എന്താണ് കൃപാസനം; വൈറലായി ഉടമ്പടിയും അനുഭവ സാക്ഷ്യങ്ങളും! ആലപ്പുഴയിലെ കൃപാസനം എന്ന ധ്യാനകേന്ദ്രവും, അതുമായി ബന്ധപ്പെട്ടിരിക്കുന്ന പത്രവുമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറിയിരിക്കുന്നത്. ധ്യാനകേന്ദ്രത്തിലെ പ്രാർഥന വഴിയും പത്രം ഉപയോഗിക്കുന്നതു വഴിയും രോഗങ്ങളും ജീവിതത്തിലെ പ്രശ്നങ്ങളും മാറിയെന്ന സാക്ഷ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാൽ ഇത്തരത്തിൽ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത സാക്ഷ്യങ്ങൾ ഫേസ്ബുക്കിലടക്കം ചർച്ചയായതോടെയാണ് കൃപാസനം ട്രോൾ കഥാപാത്രമായി മാറിയത്. എന്നാൽ എന്താണ് കൃപാസനം എന്ന് ഇന്നും പലർക്കും അറിയില്ല! ആലപ്പുഴ ലത്തീൻ അതിരൂപതയിലെ വൈദികനായ ഫാ. വിപി ജോസഫ് വലിയ വീട്ടിലിൻ്റെ നേതൃത്വത്തിലാണ്, ആലപ്പുഴ കലവൂരിന് അടുത്ത് സാമൂഹിക - സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കുന്ന കൃപാസനം സ്‌ഥിതി ചെയ്യുന്നത്. സംസ്കാരിക കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ധ്യാനകേന്ദ്രമാണ് കൂടുതൽ പ്രശസ്തം. കൃപാസനം വ്യക്തികളുടെ ജീവിത നവീകരണത്തിനും, കുടുംബസുസ്ഥിരതയ്ക്കും സാമൂഹികക്ഷേമത്തിനുമായാണ് പ്രവർത്തിക്കുന്നതെന്ന് ഫാ. ജോസഫ് തന്നെ പറയുന്നു. കൃപാസനത്തിൻ്റെ അമരക്കാരനായ ഫാ. വി പി ജോസഫ് ചവിട്ടുനാടക കലാകാരനാണ്.
1989ലാണ് കൃപാസനം പൗരാണിക രംഗ കലാപീഠം എന്ന പേരിൽ തീരദേശ പാരമ്പര്യ പൈതൃക കലകൾ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനുമായി സ്ഥാപനം തുടങ്ങുന്നത്. ട്രാവൻകൂർ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണിത്. തീരദേശ പാരമ്പര്യകലകളെക്കുറിച്ച് അഗാധമായ ജ്ഞാനുള്ള ഫാ. വി പി ജോസഫ് രചിച്ച ചവിട്ടുനാടക വിജ്ഞാനകോശം എന്ന പുസ്തകത്തിന് ഏറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുമുണ്ട്. ചവിട്ടുനാടകങ്ങൾക്കുള്ള പാട്ടുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2007ൽ കൃപാസനം നാഷണൽ ഹെറിറ്റേഡ് സ്റ്റഡി സെൻ്റർ ആയി മാറി. ചവിട്ടു നാടകത്തിനു പുറമെ പരിചകളി, ദേവാസ്തവിളി, മാർഗംകളി, അണ്ണാവിപ്പാട്ട്, അമ്മാനപ്പാട്ട, പുത്തൻപാന തുടങ്ങി മറ്റു പാരമ്പര്യ കലാരൂപങ്ങൾ കൂടി സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം.എന്നാൽ 2010നു ശേഷമായിരുന്നു കൃപാസനം ഒരു ധ്യാനകേന്ദ്രം എന്ന രീതിയിൽ പ്രസിദ്ധമാകാൻ തുടങ്ങിയത്. ഇതിനു മുൻപ് ഇവിടെ വലിയ രണ്ട് ഗേറ്റുകളും ഏതാനും കെട്ടിടങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് 2019 ജൂലൈയിൽ അഴിമുഖം പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിൽ പ്രദേശവാസികൾ പ്രതികരിച്ചത്.
