ലോകത്ത് 3.5 ദശലക്ഷം ആളുകളെ ബാധിക്കുകയും 2.5 ലക്ഷം ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തുകയും ആഗോളസമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്ത കോവിഡിനെതിരെയുള്ള പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗതിയുടെ ഘട്ടത്തിലാണുള്ളത്. 

 

ജനുവരി 12നാണ് ആദ്യമായി ചൈന കോവിഡിന് കാരണമാവുന്ന sars-cov2 -ന്റെ ജനിതകശ്രണി സംബന്ധിച്ച വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയുമായി പങ്കുവെച്ചത്.

 

അന്നുമുതല്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളും വിവിധ ലോകരാജ്യങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഗവേഷണസ്ഥാപനങ്ങളും മെഡിക്കല്‍ ബോര്‍ഡുകളും ആരംഭിച്ചിട്ടുണ്ട്.

കുറഞ്ഞത് 120 വാക്‌സിന്‍ പ്രോജക്ടുകള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ വിവിധ സ്‌റ്റേജുകളിലാണുള്ളത്.

 

ഏഴോളം വാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണഘട്ടത്തിലും 82 എണ്ണം മൃഗങ്ങളിലെ പരീക്ഷണത്തിലും എത്തിയിരിക്കുന്നു.

രണ്ട് പരീക്ഷണങ്ങള്‍ കുരങ്ങന്മാരില്‍ ഫലം കണ്ടതായി റിപ്പോര്‍ട്ടുകളുമുണ്ട്. 

 

സെപ്തംബറില്‍ ആരംഭിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ ഫലവത്തായാല്‍ 2021 ഏപ്രില്‍ മാസത്തോടെ 600-900 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ജോണ്‍സണ്‍&ജോണ്‍സണ്‍ കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചാല്‍ 2020 ഏപ്രിലോടെ മില്ല്യണ്‍ കണക്കിന് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് സിഫര്‍ കമ്പനിയും ജര്‍മന്‍ കമ്പനിയായ ബയോ ടെക്കും വ്യക്തമാക്കിയിട്ടുണ്ട്. 

 

പൊതുവില്‍ 10.7 വര്‍ഷം വരെയാണ് ശരാശരി വാക്‌സിന്‍ വികസനത്തിന് എടുക്കുന്ന സമയമെന്നും ഇത് വിപണിയിലെത്താനുള്ള സാധ്യത 6% മാത്രമാണെന്നുമാണ് പീയര്‍ റിവ്യൂ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.

മൂന്നിലധികം മനുഷ്യരിലെ പരീക്ഷണം, സുരക്ഷ, ഡോസ്, മരുന്ന് നല്‍കുന്ന സംരക്ഷണത്തിന്റെ തോത്, പൊതുആവശ്യത്തിനായുള്ള മരുന്ന് ഉത്പാദനം, വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് തേടല്‍, വിതരണം, വില്‍പ്പന തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ശരാശരി കാലയളവ്. 

 

എന്നാല്‍ കോവിഡിന് വളരെ പെട്ടന്ന് വാക്‌സിന്‍ കണ്ടുപിടിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. അതിനാല്‍ തന്നെ വാക്‌സിന്‍ വികസനത്തില്‍ സമാനതകളില്ലാത്ത പുരോഗതിയാണ് ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 12-18 മാസങ്ങള്‍ക്കുള്ളില്‍ മരുന്ന് വികസിപ്പിച്ച് പരീക്ഷണം നടത്തി, വിജയിച്ചാല്‍ കൂടുതല്‍ ഉത്പാദനം നടത്തി വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഐസിഎംആര്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ.എന്‍ ഗാംഗുലി പറഞ്ഞു.

 

 

Find out more: