പക്ഷി പനി രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന് ദഹിപ്പിക്കാനാണ് നീക്കം.

 

 

 

    കൊന്നൊടുക്കുന്ന വളര്‍ത്തു പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായാല്‍ കൂടുതല്‍ പോലീസ് സേനയുടെ സഹായം ആവശ്യപ്പെടാനാണ് ദ്രുതകര്‍മ്മ സേനയുടെ തീരുമാനം.

 

 

    നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാന്‍ ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം വാര്‍ഡ് കൗണ്‍സിലറും പോലീസ് ഉദ്യോഗസ്ഥനും ഇന്ന് മുതല്‍ ഉണ്ടാകും. ചൊവ്വാഴ്ച മാത്രം 1266 പക്ഷികളെയാണ് നശിപ്പിച്ചത്.

 

 

   അതേ സമയം വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്ന വെങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തോട് ചേര്‍ന്ന് സ്ഥലങ്ങളില്‍ കാക്കകളും കൊക്കുകളും കൂട്ടത്തോടെ ചാകുന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

 

 

   കൊടിയത്തൂരിനോട് ചേര്‍ന്നുള്ള കാരശ്ശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതും പരിഭ്രാന്തിക്ക് ഇടയാക്കിയിരുന്നു. ഇവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

 

 

   വെങ്ങേരിയിലും കൊടിയത്തൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനിച്ചിരുന്നത്.

 

   എന്നാല്‍ ഈ പരിധി വിട്ടു ഉദ്യോഗസ്ഥര്‍ നടപടിയെടുത്തുവെന്ന ആരോപണം നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.എന്നാൽ  വിലപിടിപ്പുള്ള അലങ്കാര പക്ഷികള്‍ അടക്കമുള്ള ചില വളര്‍ത്തു പക്ഷികളെ ചിലര്‍ പ്രദേശത്ത് നിന്ന് മാറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്.

 

 

   പക്ഷികളെ ഒളിപ്പിച്ചു വയ്ക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Find out more: