മധ്യേഷ്യൻ കോറിഡോറിൽ ഇന്ത്യയിലേക്ക് ട്രെയിനുകളുമുണ്ടാകും? വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറിമാരിലൊരാളായ ഔസഫ് സയീദിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ഇക്കാര്യം രണ്ടാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്തതുമാണ്. പോർട്ട്-റെയിൽ കോറിഡോർ എന്ന നിലയിലാണ് ഈ ഉടമ്പടി. ഇന്ത്യയെ സൗദിയുമായി കപ്പൽമാർഗ്ഗം ബന്ധിപ്പിക്കുകയും അവിടുന്നങ്ങോട്ട് മെഡിറ്ററേനിയൻ തീരങ്ങളിലേക്കും യൂറോപ്പിലേക്കുമെല്ലാം റെയിൽ ലിങ്കിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്യുകയെന്നതായിരുന്നു പദ്ധതി. എന്നാൽ റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നത് ഇന്ത്യയിലേക്ക് ട്രെയിനുകളുണ്ടാകുമെന്നാണ്. ജി20യിൽ രൂപപ്പെട്ട ബഹുരാഷ്ട്ര ഉടമ്പടിപ്രകാരം നിർമ്മിക്കുന്ന മധ്യേഷ്യൻ വ്യാപാര ഇടനാഴിയിൽ ഇന്ത്യയുമായി നേരിട്ട് ബന്ധപ്പെടുന്ന റെയിൽ ലിങ്കുകളുമുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.മുംബൈയിൽ നിന്ന് ഫുജൈറയിലേക്കുള്ള ദൂരം ചില്ലറയില്ല.
കടലിനടിയിലൂടെ ഒരു റെയിൽപ്പാതയുണ്ടാക്കിയാൽ 1826 കിലോമീറ്റർ ദൂരം വരും. ഇത്രയും ദുരം കവർ ചെയ്യുന്ന റെയിൽപ്പാത നിർമ്മിക്കാൻ വൻതുക തന്നെ ഇരുരാജ്യങ്ങളും ചെലവിടേണ്ടതായി വരും. പുതിയ കോറിഡോർ പദ്ധതിയിലുൾപ്പെട്ടാൽപ്പോലും ഇത്രവലിയ ചെലവിടലിന് അംഗരാജ്യങ്ങൾ തയ്യാറാകുമോയെന്നത് കണ്ടറിയണം.
ഈ പാതയുടെ മറ്റൊരു ഗുണം ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ശുദ്ധജലവും, തിരിച്ച് എണ്ണയും എത്തിക്കാൻ ഉപയോഗിക്കാമെന്നതാണ്. വിനോദസഞ്ചാരികൾക്ക് ഇരുരാജ്യങ്ങൾക്കിടയിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ അവസരം നൽകുകയും ചെയ്യും. ഇന്ത്യയിൽ നിന്നുള്ള യാത്രകൾ കുറെക്കൂടി എളുപ്പമാകുമെന്ന സൗകര്യവുമുണ്ട്. ആഗോള വ്യാപാരത്തെ 'പുനക്രമീകരിക്കാൻ' നിർദ്ദിഷ്ട കോറിഡോറിന് സാധിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലി ജി20 സമ്മേളന സന്ദർഭത്തിൽ ഇന്ത്യയിൽ വന്നപ്പോൾ പറയുകയുണ്ടായി.
ഈ പുനക്രമീകരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഗുണകരവും ചൈനയ്ക്കും അവരോട് ചേർന്നു നിൽക്കുന്ന പാകിസ്താൻ അടക്കമുള്ള രാഷ്ട്രങ്ങൾക്ക് ദോഷകരവുമായിരിക്കും. അതെസമയം ഇന്ത്യയുമായി ഏതുതരത്തിലാണ് യുഎഇക്കോ സൗദിക്കോ റെയിൽ ലിങ്ക് സാധ്യമാകുക എന്നത് അവ്യക്തമാണ്. ഭൗമരാഷ്ട്രീയം പരിഗണിക്കുകയാണെങ്കിൽ നിലവിൽ അത് അസാധ്യമാണ്. പാകിസ്താൻ വഴി കയറിയിറങ്ങി ഇറാനെയും മറ്റും സ്പർശിച്ച് ഒരു പാത എന്നത് ജി20യിൽ ഉരുത്തിരിഞ്ഞ രാഷ്ട്രീയ സമവാക്യത്തിനു തന്നെ വിരുദ്ധമാണ്. മറ്റൊരു സാധ്യതയുള്ളത് നേരത്തെ നമ്മുടെ ആലോചനയിലുണ്ടായിരുന്ന ഇന്ത്യ-യുഎഇ അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയാണ്. അൾട്രാ സ്പീഡ് ഫ്‌ലോട്ടിംഗ് ട്രെയിനുകൾ ഉപയോഗിച്ച് ഇന്ത്യയും മുംബൈയും കണക്ട് ചെയ്യുന്ന പദ്ധതിയാണിത്.
2018ൽ ഈ പദ്ധതി ഇന്ത്യ-യുഎഇ കോൺക്ലേവിൽ (അബുദാബി) ചർച്ചയായിരുന്നു. ഈ പദ്ധതിയെക്കുറിച്ചുള്ള വെറും പ്രാഥമികമായ ആലോചന മാത്രമാണ് നടന്നിട്ടുള്ളതെന്നതും ഓർക്കേണ്ടതുണ്ട്. സാധ്യതാപഠനങ്ങളിലേക്കും മറ്റും കടന്നിട്ടില്ല. മധ്യേഷ്യയെ ദക്ഷിണേഷ്യയുമായി ബന്ധിപ്പിക്കുന്ന വ്യാപാര ഇടനാഴി സംബന്ധിച്ച ഉടമ്പടി നിലവിൽ വന്നതോടെ ഇന്ത്യയുടെ ഭൗമരാഷ്ട്രീയത്തിൽ വലിയ ഗതിമാറ്റം സംഭവിക്കുകയാണ്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന് വലിയൊരു തിരിച്ചടി നൽകാൻ ഈ വ്യാപാര കോറിഡോറിന് സാധിക്കും. യുഎസ്, സൗദി, യൂറോപ്യൻ യൂണിയൻ, യുഎഇ എന്നിവരുടെ കൂട്ടായ്മയിലൂടെയാണ് ഈ വ്യാപാര ഇടനാഴി യാഥാർത്ഥ്യമാകുക. മേഖലയിലെ ചൈനീസ് ആധ്യപത്യത്തെ ചെറുക്കാനാഗ്രഹിക്കുന്നവരാണ് ഇവരെല്ലാം.
Find out more: