ഗ്രീഷ്മ ഐസിയുവിൽ; ഷായത്തിൽ കലർത്തിയ കീടനാശിനിയുടെ അളവെത്ര? ഷാരോൺ രാജ് വധക്കേസിൽ പിടിയിലായതിനു പിന്നാലെ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. തൊണ്ടയിലെ ചർമത്തിലും അന്നനാളത്തിലും ചെറിയ മുറിവുണ്ട്. വ്യാഴാഴ്ചത്തെ പരിശോധനകൾക്കു ശേഷമാകും ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളുമായി നീങ്ങുകയാണ് അന്വേഷണ സംഘം. ആത്മഹത്യാശ്രമത്തോടെ ഗ്രീഷ്മയെ എത്തിച്ചുള്ള തെളിവെടുപ്പ് അടക്കം നീളുകയാണ്. ഷാരോൺ കൊലക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും തെളിവെടുപ്പ് നടപടികൾക്കുശേഷം ജയിലിലേക്ക് മാറ്റി.




സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. നിർമൽ കുമാർ നെയ്യാറ്റിൻകര സബ് ജയിലിലും. തെളിവുകൾ നശിപ്പിച്ചതിനാണ് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്.  നിർമലുമായി രാമവർമ്മൻചിറയിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവായ വിഷക്കുപ്പി കണ്ടെത്തിയിരുന്നു. രാമവർമ്മൻചിറയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തെ കുളത്തിന് അടുത്തുനിന്നാണ് കാപിക്വ് എന്ന കീടനാശിനിയുടെ കുപ്പി കണ്ടെത്തിയത്. കീടനാശിനി കഷായത്തിൽ കലർത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും. ഇതിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ ഇരുവർക്കും പങ്കുണ്ടോയെന്നാണ് പരിശോധിക്കുക.





ഗ്രീഷ്മ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഗ്രീഷ്മയുടെ പിതാവിനും ബന്ധുവായ യുവതിക്കും കൊലപാതകത്തിൽ പങ്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഇരുവരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഗ്രീഷ്മയെ വീട്ടിൽ എത്തിച്ചുള്ള തെളിവെടുപ്പ് ഡിസ്ചാർജ് ചെയ്യുന്നതോടെ ഉടൻ നടക്കും. കഷായത്തിൽ വിഷം കലർത്തിയ രീതി, കലക്കാൻ ഉപയോഗിച്ച സാധനങ്ങൾ എന്നിവയാണ് ഗ്രീഷ്മയുമായുള്ള തെളിവെടുപ്പിൽ അന്വേഷണം സംഘം കണ്ടെത്തുക. ഇതോടൊപ്പം ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കീടനാശിനിയുടെ അളവും കണ്ടെത്തണം. 





100 മില്ലി കഷായത്തിൽ കീടനാശിനിയായ കാപിക്യൂ കലർത്തിയെന്നാണ് ഗ്രീഷമയുടെ മൊഴി. കീടനാശിനിയുടെ അളവ് വിചാരണാ വേളയിൽ നിർണായകമാകുന്ന സാഹചര്യത്തിലാണ് പഴുതടച്ച അന്വേഷണത്തിനു ക്രൈം ബ്രാഞ്ച് സംഘം തയ്യാറെടുക്കുന്നത്. കൊല്ലപ്പെട്ട ഷാരോണിൻ്റെ കുടുംബത്തെ മന്ത്രി ആൻ്റണി രാജു സന്ദർശിച്ചു. ബുധനാഴ്ച രാവിലെ 11.30 നാണ് പാറശാല മുര്യങ്കരയിലെ വീട്ടിൽ എത്തി മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണം നേരായ ദിശയിലാണെന്ന് മന്ത്രി പ്രതികരിച്ചു. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുകയാണ് അന്വേഷണ സംഘം ചെയ്യേണ്ടത്. ലോക്കൽ പോലീസിനു പിഴവ് പിഴവുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. സി കെ ഹരീന്ദ്രൻ എംഎൽഎ ഉൾപ്പെടെ ഉള്ളവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Find out more: