300 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു സുരേഷ് ഗോപി; തൃശൂർ റെയിൽവേ സ്റ്റേഷൻ അടിമുടിമാറും! വരുമാനത്തിൻ്റെ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിലും പിന്നിൽ അല്ലാത്ത റെയിൽവേ സ്റ്റേഷനാണ് തൃശൂർ. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് തൃശൂർ റെയിൽവേ സ്റ്റേഷനിലൂടെ വന്നുപോകുന്നത്. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് തൃശൂർ.തൃശൂർ റെയിൽവേ സ്റ്റേഷൻ നവീകരണം സംബന്ധിച്ച ആവശ്യം ശക്തമായിരിക്കെ തൃശൂർ റെയിൽവേ സ്റ്റേഷന്റെ പുനർനിർമാണ രൂപരേഖയിൽ തീരുമാനമായതായി കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി അറിയിച്ചു. 300 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുക. മൂന്ന് ഡിസൈനുകൾ വന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ച ഡിസൈൻ വൺ ആണ് തെരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.




ദീർഘദൂര ട്രെയിനുകളടക്കം കടന്നുപോകുന്ന തൃശൂർ റെയിൽവേ സ്റ്റേഷൻ നവീകരണം സംബന്ധിച്ച ചർച്ചകളും നിർദേശങ്ങളും വർഷങ്ങളായി ഉയരുന്നുണ്ട്. ഇന്ത്യൻ റെയിൽവേയ്ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്ന തൃശൂർ റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളടക്കം വർധിപ്പിക്കണമെന്ന ആവശ്യം യാത്രക്കാരിൽ നിന്നടക്കം എക്കാലവും ഉയരാറുണ്ട്. മൂന്ന് ഡൈനുകളുടെയും ഗുണങ്ങളും പോരായ്മകളും ചർച്ച ചെയ്തു. മൂന്നാഴ്ചയ്ക്ക് മുൻപ് റെയിവേ മന്ത്രിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. ഒന്നാമത്തെ ഡിസൈൻ ആണ് പ്രധാനമന്ത്രിക്ക് ഇഷ്ടമായത്. അത് അവതരിപ്പിച്ചു. തൃശൂർ മേയർ, മന്ത്രി കെ രാജൻ, കളക്ടർ, കമ്മീഷണർ, എഡിഎം, എംഎൽഎ ബാലചന്ദ്രൻ എന്നിവരുമെല്ലാമായി വിഷയം ചർച്ച ചെയ്തു. എല്ലാവർക്കും പദ്ധതി ബോധ്യപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്തു.





 പദ്ധതി തന്നെ വളരെയധികം ആകർഷിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെടുകയും പദ്ധതി ഓർഡർ ആക്കാനുള്ള പ്രോസസ് ആരംഭിക്കും. ഫൈനൽ അപ്രൂവലിനായി പദ്ധതിവിവരങ്ങൾ നാളെ പ്രധാനമന്ത്രിയുടെ പക്കൽ എത്തും. പിന്നാലെ പദ്ധതി പ്രഖ്യാപനം ഉണ്ടാകും. പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡർ ഉൾപ്പെടെയുള്ള പേപ്പർ വർക്കുകളെല്ലാം പൂർത്തിയായി. കൂടുതൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും മുന്നോട്ട് പോകുകയെന്നും സുരേഷ് ഗോപി പറഞ്ഞു.




പദ്ധതി പ്രവൃത്തി ആരംഭിക്കുന്നതോടെ റെയിൽവേ ജീവനക്കാരും പ്രദേശത്തെ ആളുകളും കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ കുറച്ചുനാൾ സഹകരിക്കേണ്ടതാണ്. പ്രധാനമന്ത്രിയിൽ നിന്ന് റെയിൽവേയ്ക്ക് പദ്ധതി അനുമതി ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സുരേഷ് ഗൊപി കൂട്ടിച്ചേർത്തു. 300 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുകയെന്ന് സുരേഷ് ഗോപി അറിയിച്ചു. ഡിസൈൻ തെരഞ്ഞെടുത്ത വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഉടൻ അറിയിക്കും. രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

Find out more: