കായികമേള സമാപനവേദിയിൽ പ്രതിഷേധം! അത്ലറ്റിക്സിൽ സ്പോർട്സ് സ്കൂളുകളെ സ്കൂൾ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വേദിയിലിരിക്കെയാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കാർ മന്ത്രിയെ തടയാൻ ശ്രമിച്ചതോടെ മന്ത്രിയെ ഉടൻതന്നെ വേദിയിൽനിന്ന് മാറ്റി. സംസ്ഥാന സ്കൂൾ കായികമേള സമാപനവേദിയിൽ പ്രതിഷേധം. മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെയും കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെയും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് പ്രതിഷേധം ഉയർത്തുന്നത്. അത്ലറ്റിക്സിൽ സ്കൂളുകളിൽ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് 80 പോയിൻ്റോടെ ഒന്നാം സ്ഥാനത്തും 44 പോയിന്റുമായി തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 43 പോയിന്റുമായി കോതമംഗലം മാർ ബേസിൽ മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.
55 പോയിൻ്റുള്ള ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകാൻ തീരുമാനിച്ചതോടെ നാവാമുകുന്ദ മൂന്നാം സ്ഥാനത്തേക്കും മാർ ബേസിൽ നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. തങ്ങൾക്ക് അർഹതപ്പെട്ട രണ്ടാം സ്ഥാനം തന്നേ പറ്റൂ എന്ന് നാവാമുകുന്ദ സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾ പറഞ്ഞു. വിദ്യാർഥികളെ ഗ്രൗണ്ടിലിറക്കുന്നതിന് പിന്നിൽ എത്രമാത്രം ബുദ്ധിമുട്ടുണ്ടെന്ന് തങ്ങൾക്കറിയാമെന്നും അവർ പറഞ്ഞു. അതേസമയം പോലീസ് തങ്ങളെ മർദിച്ചുവെന്ന് മാർ ബേസിൽ സ്കൂളിലെ വിദ്യാർഥികൾ പരാതിപ്പെട്ടു. പുരുഷ പോലീസുകാരാണ് തങ്ങളെ മർദിച്ചത്. തങ്ങൾ ഒന്നും ചെയ്തിട്ടില്ല. തങ്ങൾ അധ്വാനിച്ചു വാങ്ങിയ കപ്പ് എവിടെയെന്ന് ചോദിച്ചപ്പോഴാണ് ഉപദ്രവിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയിൽ സ്പോർട്സ് സ്കൂളുകളെ സ്കൂൾ കിരീടത്തിന് പരിഗണിക്കാറില്ലായിരുന്നു.
കിരീടത്തിന് പരിഗണിക്കണമെന്ന് ആവശ്യവുമായി സ്പോർട്സ് സ്കൂളുകൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇത്തവണത്തെ കായികമേള തുടക്കത്തിലും ഇതുസംബന്ധിച്ച തീരുമാനമുണ്ടായിരുന്നില്ല. സമാപന സമ്മേളനത്തിനിടെയാണ് സ്പോർട്സ് സ്കൂളുകളെയും കിരീടത്തിനായി പരിഗണിക്കുമെന്ന തീരുമാനം പുറത്തുവന്നത്. തിരുവനന്തപുരം ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകാനായിരുന്നു തീരുമാനം. അത്ലറ്റിക്സിൽ തിരുവനന്തപുരം ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയെന്നാണ് പരാതി. 'ഞങ്ങടെ വിയർപ്പിന് വിലയില്ലേ, കച്ചവടമിത് കച്ചവടം' എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയാണ് വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർഥികളും പോലീസുകാരും തമ്മിൽ കൈയാങ്കളി ഉണ്ടായി.
Find out more: