സാധാരണക്കാർക്കായി 'ഇരുതലമൂരി' ട്രെയിൻ; ഒക്ടോബറിൽ പുറത്തിറക്കുമെന്ന് റെയിൽവേയുടെ ഉറപ്പ്! ആദ്യ ട്രെയിനിൻ്റെ നിർമാണം അന്തിമഘട്ടത്തിലാണെന്നും ഒക്ടോബർ അവസാനത്തോടെ ട്രെയിൻ ട്രാക്കിലെത്തുമെന്നും ഐസിഎഫ് ജനറൽ മാനേജർ ബി ജി മല്യ പറഞ്ഞു. വന്ദേ ഭാരത് ട്രെയിനിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് വളരെ കുറവായിരിക്കും എന്നതാണ് പുതിയ ട്രെയിനിൻ്റെ പ്രത്യേകത. വന്ദേ ഭാരതിലുള്ള പല സൗകര്യങ്ങളും പുതിയ ട്രെയിനിലും ഉണ്ടായിരിക്കും. ആദ്യഘട്ടത്തിൽ വന്ദേ സാധാരൺ എന്നു വിശേഷിപ്പിക്കപ്പെട്ട ട്രെയിനിൻ്റെ യഥാ‍ർഥ പേര് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വന്ദേ ഭാരതിനു പിന്നാലെ സ്ലീപ്പർ യാത്രക്കാരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന പുതിയ പുഷ് പുൾ ട്രെയിൻ ഒക്ടോബറിൽ പുറത്തിറക്കുമെന്ന് റെയിൽവേ. ട്രെയിനിൻ്റെ മുൻവശത്തിനും പിൻവശത്തിനും ഒരേ രൂപമായിരിക്കും. ഇത്തരത്തിലുള്ള ആദ്യ ട്രെയിൻ ഒക്ടോബ‍ർ 31നു മുൻപു പുറത്തിറങ്ങുമെന്ന് ബി ജി മല്യ മാധ്യമങ്ങളോടു പറഞ്ഞു. ഒക്ടോബ‍ർ 15നു മുൻപ് ട്രെയിൻ ട്രാക്കിലെത്തിക്കുക എന്നതാണ് ഐസിഎഫ് പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.




   ഐസിഎഫ് രൂപകൽപന ചെയ്ത വന്ദേ മെട്രോ, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത വർഷം മാർച്ചിനുള്ളിൽ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു മുൻപായി സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പുഷ് പുൾ ട്രെയിൻ പുറത്തിറങ്ങും എന്നാണ് ഐസിഎഫ് ജനറൽ മാനേജറുടെ പ്രഖ്യാപനം. മൊത്തം 22 കോച്ചുകളാണ് ട്രെയിനിന് ഉണ്ടാകുക. ഇരുവശത്തും എൻജിനുണ്ടാകും എന്നതാണ് ട്രെയിനിൻ്റെ പ്രത്യേകത. നോൺ എസി സ്ലീപ്പർ, സെക്കൻഡ് ക്ലാസ് സീറ്റുകളായിരിക്കും പുഷ് പുൾ ട്രെയിനിൽ ഉണ്ടാകുക. രണ്ടുവശത്തും എൻജിനുള്ളതിനാൽ മുൻപിലെ എൻജിൻ കോച്ചുകൾ വലിക്കുകയും പിന്നിലെ എൻജിൻ കോച്ചുകൾ തള്ളുകയും ചെയ്യും. രണ്ട് എൻജിനുകളുള്ളതിനാൽ പെട്ടെന്ന് വേഗമാർജിക്കാനാകും എന്നതാണ് മെച്ചം. കൂടാതെ ടെർമിനൽ സ്റ്റേഷനിൽവെച്ച് എൻജിൻ മാറ്റി ഘടിപ്പിക്കാതെ തിരികെ യാത്ര തുടരാം. നിലവിലെ വന്ദേ ഭാരത് ട്രെയിനുകളിൽ എൻജിനു പകരം കോച്ചുകളുടെ അടിയിൽ പ്രത്യേക മോട്ടറുകളാണുള്ളത്. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പുഷ് പുൾ ട്രെയിൻ.





 കോച്ചുകൾക്കു ചേര‍ുന്ന വിധത്തിൽ മനോഹരമായി രൂപകൽപന ചെയ്തവയായിരിക്കും എൻജിനുകളും. കോച്ചുകളുടെ ഉൾഭാഗത്തും ഏറെ പുതുമകളുണ്ടാകും. നിർമാണഘട്ടത്തിലുള്ള ആദ്യ ട്രെയിനിൻ്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചാരനിറവും ഓറഞ്ച് നിറവും കലർന്ന ലിവറിയിലുള്ള കോച്ചുകളുടെയും എൻജിനുകളുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമമായ എക്സിൽ (ട്വിറ്ററിൽ) പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിലവിലെ ട്രെയിനുകളിലുള്ള സാധാരണ എൽഎച്ച്ബി കോച്ചുകൾ തന്നയൊകും ഈ ട്രെയിനുകളിലും ഉണ്ടാകുക.  നിലവിലെ വന്ദേ ഭാരത് ട്രെയിനുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക് താങ്ങാനാകാത്ത യാത്രക്കാരെയായിരിക്കും പുഷ് പുൾ ട്രെയിൻ ലക്ഷ്യമിടുക. മണിക്കൂറിൽ 130 കിലോമീറ്റർ മാത്രം വേഗതയാ‍ർജിക്കാനാകും ഈ ട്രെയിനുകൾക്ക് കഴിയുക.




തൊഴിലാളികൾ അടക്കം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യാത്രക്കാർ സഞ്ചരിക്കുന്ന ദീർഘദൂര പാതകളിൽ ഈ ട്രെയിനുകൾ വിന്യസിച്ചേക്കും. വന്ദേ ഭാരതിൽനിന്ന് വ്യത്യസ്തമായി ഈ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. നോൺ എസി ട്രെയിൻ ആയതിനാൽ വന്ദേ ഭാരത് പോലെ വലിയ ചില്ലുജനാലകൾ ഉണ്ടാകില്ല. ലോക്കോപൈലറ്റിനു നിയന്ത്രിക്കാവുന്ന വാതിലുകൾ ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. അതേസമയം, പുതിയ കോച്ചുകളിലെല്ലാമുള്ള ബയോവാക്വം ടോയ്‍ലറ്റുകൾ അടക്കമുള്ള സൗകര്യങ്ങൾ പുതിയ പുഷ് പുൾ ട്രെയിനിലും തുടരും. ഇന്ത്യൻ റെയിൽവേ വർഷങ്ങളായി ഉപയോഗിക്കുന്ന വാപ് 5 ഇലക്ട്രിക് എൻജിനുകളാണ് ചില മാറ്റങ്ങളോടെ ഈ ട്രെയിനിൽ ഉപയോഗിക്കുന്നത്.

Find out more: