കെ-റെയിലും, അതിവേഗപാതയും; കൊച്ചി - തിരുവനന്തപുരം 2.5 മണിക്കൂർ! ആലപ്പുഴ വഴി ദേശീയപാത 66 വഴിയോ കോട്ടയം വഴി പോകുന്ന എംസി റോഡ് ഉപയോഗിച്ചോ ആണ് നിലവിൽ വ്യവസായനഗരത്തിൽ നിന്ന് തലസ്ഥാനത്തേയ്ക്ക് യാത്ര സാധ്യമാകുക. എന്നാൽ എംസി റോഡിനു സമാന്തരമായി കിഴക്കൻ മേഖലയിലൂടെ നിർമിക്കുന്ന പുതിയ പാത യാഥാർഥ്യമാകുന്നതോടെ ട്രെയിൻ യാത്രയെക്കാളും വേഗത്തിൽ ഇരുനഗരങ്ങളിലേയ്ക്കും സഞ്ചരിക്കാം. പുതുതായി വിഭാവനം ചെയ്യുന്ന അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം ഔട്ടർ ബൈപ്പാസിൽ അവസാനിക്കുന്ന തരത്തിലാണ് പുതിയ ഹൈവേ വിഭാവനം ചെയ്യുന്നത്. നിലവിൽ തിരക്കുള്ള സമയത്ത് അഞ്ച് മണിക്കൂറിലധികമാണ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് റോഡ് മാർഗം സഞ്ചരിക്കാൻ എടുക്കുന്ന സമയം.






    ഇതനുസരിച്ച് അലൈൻമെൻ്റിൽ ചില മാറ്റങ്ങളുമുണ്ടാകും. പാതയ്ക്ക് മൊത്തം ഏകദേശം 240 കിലോമീറ്ററാണ് നീളമുണ്ടാകുക. പന്ത്രണ്ട് താലൂക്കുകളിലെ 79 വില്ലേജുകളിൽ നിന്നായി മൊത്തം ആയിരത്തോളം ഹെക്ടർ സ്ഥലം ഹൈവേയ്ക്കായി ഏറ്റെടുക്കേണ്ടി വരും. ഭോപ്പാലിലെ ഹൈവേ എൻജിനീയറിങ് കൺസൾട്ടൻ്റ് എന്ന സ്ഥാപനത്തിനാണ് ഡിപിആർ തയ്യാറാക്കാനുള്ള ചുമതല. പാത തിരുവനന്തപുരത്ത് അരുവിക്കരയിൽ സംഗമിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെങ്കിലും ഇതിനു പകരം കിളിമാനൂരിനു സമീപം പുളിമാത്ത് ആക്കാനാണ് നിലവിലെ ആലോചന. പുതുതായി നി‍ർമിക്കുന്ന വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡിലായിരിക്കും ഹൈവേ എത്തിച്ചേരുക.2016ൽ വിഭാവനം ചെയ്ത അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ് റോഡിന് കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേന്ദ്രസർക്കാർ അനുമതി നൽകിയത്.






    നിലവിലെ ദേശീയപാതയിൽ അങ്കമാലിയ്ക്ക് വടക്കുവശത്തു നിന്ന് തുടങ്ങി കൊച്ചി നഗരവും നിലവിലെ ബൈപ്പാസും പൂർണമായി ഒഴിവാക്കിയായിരിക്കും പുതിയ പാത കടന്നുപോകുക. ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലൂടെ കടന്നുപോകുന്ന പാത കാലടി, പട്ടിമറ്റം, പുത്തൻകുരിശ് മേഖലകളിലൂടെയായിരിക്കും കടന്നുപോകുക. ഈ പാതയിൽ നിന്നു തന്നെയായിരിക്കും എംസി റോഡിൻ്റെ സമാന്തരപാതയും ആരംഭിക്കുക എന്നാണ് കരുതപ്പെടുന്നത്. കൂടാതെ നിലവിൽ പദ്ധതിഘട്ടത്തിലുള്ള കൊച്ചി - തൂത്തുക്കുടി സാമ്പത്തിക ഇടനാഴിയും എറണാകുളം ജില്ലയിൽ പുതിയ ഹൈവേയെ മുറിച്ചുകടക്കും. 






  ഈ ഹൈവേ കൂടി നടപ്പാകുന്നതോടെ മധ്യകേരളത്തിൽ കിഴക്കൻ മേഖലയിലേയ്ക്കും അതിവേഗയാത്ര സാധ്യമാകും. 77 കിലോമീറ്റർ നീളത്തിൽ തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിൽ എവിടെ നിന്നും മധ്യകേരളത്തിലേയ്ക്കുള്ള യാത്ര സുഗമമാകും. നിലവിൽ ഔട്ടർ റിങ് റോഡിനായി 65 കിലോമീറ്ററോളം ദൂരത്തിൽ കല്ലിട്ടിട്ടുണ്ട്. ഇരുവശത്തും ക്രാഷ് ബാരിയറോടു കൂടി ആക്സസ് കൺട്രോൾ ഹൈവേയായാണ് ഈ പാത നിർമിക്കുക. ഹ്രസ്വദൂരയാത്രക്കാർ ഒഴിവാകുന്നതോടെ ഹൈവേയിലൂടെയുളള അതിവേഗയാത്രയും സാധ്യമാകും. പുതിയ ദേശീയപാതയും ഔട്ടർ റിങ് റോഡും സംഗമിക്കുന്ന ജംഗ്ഷനിൽ വലിയ വികസനവുമുണ്ടാകും.

Find out more: