ഹമാസിനോട് ഞങ്ങൾ പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ! വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി കൈമാറിയ ബന്ദികളുടെ മൃതദേഹങ്ങളിൽ ഷിരി ബിബാസിന്റെ ഭൗതിക ശരീരമില്ലെന്ന് ഇസ്രയേൽ ആരോപിച്ചതിനെ വീണ്ടും പ്രദേശത്ത് സംഘർഷം ഉടലെടുത്തിരിക്കുന്നത്. ഇത് വെടിനിർത്തൽ കരാറിനെ എങ്ങനെ ബാധിക്കുമെന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെതിരെ ആഞ്ഞടിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ തകർച്ചയുടെ വക്കിലാണെന്ന് റിപ്പോർട്ട്. ബിബാസ് കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള കഥയിലെ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവായിരുന്നു മൃതദേഹത്തിന്റെ ഐഡന്റിറ്റി പുറത്തുവന്നത്. ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളുടെ ദുരിതത്തിന്റെ ആഗോള ചിഹ്നങ്ങളായി ബിബാസ് കുടുംബം മാറിയിരുന്നു.





ജനുവരിയിൽ ആരംഭിച്ച വെടിനിർത്തൽ കരാറിന് പിന്നാലെ, ഇസ്രായേലി ജയിലുകളിൽ തടവിലാക്കപ്പെട്ട നൂറുകണക്കിന് പലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് ബന്ദികളെ വിട്ടയച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് തിരികെ നൽകിയത്.ഹമാസ് കഴിഞ്ഞ ദിവസം കരാറിന്റെ ഭാഗമായി നാല് മൃതദേഹങ്ങൾ കൈമാറിയിരുന്നു. ഷിരി ബിബാസ്, അവരുടെ രണ്ട് കുട്ടികളായ കെഫിർ, ഏരിയേൽ ബിബാസ്, 83 വയസ്സുള്ള ഓഡെഡ് ലിഫ്‌ഷിറ്റ്‌സ് എന്നിവരുടെ മൃതദേഹങ്ങളാണ് വിട്ടുനല്കിയതെന്നാണ് ഹമാസ് അറിയിച്ചത്. രണ്ട് ആൺകുട്ടികളുടെയും ലിഫ്‌ഷിറ്റ്‌സിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.





എന്നാൽ നാലാമത്തെ മൃതദേഹം ഷിരി ബിബാസിന്റേതോ ഗാസയിൽ തടവിലാക്കപ്പെട്ട മറ്റ് ഇസ്രായേലി ബന്ദികളുടേതോ അല്ലെന്നാണ് ഇസ്രായേൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.ജീവനുള്ളവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുമെന്നും ഹമാസിന്റെ നീചമായ പ്രവർത്തനത്തിന് തിരിച്ചടിക്കാനും ഇസ്രായേൽ സജ്ജമാണെന്നും നെതന്യാഹു പറയുന്നു. "ഓഡെഡ് ലിഫ്‌ഷിറ്റ്‌സിന്റെയും ഏരിയേൽ, കെഫിർ ബിബാസ് എന്നിവരുടെയും പവിത്രമായ ഓർമ്മ രാഷ്ട്രത്തിന്റെ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കും. അവരുടെ രക്തത്തിന് ദൈവം പ്രതികാരം ചെയ്യട്ടെ. ഞങ്ങളും പ്രതികാരം ചെയ്യുമെന്നനുമാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം നാലാമത്തെ മൃതദേഹം ഗാസയിൽ നിന്നുള്ള ഒരു സ്ത്രീയുടേതാണെന്നാണ് നെതന്യാഹു അറിയിച്ചിരിക്കുന്നത്. 





മൃതദേഹത്തിന്റെ ഐഡന്റിറ്റിയെക്കുറിച്ചുള്ള ഇസ്രായേലിന്റെ പ്രഖ്യാപനത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, വെടിനിർത്തൽ കരാറിന്റെ "ക്രൂരവുമായ ലംഘനം"എന്നാണ് ഹമാസിന്റെ പ്രവർത്തിയെ വിശേഷിപ്പിച്ചത്. ഇതിന് ഹമാസിനോട് പ്രതികാരം ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. പതിനഞ്ച് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് വെടി നിർത്തൽ കരാറിലൂടെയാണ് താത്കാലിക വിരാമമായത്. ഈ കരാറിന്റെ ഭാഗമായി ആറ് ബന്ദികളെ കൂടി ശനിയാഴ്ച വിട്ടയക്കാനിരിക്കെയാണ് വീണ്ടും സംഘർഷ സാധ്യതയുടലെടുക്കുന്നത്‌.

Find out more: