കോട്ടയം നേഴ്‌സിങ് കോളേജ് റാഗിങ്; കൂടുതൽ ഇരകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ്! കോളേജധികൃതരുടെയും വാർഡൻ്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ദൃശ്യം ഏത് മൊബൈൽ ഫോണിലാണ് പകർത്തിയതെന്ന് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തും. പിടിച്ചെടുത്ത പ്രതികളുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗാന്ധിനഗർ ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ്. മൂന്നു മാസമായി ഒന്നാം വർഷ വിദ്യാർഥികളെ അതിക്രൂര റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ സീനിയർ വിദ്യാർഥികളായ അഞ്ചുപേരാണ് റിമാൻഡിലായത്.





മലപ്പുറം വണ്ടൂർ സ്വദേശി കെപി രാഹുൽ രാജ് (22), മൂന്നിലവ് വാളകം സ്വദേശി സാമുവൽ ജോൺസൺ (20), വയനാട് പുൽപ്പള്ളി സ്വദേശി എൻഎസ് ജീവ (19), മലപ്പുറം മഞ്ചേരി സ്വദേശി സി. റിജിൽ ജിത്ത്, കോരുത്തോട് മടുക്ക സ്വദേശി എൻവി വിവേക് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം റാഗിങ്ങിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോംപസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിവേൽപ്പിച്ചശേഷം മുറിവിലും കാലിലും ലോഷൻ ഒഴിക്കുന്നതും സ്വകാര്യ ഭാഗത്ത് പരിക്കേൽപ്പിക്കുന്നതുമായ മനസാക്ഷി മരവിച്ചു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.






 11-ാം തീയതിയാണ് വിദ്യാർഥി കോളേജിൽ പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആരോപണവിധേയരെ സസ്പെൻഡ് ചെയ്തു. വിദ്യാർഥി നൽകിയ പരാതി സഹിതം കോളേജ് പ്രിൻസിപ്പാൾ പോലീസിന് റിപ്പോർട്ട് നൽകി. തുടർനടപടിയെന്നോണമാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പ്രതിയായ രാഹുൽ ഒരു രാഷ്ട്രീയ സംഘടനയുടെ മുൻ സംസ്ഥാന നേതാവായിരുന്നുവെന്നും ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്താൻ നിലവിൽ ആലോചനയില്ല.




കേരള ആൻ്റി റാഗിങ് നിയമം സെക്ഷൻ മൂന്ന്, നാല് പ്രകാരമുള്ള കുറ്റങ്ങളും മുറിവേൽപ്പിക്കൽ, പണം കൊള്ളയടിക്കൽ എന്നീ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. തുടരന്വേഷണത്തിലെ കണ്ടെത്തലുകളനുസരിച്ച് മറ്റ് വകുപ്പുകൾ ചുമത്തും. മാസങ്ങൾ നീണ്ടുനിന്ന പീഡനം അറിഞ്ഞിരുന്നില്ലെന്ന കോളേജധികൃതരുടെ വാദം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇരയാക്കപ്പെട്ട ബാക്കി വിദ്യാർഥികളുടെ ചോദ്യംചെയ്യൽ പൂർത്തിയായാൽ മാത്രമേ അക്കാര്യം മനസ്സിലാക്കാൻ കഴിയൂ എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Find out more: