കോവിഡ്-19 തലച്ചോറിനേയും ബാധിച്ചേക്കാമെന്ന ആശങ്ക വെളിപ്പെടുത്തി ആരോഗ്യവിദഗ്ധർ.
ന്യൂയോർക്കിലെ കോവിഡ് രോഗികളിൽക്കണ്ട ലക്ഷണങ്ങളാണ് ഈ ആശങ്കയുടെ അടിസ്ഥാനമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചില രോഗികൾ സാധാരണ കോവിഡ് ലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസ്സം എന്നിവയ്ക്കുപുറമേ സ്ഥലകാലഭ്രമം കൂടി പ്രകടിപ്പിച്ചിരുന്നു.
തങ്ങൾ എവിടെയാണെന്നോ ഏതുവർഷമാണിതെന്നോ ഓർത്തെടുക്കാൻ അവർക്കു കഴിയുന്നുണ്ടായിരുന്നില്ല.
കോവിഡ് വൈറസ് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിച്ചേക്കുമെന്നാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നതെന്ന് ന്യൂയോർക്കിലെ ലാങ്കോൺ ബ്രൂക്‌ലിൻ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ജെന്നിഫർ ഫ്രണ്ടേര പറഞ്ഞു.
ചൈനയിൽ ഗവേഷണത്തിന് വിധേയരാക്കിയ 214 കോവിഡ് രോഗികളിൽ 36.4 ശതമാനം പേരും നാഡീവ്യൂഹത്തെ വൈറസ് ബാധിച്ചെന്നു സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നെന്ന് ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. ഗന്ധം തിരിച്ചറിയാൻ കഴിയാതിരിക്കുക, നാഡീവേദന, സന്നി, മസ്തിഷ്‍കാഘാതം എന്നിവയായിരുന്നു ഇത്.
59 രോഗികളെ നിരീക്ഷിച്ച് ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ നടത്തിയ പഠനത്തിലും പകുതിയിലേറെ രോഗികളിൽ സമാന ലക്ഷണങ്ങളുണ്ടായിരുന്നതായി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. “
ശ്വാസമെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നാകും നിങ്ങൾ ചിന്തിക്കുന്നത്.
എന്നാൽ ഇത് തലച്ചോറിനെയും ബാധിക്കുന്നുണ്ട്.”-കാലിഫോർണിയ സർവകലാശാലയിലെ ന്യൂറോളജി വിഭാഗം മേധാവി ആൻഡ്രൂ ജോസഫ്സൺ പറഞ്ഞു.