അരിക്കൊമ്പൻറെ മടങ്ങിവരവ്: സാധ്യത കൂടുതൽ, സഞ്ചാരപാത നിരീക്ഷിച്ച് വനംവകുപ്പ്! അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിലേക്ക് എത്താൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ റിപ്പോർട്ട് പ്രകാരം ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലാണ് അരിക്കൊമ്പനുള്ളത്. ഇവിടെ നിന്നും ചിന്നക്കനാൽ ഭാഗത്തേക്ക് ആന എത്താനുള്ള സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം കുമളിക്ക് സമീപത്തെ ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പൻ വീണ്ടും തമിഴ്നാട് വനത്തിലേക്ക് തിരികെ പോയിരിക്കുകയാണ്. ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ നിലവിൽ കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് നിലവിലുള്ളത്. ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപത്തെ വനത്തിനടുത്ത് വരെ ആന എത്തി. ദേശീയ പാത മുറിച്ചു കടന്നാണ് അരിക്കൊമ്പൻറെ യാത്ര. 





  കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാതയാണ് മുറിച്ചു കടന്നത്. ഇവിടെ നിന്ന് ചിന്നക്കനാൽ ഭാഗത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നിലവിലുള്ള സ്ഥലത്ത് നിന്ന് കമ്പംമേട്ട് ബോഡിമേട്ട് വഴി യാത്ര തുടർന്നാൽ അരിക്കൊമ്പന് ചിന്നക്കനാലിൽ എത്താൻ കഴിയും. ബോഡിമേട്ടിൽ നിന്ന് മതികെട്ടാൻ ചോലയലെത്തിക്കഴിഞ്ഞാൽ പിന്നെ താഴേക്കിറങ്ങിയാൽ ചിന്നക്കനലാകും. അതുകൊണ്ടാണ് ആന തിരികെ ചിന്നക്കനാലിലേക്ക് എത്തിയേക്കുമെന്ന് പറയുന്നത്. അരിക്കൊമ്പനെ നിലവിൽ തമിഴ്നാട് വനം വകുപ്പും കേരള വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്. ഗാന്ധി നഗർ, റോസാപ്പൂക്കണ്ടം എന്നിവിടങ്ങൾക്ക് അടുത്താണ് ആന എത്തിയത്. ആനയുടെ സാന്നിധ്യത്തെതുടർന്ന് തേക്കടിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. ദിവസവും പത്ത് കിലോമീറ്ററോളമാണ് ആന സഞ്ചരിക്കുന്നത്. ഇന്നലെ രാത്രി കമുളിക്കടുത്തുള്ള ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവച്ചാണ് കാട്ടിനുള്ളിലേക്ക് തുരത്തിയത്. 





   വ്യാഴാഴ്ച അർധരാത്രിയോടെ റോസാപ്പൂക്കണ്ടം ഭാഗത്തു ജനവാസമേഖലയ്ക്ക് 100 മീറ്റർ അടുത്താണ് ആന എത്തിയത്. വനം വകുപ്പ് ജീവനക്കാർ ആകാശത്തേക്ക് വെടിയുതിർത്ത് ആനയെ വനത്തിലേക്ക് തുരത്തി. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. പെരിയാർ കടുവാ സങ്കേതത്തോട് അതിർത്തി പങ്കിടുന്ന തേക്കിൻകാട്ടിൽ രാത്രി 11.30 ഓടെയാണ് അരിക്കൊമ്പൻ എത്തിയത്. റേഡിയോ കോളറിൽനിന്നു സിഗ്നൽ ലഭിച്ചതോടെ ഉടൻ തന്നെ സ്ഥലത്തേക്ക് വനം വകുപ്പ് ജീവനക്കാർ എത്തി. ജീവനക്കാർ ആകാശത്തേക്ക് വെടിയുതിർത്ത് ആനയെ വനത്തിലേക്ക് തുരത്തി. വ്യാഴാഴ്ച ഉച്ച മുതൽ അരിക്കൊമ്പൻ പ്രദേശത്തിനു സമീപമുണ്ടെന്നു വനം വകുപ്പിനു സിഗ്നൽ ലഭിച്ചിരുന്നു.





  ഇതോടെ ഈ ഭാഗത്തു നിരീക്ഷണം ശക്തമാക്കിയിരുന്നു. നിലവിൽ ആനയെ വനത്തിലേക്ക് തുരത്തിയതായി പെരിയാർ കടുവാ സങ്കേതം ഫീൽഡ് ഡയറക്ടർ അറിയിച്ചു. ആനയെ ഉൾവനത്തിലേക്ക് മാറ്റാനുള്ള നടപടികൾ തുടരും.
 ബുധനാഴ്ച രാത്രിയിലും അരിക്കൊമ്പൻ കുമളിക്കു സമീപം എത്തിയതായി വനം വകുപ്പിനു സിഗ്നൽ ലഭിച്ചിരുന്നു. ആകാശദൂരം അനുസരിച്ചു കുമളിക്ക് ആറുകിലോമീറ്റർ അടുത്തുവരെ ആനയെത്തിയിരുന്നു. ആന പിന്നീട് മേദകാനം ഭാഗത്തേക്ക് മടങ്ങുകയും ചെയ്തു. കഴിഞ്ഞദിവസങ്ങളിൽ പെരിയാർ കടുവാ സങ്കേതത്തിലെ മുല്ലക്കുടി, മേദകാനം ഭാഗങ്ങളിലാണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഇവിടെനിന്നാണ് കുമളി ടൗണിനോടു ചേർന്ന വനപ്രദേശത്തേക്ക് ആന എത്തിയത്.


Find out more: