കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ കേന്ദ്രം നിർബന്ധമാക്കി.
റെഡ് സോണിൽ ഉൾപ്പെട്ട രാജ്യത്തെ 130 ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിലെ ജനങ്ങളും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
കണ്ടെയ്ൻമെന്റ് സോണിലെ ഓരോ വ്യക്തികളേയും കൃത്യമായി നിരീക്ഷിക്കാൻ അധികൃതർക്ക് ഇതുവഴി സാധിക്കും.
സംശയാസ്പദമായ കേസുകളിൽ ആവശ്യമെങ്കിൽ ക്വാറന്റൈനിലേക്ക് മാറ്റാൻ അടക്കമുള്ള നടപടികൾ അതിവേഗം നൽകാൻ കഴിയും .
സ്മാർട്ഫോണിന്റെ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവർത്തനം.
സഞ്ചാര പാത പിന്തുടർന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്നും ഇതിലൂടെ അറിയാം. എങ്ങനെ സ്വയം സമ്പർക്കവിലക്കിൽ കഴിയണമെന്നും രോഗലക്ഷണമുണ്ടെങ്കിൽ സ്വീകരിക്കേണ്ട നടപടികളും ആപ്പ് വിശദീകരിക്കും.
കേന്ദ്രസർക്കാരിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും.
കണ്ടെയ്ൻമെന്റ് സോണിലെ എല്ലാവർക്കും പ്രാദേശിക ഭരണകൂടം ആരോഗ്യ സേതു ആപ്ലിക്കേഷൻ 100 ശതമാനം ഉറപ്പുവരുത്തുമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ആപ്ലിക്കേഷന് പുറമേ ഇത്തരം
പ്രദേശങ്ങളിൽ വീടുകൾ കയറിയുള്ള പരിശോധനയും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളും മറ്റും ആരോഗ്യവകുപ്പ് ഊർജിതമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
നേരത്തെ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.
എന്നാൽ തുടക്കത്തിൽ ഇതിന്റെ പ്രാധാന്യം ആർക്കും തന്നെ മനസിലായില്ല. ഇപ്പോൾ ആളുകൾ കൂടുതലും ഇതു ഉപയോഗിക്കാൻ തയ്യാറാവുന്നുണ്ട്.
തീവ്ര ബാധിത പ്രദേശങ്ങളിൽ ആപ്പ് നിര്ബദ്ധമാണ്.