ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 30,36,770 പേർക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു.
2,10,804 പേരുടെ ജീവനാണ് കോവിഡ് ഇതുവരെ കവർന്നത്.
ആകെ രോഗബാധിതരിൽ മൂന്നിലൊന്നും അമേരിക്കയിലാണ്. പത്ത് ലക്ഷത്തിനടുത്ത് രോഗബാധിതരുള്ള അമേരിക്കയിൽ 56,000 പേർ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1347 ജീവൻ നഷ്ടമായി. ഇരുപതിനായിരത്തിലേറേ പേർക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു.
യുഎസ് ഒഴികെയുള്ള വൈറസ് ബാധിത രാജ്യങ്ങളിലെല്ലാം മരണസംഖ്യ കുറഞ്ഞുവരുകയാണ്. സ്പെയ്നിലും ഇറ്റലിയിലും ബ്രിട്ടണിലും നാനൂറിൽ താഴെയാണ് കഴിഞ്ഞ ദിവസത്തെ മരണനിരക്ക്.
2,29,422 പേർക്ക് രോഗം സ്ഥിരീകരിച്ച സ്പെയ്നിൽ 23,521 പേരാണ് ഇതുവരെ മരിച്ചത്.
രണ്ട് ലക്ഷം രോഗബാധിതരുള്ള ഇറ്റലിയിൽ മരണം 26,977 ആയി. ഫ്രാൻസിൽ 23,293 പേരും ബ്രിട്ടണിൽ 21,092 പേരും മരിച്ചു. ജർമനിയിൽ മരണം 6000 കടന്നു. ബെൽജിയത്തിൽ 7200 പേരും ഇറാനിൽ 5800 പേരും ഇതുവരെ മരണപ്പെട്ടു.
അതേസമയം ലോകത്താകെ കോവിഡ് മുക്തരായവരുടെ എണ്ണം 8,92,599 ആയി.
സ്പെയ്നിൽ 1.20 ലക്ഷം പേർ രോഗമുക്തരായി. ജർമനിയിൽ 1.14 ലക്ഷം രോഗികളും യുഎസിൽ 1.11 ലക്ഷം പേരും പൂർണമായും കോവിഡ് മുക്തരായി. 19 ലക്ഷത്തിലേറെ രോഗികൾ നിലവിൽ ചികിത്സയിലുണ്ട്.
ഇതിൽ 56000ത്തോളം പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.