മാസത്തിലൊരിക്കൽ തുടങ്ങിയ ധ്യാനം ആളുകൾ കൂടുതലായി എത്താൻ തുടങ്ങിയതോടെ ആഴ്ചയിലൊരിക്കലും പിന്നീട് അതിൽക്കൂടുതലുമായി വളരുകയായിരുന്നു. മാത്രമല്ല ഫാ. വിപി ജോസഫിന് മാതാവ് പ്രത്യക്ഷപ്പെട്ടെന്നും അദ്ദേഹത്തിൻ്റെ ഇടപെടൽ മൂലം 2004ൽ തീരദേശത്തെ പല വീടുകളും സുനാമിയിൽ നിന്നു രക്ഷപെട്ടെന്നുമുള്ള ഒരു കഥ തീരദേശത്ത് പ്രചരിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ധ്യാനകേന്ദ്രം എന്ന രീതിയിൽ കൃപാസനം വളരാനുള്ള കാരണവും ഇതായി പലരും ചൂണ്ടിക്കാണിക്കുന്നു. ധ്യാനകേന്ദ്രത്തോട് താത്പര്യമില്ലാത്ത പലർക്കും പാരമ്പര്യ കലാകാരന്മാർക്കായി ഫാ. വി പി ജോസഫ് നടത്തുന്ന പ്രവർത്തനങ്ങളോട് എതിരഭിപ്രായമില്ല.നിലവിൽ ദേശീയപാത വഴി കടന്നുപോകുന്ന ബസുകളുടെ പ്രധാന സ്റ്റോപ്പുകളിലൊന്നാണ് കൃപാസനം. ധ്യാനം നടക്കാത്ത ദിവസങ്ങളിലടക്കം ആയിരക്കണക്കിന് പേരാണ് കൃപാസനം സന്ദർശിക്കാനായി എത്തുന്നത്. കൃപാസനത്തിന് ഇത്രയും പ്രശസ്തി നേടിക്കൊടുത്തത് കൃപാസനം പത്രം എന്ന ബുള്ളറ്റിനാണ് എന്നതാണ് ശ്രദ്ധേയം. ധ്യാനകേന്ദ്രത്തെ വിവാദത്തിലെത്തിച്ചതും പത്രമായിരുന്നു.കൃപാസനത്തിൽ നിന്ന് പുറത്തിറങ്ങുന്ന ബുള്ളറ്റിനാണിത്.
വ്യക്തികളുടെ അനുഭവസാക്ഷ്യങ്ങളും ഫാ. വി പിജോസഫിൻ്റെ എഡിറ്റോറിയലും രണ്ടോ മൂന്നോ ലേഖനങ്ങളുമാണ് പത്രത്തിലുള്ളത്. വിശ്വാസികളുടെ സാക്ഷ്യങ്ങളാണ് 12 പേജുള്ള പത്രത്തിൻ്റെ ഭൂരിഭാഗം താളുകളിലും.എന്നാൽ ചേർത്തല സ്വദേശിയായ യുവതിയ്ക്ക് ദീർഘകാലമായി അമ്മ കൃപാസനം പത്രം അരച്ചു ചേർത്ത മാവ് കൊണ്ട് ദോശയുണ്ടാക്കി നൽകി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവമായിരുന്നു ആദ്യ വിവാദം. ദീർഘകാലമായി വിവാഹം നടക്കാത്തതിനാൽ മകൾക്ക് കൃപാസനം പത്രം രഹസ്യമായി അരച്ചു ഭക്ഷണത്തിൽ ചേർത്ത് നൽകുകയായിരുന്നു എന്ന് അമ്മ സമ്മതിച്ചു. വിദഗ്ധ പരിശോധനയിൽ യുവതിയ്ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനു ശേഷമാണ് അമ്മ പത്രം അരച്ചു ഭക്ഷണത്തിൽ ചേർത്ത കാര്യം സമ്മതിക്കുന്നത്. ഇതിനു പിന്നാലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപിക കുട്ടികൾക്ക് മികച്ച മാർക്ക് ലഭിക്കാനായി കൃപാസനം പത്രം തലയണയ്ക്ക് കീഴെ വച്ചു കിടക്കാൻ നിർദേശിച്ചതും വിവാദമായി. ഈ രണ്ട് സംഭവങ്ങളും 2018ലായിരുന്നു.
ഇതോടെ സ്ഥാപനം പ്രതിക്കൂട്ടിലായതോടെ കൃപാസനം വിശദീകരണവുമായി രംഗത്തെത്തി. പത്രം വായനയ്ക്കും പ്രേഷിത പ്രവർത്തനത്തിനും മാത്രമുള്ളതാണെന്ന് വ്യക്തമാക്കി ഫാ. വി പി ജോസഫ് തന്നെ രംഗത്തെത്തി.എന്നാൽ കൃപാസനം പത്രം ചവച്ചു കഴിച്ച സ്ത്രീയുടെ സാക്ഷ്യം ഫാ. വി പി ജോസഫ് മുൻവർഷം ഫേസ്ബുക്കിൽ പങ്കുവെച്ചതിൻ്റെ സ്ക്രീൻഷോട്ടും നിലവിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്രം ഉപയോഗിച്ചുണ്ടാകുന്ന 'അത്ഭുതങ്ങളെ' കൃപാസനം തള്ളിപ്പറയുന്നുണ്ടെങ്കിലും കൃപാസനം പത്രത്തിൻ്റെ 2022 നവംബർ ലക്കത്തിൽ വരെ പ്രാർഥന വഴിയുള്ള അത്ഭുതങ്ങളെപ്പറ്റിയുള്ള സാക്ഷ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃപാസനത്തിലെ പ്രാർഥന വഴി ഐഇഎൽടിഎസ്, ഒഇടി പരീക്ഷകൾ പാസായവർ, സർക്കാർ ജോലി ലഭിച്ചവർ, വിദേശജോലി നേടിയവർ, കുടുംബപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടവർ, രോഗങ്ങളിൽ നിന്ന് മുക്തരായവർ എന്നിങ്ങനെയാണ് പേരും സ്ഥലവും ഫോട്ടോയും വെളിപ്പെടുത്തിയുള്ള സാക്ഷ്യങ്ങൾ. ബൈബിളിൽ ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടികളാണ് കൃപാസനത്തിലെ ഉടമ്പടി പ്രാർഥനയുടെ ആധാരം എന്നാണ് ഫാ. വിപി ജോസഫ് പറയുന്നത്. മനസ്സിലുള്ള ആഗ്രഹങ്ങളും പ്രാർഥനകളും അടങ്ങിയ ലിസ്റ്റ് മാതാവിനു മുന്നിലുള്ള പെട്ടിയിൽ നിക്ഷേപിക്കുകയാണ് വേണ്ടത്.
