വിനോദയാത്രയ്ക്ക് അമിത നിരക്ക് ഏർപ്പെടുത്തി കെഎസ്ആർടിസി! കൂടുതൽ സൗകര്യങ്ങളും മികച്ച സീറ്റുകളുമുള്ള സ്വകാര്യ ബസുകളെ അപേക്ഷിച്ച് യാതൊരു സൗകര്യവുമില്ലാത്ത കെഎസ്ആർടിസി ബസുകൾ അധിക നിരക്കാണ് ഈടാക്കുന്നതെന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കുന്നത്. നിലവിലുള്ള റൂട്ടുകളിൽ സർവീസ് നടത്താൻ ആവശ്യത്തിന് ബസുകൾ കെഎസ്ആർടിസിയ്ക്ക് ഇല്ലെന്ന് ഗതാഗതമന്ത്രി തന്നെ സമ്മതിക്കുന്നതിനിടയിലാണ് ടൂറിസ്റ്റ് മേഖലയിലേയ്ക്ക് കെഎസ്ആർടിസിയുടെ കടന്നുകയറ്റം. സ്വകാര്യ ടൂറിസ്റ്റ് ബസുകളെ നിയന്ത്രിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടെ വിനോദയാത്രയ്ക്കായി കെഎസ്ആർടിസി പ്രഖ്യാപിച്ച പുതിയ പാക്കേജുകളിലെ നിരക്കുകൾ അമിതമാണെന്ന് ആക്ഷേപം.നാലു മണിക്കൂർ സമയത്തേയ്ക്ക് മിനി ബസിന് വാടക 8,800 രൂപയാണ്. 75 കിലോമീറ്റർ യാത്രയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.
16 മണിക്കൂർ സമയത്തേയ്ക്ക് ഇതേ ബസിന് 20,000 രൂപ നൽകണം. ഈ പാക്കേജിൽ 300 കിലോമീറ്റർ സഞ്ചരിക്കാം. 4 മണിക്കൂർ സഞ്ചരിക്കാൻ ഓർഡിനറി ബസിന് 9250 രൂപയും ഫാസ്റ്റ് പാസഞ്ചർ ബസിന് 9500 രൂപയുമാണ് നിരക്ക്. ഇതേ സമയത്തേയ്ക്ക് സൂപ്പർഫാസ്റ്റ് ബസിന് 9900 രൂപയുമാണ് നിരക്ക്. എന്നാൽ ബസിൻ്റെ പുറത്തെ പെയിൻ്റിൽ മാത്രം വ്യത്യാസമുള്ള ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് എന്തിനാണ് വ്യത്യസ്ത നിരക്കുകൾ എന്നതാണ് പ്രധാന ചോദ്യം. ലഭിക്കുന്ന സൗകര്യങ്ങളിലോ സീറ്റിങ് സംവിധാനത്തിലോ ഈ ബസുകൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. സ്കൂൾ, കോളേജ് വിനോദയാത്രകൾക്ക് കെഎസ്ആർടിസിയുടെ ബസുകൾ വാടകയ്ക്ക് നൽകാനാണ് പദ്ധതി. മിനി ബസുകൾ മുതൽ മൾട്ടി ആക്സിൽ വോൾവോ ബസുകൾ അടക്കമുള്ളവ വാടകയായി ലഭിക്കും. ഏഴ് വിഭാഗങ്ങളായി തിരിച്ച് സമയക്രമത്തിൻ്റെ അടിസ്ഥാനത്തിലാണ് പാക്കേജുകൾ പ്രഖ്യാപിച്ചത്. കൂടുതൽ സൗകര്യങ്ങളുള്ള സ്വകാര്യ ബസുകളെ അപേക്ഷിച്ച് അമിതമായ നിരക്കാണ് കെഎസ്ആർടിസി ഈടാക്കുന്നത് എന്ന ആക്ഷേപവുമുണ്ട്.
കോൺട്രാക്ട് കാരിയേജ് പെർമിറ്റുള്ള സ്വകാര്യ ബസുകൾ 80 കിലോമീറ്റർ ദൂരത്തിന് കേരളത്തിൽ ശരാശി 8000 രൂപ മാത്രമാണ് ഈടാക്കുന്നത് എന്നിരിക്കേയാണ് കെഎസ്ആർടിസിയുടെ കൊള്ള. കുറഞ്ഞ നിരക്കിൽ ഓടുന്ന സ്വകാര്യ ബസുകളിൽ പലതിലും പുഷ് ബാക്ക് സീറ്റുകൾ ഉൾപ്പെടെ മികച്ച സൗകര്യങ്ങളുമുണ്ട്. എസി ബസുകളുടെ നിരക്കും കെഎസ്ആർടിസിയെ അപേക്ഷിച്ച് കുറവാണ്. 16 മണിക്കൂർ പാക്കേജിന് ഓർഡിനറി ബസിന് 21000 രൂപയും സൂപ്പർ ഫാസ്റ്റ് ബസിന് 25000 രൂപയും നിരക്കുണ്ട്. നാലു മണിക്കൂർ സമയത്തേയ്ക്ക് 11,000 രൂപ നിരക്കിൽ എസി ലോഫ്ലോർ ബസ് ലഭിക്കും. 16 മണിക്കൂറിന് 28,000 രൂപയാണ് നിരക്ക്. വോൾവോ ബസിന് നാലു മണിക്കൂർ സമയത്തേയ്ക്ക് 16000 രൂപയാണ് നിരക്ക്. എ.സി. ലോ ഫ്ളോറിന് നാലുമണിക്കൂറിന് 11,000 രൂപയും 16 മണിക്കൂറിന് 28,000 രൂപയും വോൾവോ ബസിന് നാലുമണിക്കൂറിന് 15,000 രൂപയും 16 മണിക്കൂറിന് 35,000 രൂപയുമാണ് നിരക്ക്.
നാലുമണിക്കൂർ (75 കിലോമീറ്റർ), എട്ടുമണിക്കൂർ (150 കിലോമീറ്റർ), 12 മണിക്കൂർ (200 കിലോമീറ്റർ), 16 മണിക്കൂർ (300 കിലോമീറ്റർ) വീതം ബസുകൾ ഓടും. 140 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് കഴിഞ്ഞ മാസം റദ്ദായിട്ടും ഈ റൂട്ടുകളിൽ പലയിടത്തും സർവീസ് നടത്താൻ കെഎസ്ആർടിസി തയ്യാറായിരുന്നില്ല. കടുത്ത സാമ്പത്തിക ബാധ്യത പിന്തുടരുന്ന കെഎസ്ആർടിസിയ്ക്ക് ആവശ്യത്തിന് ബസുകളില്ലാത്തതാണ് തിരിച്ചടിയ്ക്ക് കാരണം. ഇതിനിടെ കിഴക്കൻ മേഖലയിലെ ഗതാഗതക്ലേശം പരിഹരിക്കുന്നതിനായി നാലു മാസത്തേയ്ക്ക് കൂടി സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നീട്ടി നൽകി. ബസുകളില്ലാത്ത പ്രശ്നം പരിഹരിക്കാൻ പ്ലാൻ ഫണ്ടിൽ നിന്ന് പണം അനുവദിച്ച് കൂടുതൽ ഡീസൽ ബസുകൾ വാങ്ങാൻ കെഎസ്ആർടിസിയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ഗതാഗതമന്ത്രി ആൻ്റണി രാജു പറയുന്നത്.
Find out more: