ഡൽഹിക്കും മുംബൈയ്ക്കും വെല്ലുവിളി: അതിവേഗം വളരുന്ന ദക്ഷിണേന്ത്യൻ നഗരമായി ബെംഗളൂരു! മികച്ച തൊഴിലിടം വാഗ്ദാനം ചെയ്യുന്ന നഗരമായി ബെംഗളൂരുവിനെ മാറ്റാൻ നൂറുകണക്കിന് പദ്ധതികളാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഗതാഗത സംവിധാനം ശക്തമാക്കാൻ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് മെട്രോ സർവീസുകൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). അതിവേഗം കുതിക്കുന്ന ബെംഗളൂരു ഡൽഹി - മുംബൈ നഗരങ്ങൾക്ക് വെല്ലുവിളിയാകുകയാണെന്നാണ് റിപ്പോർട്ട്. രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു അതിവേഗമാണ് വളരുന്നത്.വൻ നിക്ഷേപങ്ങൾ നടക്കുന്നതിനാലും തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണം ഉയർന്ന തോതിലായതിനാലും ബെംഗളൂരുവിൻ്റെ ഗതാഗതമേഖല ശക്തിപ്പെടാനുണ്ട്.
വിശാലമായ റോഡുകളും വലിയ വിസ്തൃതിയും ഉള്ള ഡൽഹി ഇക്കാര്യത്തിൽ മുന്നിലാണ്. ബെംഗളൂരുവിലാണ് ഏറ്റവും സുഖകരമായ കാലാവസ്ഥയുള്ളത്.യാത്ര സൗകര്യങ്ങളുടെ (കണക്റ്റിവിറ്റി) കാര്യത്തിൽ രാജ്യതൽസ്ഥാനമായ ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. ബെംഗളുരു രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ മുംബൈ നഗരം മൂന്നാംസ്ഥാനത്തേക്ക് വീണു. പുതിയ കാറുകൾ സ്വന്തമാക്കുന്നതിൽ ഡൽഹി ഒന്നാമതാണ്. പുതിയ കാർ രജിസ്ട്രേഷനിൽ ഡൽഹി ഒന്നാമത് എത്തിയപ്പോൾ ബെംഗളൂരു രണ്ടാമതെത്തി. മുംബൈ നഗരത്തെയാണ് ബംഗളൂരു പിന്തള്ളിയത്. വായു മലിനീകരണത്തിൻ്റെ തോത് മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരു നഗരത്തിൽ കുറവാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഐടി വിഭാഗത്തിന് പുറമേ മറ്റ് മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും മികച്ച ശമ്പളം നൽകുന്നതിൽ ബെംഗളൂരു പിന്നിലല്ല. പാസ്പോർട്ട് ഉള്ളവരുടെ എണ്ണത്തിൽ ഡൽഹി, മുംബൈ നഗരങ്ങൾ കഴിഞ്ഞാൽ ബെംഗളൂരുവാണുള്ളത്. ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, പുനെ നഗരങ്ങളാണ് പിന്നാലെയുള്ളത്. അതേസമയം, ഗുഡ്ഗാവ്, നവി മുംബൈ, താനെ നഗരങ്ങളിൽ വീട് സ്വന്തമാക്കുക ചെലവേറിയതാണ്.
ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ അടിസ്ഥാന ശമ്പളം മറ്റ് നഗരങ്ങളെ അപേക്ഷിച്ച് 13 ശതമാനം മുതൽ 33 ശതമാനം വരെ കൂടുതലാണ്.
മികച്ച ശമ്പളം നൽകുന്ന കാര്യത്തിൽ 2018ൽ രണ്ടാം സ്ഥാനത്തായിരുന്ന ബെംഗളൂരു അഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും ഉയർന്ന പ്രതിമാസ ശമ്പളം നൽകുന്നതിൽ ഡൽഹിയെ മറികടന്നു. ഇതേ കണക്കുകൾ പ്രകാരം പുനെ നഗരത്തെ മുംബൈ മറികടന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ മെട്രോ നഗരങ്ങളിൽ ഏറ്റവുമധികം വേഗത്തിൽ വളർച്ച കൈവരിക്കുന്നത് ബെംഗളൂരു ആണ്. ഡൽഹി, മുംബൈ നഗരങ്ങളിൽ എത്തിയതിൻ്റെ പത്ത് ഇരട്ടിയിലധികം കമ്പനികൾ ബെംഗളൂരുവിൽ എത്തി. 2019 മുതൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) രജിസ്‌ട്രേഡ് ജീവനക്കാരെ സൃഷ്ടിക്കുന്നതിൽ നഗരം മുന്നിലാണ്.
Find out more: