ട്. ഇയാളുടെ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.





  യുവതിയുടെ പുറകിലൂടെ പിൻവശത്തൂടെ ഗ്രിൽസ് തുറന്ന് എത്തിയ ശ്യാംജിത്ത് നിൽക്കുന്നത് പൊന്നാനി സ്വദേശിയായ യുവാവ് വീഡിയോയിലൂടെ തന്നെ കണ്ടിരുന്നു. വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് തിരിഞ്ഞുനോക്കിയ യുവതി ഇയാൾ അപ്രതീക്ഷിതമായി എത്തിയതിൻറെ ഞെട്ടലിൽ ശ്യാംജിത്തെന്ന് വിളിച്ചു പോവുകയും ചെയ്തു. അപ്പോഴേക്കും തലയക്ക് ചുറ്റിക കൊണ്ടു അടിവീണിരുന്നു. ഇതോടെ ഫോൺ കൈയ്യിൽ നിന്നും തെറിച്ചു പോവുകയും വീഡിയോ കട്ടാവുകയുമായിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് പൊന്നാനി സ്വദേശിയായ സുഹൃത്തുമായി വീഡിയോ കോൾ വഴി സംസാരിക്കുകയായിരുന്നു വിഷ്ണുപ്രിയ. വിഷ്ണുപ്രിയയോട് സംസാരിച്ച പരിചയത്തിൽ നിന്ന് വീടും പരിസരവും ശ്യാംജിത്തിന് വ്യക്തമായി അറിയാമായിരുന്നു.





  മൊബൈൽ ഫോൺ എടുക്കാതെയാണ് ഇയാൾ കൃത്യം നടത്താൻ എത്തിയത്. സംഭവത്തിനുശേഷം നാടുവിടുകയോ പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ ആത്മഹത്യ ചെയ്യുകയോ ആയിരുന്നു ഉദ്ദേശ്യമെന്ന് ശ്യാംജിത്ത് പോലീസിനോട് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുന്നതിനുമുള്ള എല്ലാ ഒരുക്കവും നടത്തിയാണ് ശ്യാംജിത്ത് എത്തിയത്. ക്രൂരമായ കൊലപാതക കൃത്യം നടത്തിയ ശ്യാംജിത്ത് പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്‌കും സോക്‌സും ഷൂസും അടക്കമുള്ളവ തൻറെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. 





  കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽവച്ചതിനു ശേഷം ഒന്നും സംഭവിക്കാത്തതു പോലെ ഇടവഴിയിലൂടെ നടന്നു പോയി. മെയിൻ റോഡിൽ വെച്ച്‌ തൻറെ ബൈക്കിൽ കയറി മാനന്തേരിയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. കൊല്ലാനുപയോഗിച്ച ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത തലമുടിയും വെച്ചിരുന്നു. അഥവാപിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പോലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ഇങ്ങനെ ചെയ്തത്.

Find out more: