ശ്രീപത്മനാഭൻ്റെ ആറാട്ട് ഘോഷയാത്ര;തിരുവനന്തപുരം വിമാനത്താവളം നാലേകാൽ മണിക്കൂർ അടച്ചിടും!  11ന് വൈകുന്നേരം 4:45 മുതൽ രാത്രി ഒൻപതുവരെയാണ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം താൽകാലികമായി നിർത്തിവെക്കുക. ഈ സമയം വിമാനങ്ങളുടെ ഷെഡ്യൂളുകൾ അതാത് വിമാനക്കമ്പനികൾ പുനക്രമീകരിക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര പ്രമാണിച്ച് തിരുവനന്തപുരം വിമാനത്താവളം ഈ മാസം 11ന് നാലേകാൽ മണിക്കൂർ അടച്ചിടും.ഒക്ടോബർ - നവംബർ മാസങ്ങളിൽ നടക്കുന്ന അൽപശി ഉത്സവത്തോടും മാർച്ച് - ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന പൈങ്കുനി ഉത്സവത്തോടും അനുബന്ധിച്ചാണ് വിമാനത്താവളത്തിൻ്റെ റൺവേ അടച്ചിടുക. ഇതിന് മുന്നോടിയായി വിമാനയാത്രക്കാർക്ക് വിമാനത്താവള അധികൃതർ അറിയിപ്പ് നൽകും.





വിമാനത്താവളം നിർമിച്ച സമയം തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ വിമാനത്താവളത്തിൻ്റെ ഉപയോഗം സംബന്ധിച്ച് പരാമർശിച്ചിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നതായി റിപ്പോർട്ടുണ്ട്. വർഷം 363 ദിവസം പൊതുജനങ്ങൾ വിമാനത്താവളം ഉപയോഗിക്കുമ്പോൾ രണ്ട് ദിവസം ശ്രീപത്മനാഭസ്വാമിക്ക് വേണ്ടി വിമാനത്താവളം മാറ്റിവെക്കണമെന്നായിരുന്നു ശ്രീചിത്തിര തിരുനാൾ ബാലരാമവർമ നിർദേശിച്ചിരുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര റൺവേ മുറിച്ച് കടന്നുപോകുന്നതിനാൽ വർഷം രണ്ടുതവണ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. ശംഖുമുഖത്ത് കടലിലാണ് ആറാട്ട് നടക്കുക. ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര റൺവേ മുറിച്ചുകടന്ന് ശംഖമുഖത്തേക്ക് പോകുന്നത് വർഷങ്ങളായി തുടരുന്ന ആചാരമാണ്.





1932ലാണ് തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായതെങ്കിലും ഈ ഭാഗത്തുകൂടി ഘോഷയാത്ര കടന്നുപോകുന്നത് നൂറ്റാണ്ടുകൾക്ക് മുൻപേ ഉള്ളതാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ പൈങ്കുനി മഹോത്സവത്തിന് ഏപ്രിൽ രണ്ടിനാണ് തുടക്കമായത്. ക്ഷേത്ര തന്ത്രിമാരായ നെടുമ്പിള്ളി തരണനല്ലൂർ ബ്രഹ്മശ്രീ സജി നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ രണ്ടിന് രാവിലെ 8:45നും 9:30നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ സ്വർണക്കൊടിമരത്തിലും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വെള്ളിക്കൊടിമരത്തിലും തൃക്കൊടിയേറ്റ് നടന്നു.





 ഏപ്രിൽ ഒൻപതിനാണ് വലിയ കാണിക്ക. 10ന് പള്ളിവേട്ട നടക്കും. 11ന് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര പ്രമാണിച്ച് തിരുവനന്തപുരം വിമാനത്താവളം ഈ മാസം 11ന് നാലേകാൽ മണിക്കൂർ അടച്ചിടും. 11ന് വൈകുന്നേരം 4:45 മുതൽ രാത്രി ഒൻപതുവരെയാണ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം താൽകാലികമായി നിർത്തിവെക്കുക. ഈ സമയം വിമാനങ്ങളുടെ ഷെഡ്യൂളുകൾ അതാത് വിമാനക്കമ്പനികൾ പുനക്രമീകരിക്കും.

Find out more: