കൊച്ചിയിലെ ഗതാഗത കുരുക്ക്; തൃശൂരിൽ നിന്ന് ആലപ്പുഴയിലെത്താൻ പുതിയ ബൈപ്പാസ് ഉടൻ വരുന്നു! നഗരഹൃദയം ഒഴിവാക്കാനും യാത്രാസമയം കുറയ്ക്കാനുമായി 1980കളിൽ നിർമാണം തുടങ്ങിയ പാത മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ഒരു നഗരപാതയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭാരത് മാല പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പുതിയ കിഴക്കൻ ബൈപ്പാസ് പദ്ധതിയ്ക്ക് ഒടുവിൽ അംഗീകാരം നൽകിയിരിക്കുകയാണ് ദേശീയപാതാ അതോരിറ്റി. പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ നിന്നുള്ള ദീർഘദൂര യാത്രക്കാർക്കും അന്തർസംസ്ഥാന യാത്രക്കാർക്കും വലിയ തലവേദനയാണ് കൊച്ചിയിലെ ദേശീയപാതാ ബൈപ്പാസ്. മെട്രോയുടെ വരവോടു കൂടി റോഡിലെ ബസുകളുടെ എണ്ണം കുറഞ്ഞെങ്കിലും ലോക്ക് ഡൗണിനു ശേഷം സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം റോഡിലെ കുരുക്ക് വർധിപ്പിച്ചിട്ടുണ്ട്. അങ്കമാലി മുതൽ ഇടപ്പള്ളി വരെ 23 കിലോമീറ്റർ പാതയിൽ പന്ത്രണ്ടോളം സിഗ്നലുകളുണ്ട്.




    പല യൂടേണുകളിലും കുരുക്ക് മുറുകിയതോടെ പോലീസ് സഹായത്തോടെ വാഹനങ്ങൾ നി‍ർത്തിക്കുകയും ചെയ്യുന്നു. ഇടപ്പള്ളിയിലെ ഫ്ലൈഓവർ നഗരത്തിലേയ്ക്കുള്ള യാത്രക്കാർക്ക് മാത്രം ഉപകരിക്കുന്നതാണ്. പാലാരിവട്ടത്തും വൈറ്റിലയിലും കുണ്ടന്നൂരിലും ഫ്ലൈഓവറുകൾ വന്നതോടെ ഇവിടങ്ങളിലെ സിഗ്നലുകൾ ഒഴിവായി. എന്നാൽ ഇതിനു ശേഷവും പ്രധാന ജംഗ്ഷനുകളിലെല്ലാം സിഗ്നലുകളുണ്ട്. ദേശീയപാത 66 കൂടി ഇടപ്പള്ളിയിൽ വന്നു ചേരുന്നതോടെ കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായി ഇത് മാറിയിട്ടുണ്ട്.നിലവിൽ തൃശൂർ വഴി കടന്നുപോകുന്ന ദേശീയപാത 544ൻ്റെ ഭാഗമാണ് അങ്കമാലി - ആലുവ - ഇടപ്പള്ളി പാതയും ഇടപ്പള്ളി - അരൂർ ബൈപ്പാസും. ബൈപ്പാസില്ലാത്ത അങ്കമാലി ടൗൺ കടന്ന് ഒച്ചിഴയുന്ന വേഗതയിൽ കടന്നുപോകുന്ന വാഹനങ്ങൾക്ക് ആലുവയിലെ വീതി കുറഞ്ഞ മാ‍ർത്താണ്ഡവർമ പാലവും രണ്ട് സിഗ്നലുകളും കടന്നു വേണം പോകാൻ. ആലുവ മുതൽ എറണാകുളം വരെയുള്ള റോഡിൽ രാവിലെയും വൈകിട്ടും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.




  34 കിലോമീറ്റ‍ർ മാത്രം വരുന്ന തമിഴ്നാട്ടിൽ നിന്നും പാലക്കാട്, തൃശൂ‍ർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഈ 35 കിലോമീറ്റർ കടന്നുപോകാൻ ഒരു മണിക്കൂറിലധികം സമയമെങ്കിലും വേണം. പരമാവധി 100 കിലോമീറ്റർ അനുവദനീയമായ ദേശീയപാതാ നിലവാരത്തിലുള്ള പാതയിൽ 20 മിനിട്ട് കൊണ്ട് പിന്നിടാവുന്ന ദൂരമാണിത്. നഗരമധ്യത്തിലൂടെയുള്ള പാതയുടെ വീതി കൂട്ടുന്നത് ശാശ്വത പരിഹാരമാകില്ലെന്ന തിരിച്ചറിവിലാണ് പുതിയ ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് കേന്ദ്രം പച്ചക്കൊടി വീശുന്നത്.ഹൈവേയുടെ ഇരുവശത്തും എണ്ണമറ്റ വാണിജ്യസ്ഥാപനങ്ങൾ ഉയരുകയും കാൽനടയാത്രക്കാർ റോഡ് ക്രോസ് ചെയ്ത് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടുകയും ചെയ്തതോടെ വാഹനങ്ങളുടെ വേഗതയും കുറഞ്ഞു. ജനവാസമേഖലകൾ പരമാവധി ഒഴിവാക്കി ഭൂമി ഏറ്റെടുത്ത് ഗ്രീൻഫീൽഡ് ഹൈവേയായാണ് പദ്ധതി പൂർത്തിയാക്കുക. 





  ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 17 വില്ലേജുകളിലൂടെ കടന്നുപോകുന്ന പാതയുടെ പ്രാഥമിക അലൈൻമെൻ്റ് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ പൂർത്തിയായിട്ടുണ്ട്. പദ്ധതി ദേശീയപാതാ അതോരിറ്റി അംഗീകരിച്ചതോടെ നടപടികൾ വേഗത്തിലാകും. അലൈൻമെൻ്റ് വിവരങ്ങൾ റവന്യൂ വകുപ്പിന് കൈമാറിയ ശേഷം സർവേ നമ്പറുകൾ പരിശോധിച്ച് 3എ വിജ്ഞാപനംപുറപ്പെടുവിക്കുമെന്ന് ദേശീയപാത 66 സ്പെഷ്യൽ ഡെപ്യൂട്ടി കളക്ട‍ർ പത്മചന്ദ്ര കുറുപ്പ് വ്യക്തമാക്കി. ‍ഡിസംബർ അവസാനത്തോടെ പദ്ധതിയുടെ അന്തിമ അലൈൻമെൻ്റ് പുറത്തുവരുമെന്നാണ് ദേശീയപാതാ വിഭാഗം വ്യക്തമാക്കുന്നത്.


Find out more: