കർണാടകയിലെ ഏറ്റവും വലിയ ലഹരി വേട്ട; കുടുങ്ങി ബംബയും അബിഗയിലും! 75 കോടി രൂപ വിലവരുന്ന 37.870 കിലോഗ്രാം എംഡിഎംഎയുമായി ദക്ഷിണാഫ്രിക്കൻ യുവതികളാണ് സിസിബിയുടെ പിടിയിലായത്. 31കാരിയായ ബംബ ഫൻ്റ, 30കാരിയായ അബിഗയിൽ അഡോണിസ് എന്നിവരെയാണ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്. എസിപി മനോജ് കുമാർ നായിക്കിൻ്റെ നേതൃത്വത്തിലുള്ള സിസിബി സംഘം ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കൈയോടെ വലയിലാക്കിയത്.കർണാടക കണ്ട ഏറ്റവും വലിയ ലഹരിവേട്ടയ്ക്കായി മംഗളൂരുവിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് നടത്തിയത് മാസങ്ങൾ നീണ്ട അന്വേഷണം.രണ്ടു ട്രോളി ബാഗുകളിൽ പാക്ക് ചെയ്ത നിലയിൽ ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് കണ്ടെത്തിയത്. നാല് മൊബൈൽ ഫോണുകളും രണ്ട് പാസ്പോർട്ടുകളും 18,460 രൂപയും സിസിബി പിടിച്ചെടുത്തു. ഒന്നര വ‍ർഷമായി മയക്കുമരുന്ന് കടത്ത് നടത്തിവരികയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ മയക്കുമരുന്ന് കടത്തിനായി ഇരുവരും ഡൽഹിയിലേക്ക് 37 യാത്രകളും ബെംഗളൂരുവിലേക്ക് 22 യാത്രകളും നടത്തിയെന്ന് പോലീസ് കണ്ടെത്തി.





2020ൽ ബിസിനസ് വിസയിൽ ഇന്ത്യയിൽ എത്തിയ ബംബ ഫൻ്റ ഡൽഹിയിലെ ലക്ഷ്മി വിഹാറിൽ താമസിച്ചു ഫുഡ്കാർട്ട് ബിസിനസ് നടത്തിവരികയായിരുന്നു. 2016 ജൂലൈയിൽ മെഡിക്കൽ വിസയിലാണ് അബിഗയിൽ ഇന്ത്യയിൽ എത്തിയത്. ഡൽഹിയിലെ മാളവ്യ നഗറിൽ താമസിച്ച് വസ്ത്രവ്യാപാരം ചെയ്തുവരികയായിരുന്നു ഇവ‍ർ. ബെംഗളൂരുവിൽ നൈജീരിയൻ പൗരന്മാർക്കും നീലമംഗല, ഹോസ്കോട്ടെ, കെആ‍ർ പുരം തുടങ്ങിയ സ്ഥലങ്ങളിലെ മറ്റുള്ളവ‍ർക്കുമാണ് എംഡിഎംഎ വിതരണം ചെയ്തിരുന്നത്. ബെംഗളൂരുവിൽ എംഡിഎംഎ വിതരണം ചെയ്ത ശേഷം 24 മണിക്കൂറിനകം ഡൽഹിയിലേക്ക് തിരിക്കുന്നതാണ് പ്രവർത്തന രീതി.ഇരു യുവതികളും ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്നത് വ്യാജ പാസ്പോർട്ടും വിസയും ഉപയോഗിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.






രാജ്യത്തിന് പുറത്തുനിന്നോ ഡൽഹിയിൽ നിന്നോ ആകാം ഇവർ എംഡിഎംഎ ശേഖരിക്കുന്നതെന്നാണ് സംശയിക്കുന്നത്. അതേസമയം ഇരുവരും തമ്മിൽ മുൻപരിചയമുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്കും ഇന്ത്യയിലെ മറ്റിടങ്ങളിലേക്കും എംഡിഎംഎ എത്തിക്കുന്നത് വിദേശ പൗരത്വമുള്ള രണ്ടുപേരാണെന്നായിരുന്നു സിസിബിയുടെ കണ്ടെത്തൽ. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇവർ ദക്ഷിണാഫ്രിക്കൻ യുവതികളാണെന്ന് കണ്ടെത്തി. മാർച്ച് 13ന് രാത്രി ഇരുവരും ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്ക് എത്തുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിസിബി സംഘം മംഗളൂരുവിൽനിന്ന് ബെംഗളൂരുവിൽ എത്തി. വിമാനത്താവളത്തിൽ ഇറങ്ങിയ ഇരുവരും മയക്കമരുന്ന് വിതരണം ചെയ്യാനായി ടാക്സി വിളിച്ചു.





 രണ്ടുപേരെയും നീരിക്ഷിച്ച ഉദ്യോഗസ്ഥ‍ർ, ഇരുവരും കയറിയ ടാക്സിക്ക് പിന്നാലെ തുടർന്നു. ആറുമണിക്കൂറോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ 14ന് ബെംഗളൂരുവിലെ ഇലക്ടോണിക് സിറ്റിക്ക് സമീപമുള്ള നീലാദ്രി നഗരയിൽനിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.കഴിഞ്ഞ വർഷം മംഗളൂരുവിലെ പമ്പ്‍വെല്ലിൽനിന്ന് 15 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ഹൈദ‍ർ അലിയിൽനിന്ന് തുടങ്ങിയ അന്വേഷണമാണ് സിസിബിയെ ദക്ഷിണാഫ്രിക്കൻ യുവതികളിലേക്ക് എത്തിച്ചത്. ഹൈദ‍റിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറു മാസം മുൻപ് നൈജീരിയൻ പൗരനായ പീറ്റ‍ർ ഇകെഡിയെ 6.248 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.

Find out more: