ഷിരൂർ മണ്ണിടിച്ചിൽ: കാണാതായത് അ‍ർജുനടക്കം മൂന്നുപേർ, മരിച്ചത് ഏഴുപേർ, അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ സർക്കാർ! മണ്ണിടിച്ചിലിൽ മറ്റാരെങ്കിലും മരിച്ചാൽ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. ദേശീയപാത 66ന് സമീപം ചായക്കട നടത്തിവരികയായിരുന്ന കുടുംബത്തിലെ അഞ്ചുപേർ ദുരന്തത്തിൽ മരിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ ദേശീയപാത 66ൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.




 ദുരന്തത്തിൽ 10 പേരെയാണ് കാണാതായത്. ഇതിൽ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്. എല്ലായിടത്തും തിരച്ചിൽ നടത്താൻ നാവികസേനയ്ക്കും പ്രതിരോധ സേനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) യിലെ 44 ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യിലെ 24 ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നുണ്ട്. കരസേനയുടെ 44 അംഗ സംഘമാണ് ഞായറാഴ്ച മുതൽ രക്ഷാദൗത്യത്തിൻ്റെ ഭാഗമായത്. നാവികസേന ആദ്യ ദിവസം മുതൽ തിരച്ചിൽ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




മണ്ണിടിച്ചിലിൽ മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. നമ്മൾ നൽകുന്ന നഷ്ടപരിഹാരം കൊണ്ട് അവരുടെ ജീവിതം തിരിച്ചു വരില്ല. പ്രകൃതിക്ഷോഭം മൂലമുള്ള സംഭവമാണിത്. കാണാതായവരെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു വർഷമാകുന്നു. കഴിഞ്ഞ തവണ വരൾച്ചയായിരുന്നെങ്കിൽ ഇത്തവണ മഴയാണ്. വർഷങ്ങളായി ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിട്ടില്ല. ഉരുൾപൊട്ടൽ എവിടെ ഉണ്ടായാലും അത് തടയാൻ ശ്രമിക്കും. പ്രകൃതി ദുരന്തങ്ങളിൽ രാഷ്ട്രീയത്തിന് ഒരു പങ്കുമില്ല. കേന്ദ്രസർക്കാരിൻ്റെ എൻഡിആർഎഫും നാവികസേനയും കരസേനയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. താൻ മറ്റാരെയും കുറ്റപ്പെടുത്താൻ പോകുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.




അതേസമയം ഐആർബി കമ്പനിയുടെ അശാസ്ത്രീയമായ നിർമാണപ്രവൃത്തിയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെറ്റ് ആരു ചെയ്താലും നടപടിയെടുക്കും. റോഡ് നിർമിച്ചത് നാഷണൽ ഹൈവേ അതോറിറ്റിയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചിട്ടില്ല. എല്ലാം വേഗത്തിലാണ് ചെയ്യുന്നത്. രാത്രിയിൽ രക്ഷാപ്രവർത്തനം നടത്തില്ല. കേരളത്തിൽ നിന്നുള്ള അർജുനെയും കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് കാലിയായ ഗ്യാസ് ടാങ്കർ ലോറിയും നിറഞ്ഞ ഗ്യാസ് ടാങ്ക‍ർ ലോറിയും ഒഴുകിപ്പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Find out more: