
വിദ്യാർത്ഥികൾ ജെഎൻയുവിൽ നടത്തിവന്ന സമരത്തെ തുടർന്ന് ഹോസ്റ്റൽ ഫീസിൽ വരുത്തിയ വർധനവ് ഭാഗികമായി പിൻവലിച്ചു. ഇക്കാര്യം എച്ച്ആർഡി മന്ത്രാലയമാണ് വ്യക്തമാക്കിയത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയതായും അധികൃതർ വ്യക്തമാക്കി.
എന്നാൽ സമരവുമായി മുന്നോട്ട് പോകുമെന്നും ഇപ്പോഴത്തെ തീരുമാനം കണ്ണിൽ പൊടിയിടാനാണെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു. ജെഎൻയുവിൽ ശക്തമായ സമരമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാർത്ഥികൾ നടത്തിവന്നിരുന്നത്.തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ തിരിച്ച് ക്ലാസിൽ കയറാനുള്ള സമയമായെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്.
ഇപ്പോഴത്തെ വിദ്യാർത്ഥി സമരം തണുപ്പിക്കാനുള്ള നടപടി മാത്രമാണിതെന്നും ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ജെ എൻ യു ഗവേഷണ വിദ്യാർത്ഥിയും, എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ നിതീഷ് നാരായണൻ പറഞ്ഞു.