ആറ് ആഗ്രഹങ്ങൾ വരെ ഇത്തരത്തിൽ എഴുതാം. ധ്യാനകേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഉടമ്പടി പത്രം 225 രൂപ നൽകി വാങ്ങി അതിൽ നിബന്ധനകൾക്കു നേർക്ക് ടിക്ക് ഇട്ട് ഒപ്പിട്ടു മടക്കി നൽകുകയാണ് വേണ്ടത്. ഇതാണ് ഉടമ്പടി. പ്രാർഥനകളും പ്രേഷിത പ്രവർത്തനവും അടക്കം ദൈവവുമായി പാലിക്കേണ്ട കാര്യങ്ങളാണ് ഉടമ്പടിയിലുള്ളത്. ഉടമ്പടി ഒപ്പിട്ടു നൽകുന്നതോടെ പ്രാർഥനാ പുസ്തകം, നീലയും പച്ചയും നിറത്തിലുള്ള രണ്ട് മെഴുകുതിരികൾ, ഉപ്പ്, തൈലം, കാശ് രൂപം എന്നിവ അടങ്ങിയ കവർ കിട്ടും. മൂന്ന് മാസം കൂടുമ്പോൾ ഈ ഉടമ്പടി പുതുക്കണമെങ്കിൽ 25 പത്രം വീതം മൂന്ന് തവണ വാങ്ങിയതിൻ്റെ രസീതും ഉണ്ടാകണം. ഇത്തരത്തിൽ ഉടമ്പടിയെടുത്ത് പ്രാർഥിച്ച് ആഗ്രഹങ്ങൾ സാധിച്ചവരുടെ കുറിപ്പുകളാണ് കൃപാസനം പത്രത്തിലുള്ളത്.കൃപാസനം പത്രം വഴിയുള്ള അത്ഭുത രോഗസൗഖ്യങ്ങളെ ഫാ. വി പി ജോസഫ് പിന്തുണയ്ക്കുന്നില്ല. ഇക്കാര്യം പത്രത്തിൽ ഡിസ്ക്ലെയിമർ ആയി നൽകുകയുംചെയ്തിട്ടുണ്ടെന്ന് വൈദികൻ പറയുന്നു.
2018ലെ വിവാദത്തിനു ശേഷം ആലപ്പുഴ മെത്രാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചില തീരുമാനങ്ങൾ സ്വീകരിച്ചെന്നും പത്രം രോഗസൗഖ്യത്തിന് ഉപയോഗിച്ചെന്നു കാണിക്കുന്ന അനുഭവസാക്ഷ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് അതോടെ നിത്തിയെന്നും വൈദികൻ പറയുന്നു.മിക്ക ഗുരുതരരോഗങ്ങളും സുഖപ്പെട്ടതായി കൃപാസനത്തിൽ പലരുടെയും സാക്ഷ്യമുണ്ടെങ്കിലും ഫാ. വി പി ജോസഫ് പനി വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെന്ന വാർത്ത ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിൽ അതിശയിക്കാനില്ലെന്നാണ് വൈദികൻ പറയുന്നത്. താൻ വർഷങ്ങളായി ആശുപത്രിയിൽ പോകുന്നയാളാണെന്നും രോഗം വന്നാൽ ആശുപത്രിയിൽ പോകണമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ചിലപ്പോഴെങ്കിലും ആശുപത്രിയിൽ പോയിട്ടും കാര്യമുണ്ടാകണമെന്നില്ലും അത്തരത്തിൽ കൃപാസനത്തിൽ ആളുകൾ എത്തുമ്പോൾ രോഗനിർണയവും ചികിത്സയും കൃത്യമാകാനായി പ്രാർഥിക്കുകയാണ് ചെയ്യുന്നതെന്നും വൈദികൻ പറയുന്നു. കൃപാസനത്തിൽ സാക്ഷ്യവുമായി എത്തുന്നവർ സ്വന്തം താത്പര്യപ്രകാരം എത്തുന്നവരാണെന്നും മാധ്യമങ്ങളിൽ ഇക്കാര്യങ്ങൾ പ്രസിദ്ധീകരിക്കാമെന്ന സമ്മതത്തോടെയാണ് അവർ സ്റ്റേജിലെത്തുന്നതെന്നും വൈദികൻ പറയുന്നു.
Find out more: