രണ്ടുദിവസം മുമ്പ് ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന്  കാണാതായ കോവിഡ്-19 രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി.

 

ഗുജറാത്ത് സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ രോഗിയെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മുറിയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

 

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ മന്‍ ദര്‍വാജ മേഖലയില്‍ നിന്ന് ഏപ്രില്‍ 21 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രി വാസത്തിനിടെ ബന്ധുക്കളെ കാണാന്‍ കഴിയാത്തതില്‍ ഇയാള്‍ ദുഃഖിതനായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഇയാള്‍ വാര്‍ഡില്‍ നിന്ന് അപ്രത്യക്ഷനായത്. പോലീസും ആശുപത്രി അധികൃതരും അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. 

 

ബുധനാഴ്ച വൈകുന്നേരത്തോടെ ഇയാളുടെ മൃതദേഹം കണ്ടെത്തി. ഇയാളുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്കയച്ചതിനെ      തുടര്‍ന്ന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു.

 

 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച കാണാതായ അമ്പതുകാരനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ ഭാര്യയും മകളും ക്വാറന്റൈനിലാണ്. 

 

വിഷം കഴിച്ചോ മറ്റോആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളില്ലെന്നും കോവിഡ് രോഗികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന പതിവില്ലാത്തതിനാല്‍ കോവിഡ് ബാധ മൂലമാണ് ഇയാളുടെ മരണമെന്ന് റിപ്പോര്‍ട്ട് ചെയ്തതായി എന്‍സിഎച്ച് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രീതി കപാഡിയ പറഞ്ഞു.

 

 

സുരക്ഷാസംവിധാനങ്ങളോടെ രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു. 

 

രോഗി വാര്‍ഡില്‍ നിന്ന് കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

ആശുപത്രിയിലെ  കോവിഡ്-19 രോഗികള്‍ക്ക് യൂണിഫോം നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും        അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കയ്യില്‍ സീല്‍ വെക്കുന്ന പതിവുണ്ടെങ്കിലും അത് മാഞ്ഞുപോകുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് യൂണിഫോം നല്‍കുന്ന കാര്യം തീരുമാനിച്ചത്. 

Find out more: