മദ്യം കഴിക്കുന്നത് കൊറോണ വൈറസിനെ കൊല്ലും! ഇതൊരു വ്യാജ വാർത്തയാണ്. കേരളത്തിൽ മാത്രം 14 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അത് മാത്രമോ, രോഗബാധിതരായവരുമായി ബന്ധപ്പെട്ട് സംശയത്തിൻ്റെ നിഴലിൽ ഒരുപാട് ആളുകൾ ഉള്ളതിനാൽ എല്ലാവരും തന്നെ പരിഭ്രാന്തിയിലാണ് എന്ന് പറയാതെ വയ്യ. മെഡിക്കൽ ഷോപ്പുകളിൽ മാസ്‌ക്കുകൾക്കും ഹാൻഡ് സാനിറ്റൈസറുകൾക്കും ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ ആരോഗ്യ വകുപ്പ് വൈറസ് കൂടുതൽ ആളുകളിലേക്ക് എത്തുന്നത് തടയാനായി ദിനരാത്രം ജാഗ്രതയോടെ പ്രവർത്തിക്കുന്നു. കൊറോണ വൈറസ് ഇന്ത്യയിൽ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ആഴത്തിൽ വേരുറപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇതുവരേക്കുമായി ഇന്ത്യയിൽ തന്നെ അൻപതിലധികം പോസിറ്റീവ് കേസുകളും തലസ്ഥാനത്തും മറ്റ് പരിസരങ്ങളിലുമായി റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും കൊറോണ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ദിനംപ്രതി ഉപദേശങ്ങളും നിർദ്ദേശങ്ങളും ദിനംപ്രതി പുറത്തിറക്കുന്നുണ്ട്.
കൊറോണ സുരക്ഷയുമായി ബന്ധപ്പെട്ട് ഈയിടയ്ക്ക് വാട്ട്‌സ്ആപ്പിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന നിർദ്ദേശമാണ് മദ്യം കൊറോണയെ പ്രതിരോധിക്കുമെന്ന കാര്യം.
ഈ മാരക വൈറസിനെ പ്രതിരോധിക്കാനും ഒരാൾക്ക് ഏറ്റവും സുരക്ഷിതമായി തുടരാനുമായി ദേഹത്ത് മദ്യം തളിക്കുകയും കഴിക്കുകയും ചെയ്താൽ മതി എന്നുള്ള വാർത്തകൾ ഈ ദിവസങ്ങളിൽ പരക്കേ പ്രചരിക്കുന്നുണ്ട്.
കൊറോണ ഭീതി വ്യാപകമാകുന്ന ഈ സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ എന്ന രീതിയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയിരിക്കുകയാണ്.
അതുമാത്രമല്ല മദ്യം തളിക്കുന്നത് വാസ്തവത്തിൽ, നാം ഉപയോഗിക്കുന്ന വസ്ത്രങ്ങൾക്കും ശരീരഭാഗങ്ങളായ കണ്ണുകൾക്കും വായയ്ക്കുമെല്ലാം കൂടുതൽ ദോഷകരവുമാണ്.
ഉപരിതലങ്ങൾ അണുവിമുക്തമാക്കാൻ നിങ്ങൾക്ക് മദ്യവും ക്ലോറിനും ഉപയോഗിക്കാം എന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.
എന്നാൽ അത് ഉചിതമായ നിർദ്ദേശങ്ങളും ശുപാർശകളും കണക്കിലെടുത്തത് പ്രകാരം ആയിരിക്കണം. അതിനാൽ, മദ്യം അല്ലെങ്കിൽ ബിയർ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് കൊവിഡ് 19 തടയാൻ സഹായിക്കുമെന്ന വ്യാജധാരണ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും തെറ്റാണ് എന്ന് തിരിച്ചറിയുക.