
യൂറോപ്പില്‍ ഇറ്റലിയ്ക്ക് പിന്നാലെ സ്‌പെയിനെയും കൊറോണ വൈറസ് പിടിമുറുക്കുന്നു.
ലോകത്തുടനീളം കോവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞവരുടെ പട്ടികയിലുള്ള രാജ്യമായി മാറിയിരിക്കുന്ന സ്‌പെയിന്‍ മരണനിരക്കില്‍ ചൈനയെ പിന്നിലാക്കി.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം സ്‌പെയിനില്‍ ഇതുവരെ 3,434 പേര്‍ മരണത്തിന് കീഴടങ്ങി.
മരണനിരക്കില്‍ ചൈനയെ മറികടന്ന സ്‌പെയിനില്‍ ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോയ്ക്ക് വരെ രോഗം പിടിപെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.
വൈറസ് ബാധയെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. രാജ്യം പൂര്‍ണ്ണമായും അടച്ചിട്ട നിലയില്‍ ആണെങ്കിലൂം രോഗത്തിന്റെ ദുരിതത്തില്‍ നിന്നും ഇതുവരെ രക്ഷപ്പെട്ടിട്ടില്ല.
രോഗികളുടെ എണ്ണം 47,610 ആണ്. ചൈന, ഇറ്റലി, അമേരിക്ക എന്നിവയ്ക്ക് പിന്നാലെ നാലാമത് വരും സ്‌പെയിന്‍. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇനിയും കൂടും.
ഇതുവരെ മാസ്‌ക്കുകള്‍ക്കും ഗ്‌ളൗസുകള്‍ക്കും വിവിധ ടെസ്റ്റുകള്‍ക്കും മറ്റുമായി രാജ്യം 432 ദശലക്ഷം യുറോ ചെലവഴിക്കാന്‍ ഒരുങ്ങുകയാണ്. ഇവ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യും.
രണ്ടാഴ്ചയായി ജനങ്ങള്‍ വീട്ടിനുള്ളിലാണ്. മാര്‍ച്ച് 13 മുതല്‍ സ്‌പെയിന്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. അടുത്ത 14 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ വേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വക്തമാക്കുന്നത്.