വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ  സസ്‌പെൻഡ് ചെയ്തു.ക്ലാസ്സ് മുറിയിൽ പോസ്റ്റർ ഒട്ടിച്ചതിനാണ് കുട്ടികൾക്ക് സസ്പെന്ഷന് ലഭിച്ചത്.ഒരാഴ്ചത്തേക്ക് ആയിരുന്ന സസ്പെൻഷൻ പിന്നീട് രക്ഷിതാക്കളുടെ എതിർപ്പിനെ തുടർന്ന് മൂന്നുദിവസമായി കുറക്കുകയായിരുന്നു.വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് സ്‌കൂളിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും,ഒപ്പം പരിപാടികൾ നടത്തിയിട്ടുമുണ്ടായിരുന്നു.അതുപോലെതന്നെയാണ് ഇപ്പോൾ ക്ലാസ്സ് മുറിയിൽ പോസ്റ്റർ പതിപ്പിച്ചതെന്ന് സസ്പെൻഷന് ഇരയായ കുട്ടികൾ പറഞ്ഞു.ചേർത്ത് പിടിക്കേണ്ടവർ കയറിപ്പിടിക്കുമ്പോൾ, നേര് കാട്ടേണ്ടവർ നെറികേട് കാട്ടുമ്പോൾ, വഴിയൊരുക്കേണ്ടവർ പെരുവഴിയിലാക്കുമ്പോൾ -മകളെ നിനക്ക് നീ മാത്രം. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികൾ ഒട്ടിച്ചത്.എന്നാൽ അച്ച്ചടക്ക നടപടി ലംഘിച്ചു ക്ലാസ്സ്‌ ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസ്സ്മുറിയിൽ പോസ്റ്റർ പതിപ്പിച്ചതിനാണ് സസ്പെന്ഷന് നൽകിയതെന്നാണ് പ്രിൻസിപ്പാളിന്റെ പ്രതികരണം.മാതൃകാപരമായി പ്രതികരിച്ച വിദ്യാര്‍ഥികളെ അന്യായമായി ശിക്ഷിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്കൂള്‍ അസംബ്ലിയില്‍ പരസ്യമായി മാപ്പുപറയാന്‍ വിദ്യാര്‍ഥികള്‍ തയാറായിട്ടും സ്കൂള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.അതേസമയം വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇരകളുടെ രക്ഷിതാക്കൾക്കോ, സർക്കാരിനോ പോക്സോ കോടതി വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകാമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Find out more: