
ഇഷ്ടപ്പെട്ട ഗാനത്തോടൊപ്പം നൃത്തം ചെയ്യൂ... വണ്ണം കുറയ്ക്കുന്നത് താനേ കുറയും! എന്തുതന്നെ ആയാലും ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ദിവസവുമുള്ള വ്യായാമശീലത്തെ ഒഴിവാക്കാൻ ആഗ്രഹിക്കില്ല. നമ്മുടെ ശരീരം എല്ലായിപ്പോഴും ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കുവാനായി ഏതൊരാളും കർശനമായ വ്യായാമ ദിനചര്യകളിൽ ഉറച്ചു നിൽകേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ നൃത്തം ചെയ്യുന്ന ആളുകളെ കണ്ടിട്ടില്ലേ. എല്ലായിപ്പോഴും ആരോഗ്യവാൻമാരും ആരോഗ്യവതികളുമായിരുന്നുകൊണ്ട് ഊർജസ്വലതയുള്ളവരായിരിക്കും അവർ.
പ്രായമെത്രയായാലും അവരുടെ വഴക്കവും വടിവൊത്ത ശരീരവുമൊക്കെ നമ്മെ എപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. നൃത്തം എന്ന കലാരൂപം ശരീരത്തിന് ഏറ്റവും മികച്ച ഒരു വ്യായാമം കൂടിയാണ് എന്നതാണ് ഇതിന് പിന്നിലെ രഹസ്യം. നൃത്തം ഒരു കലയാണ്. അത് ആസ്വദിച്ചു ചെയ്‌താൽ മനസ്സിനും ശരീരത്തിനും ഏറെ ആശ്വാസകരമാകാറുകയും ഉന്മേഷവും ലഭിക്കുകയും ചെയ്യും. എങ്കിൽ തന്നെയും എല്ലാ ദിവസവും ഒരേ രീതിയിലുള്ള വ്യായാമങ്ങളിൽ മാത്രം ചെയ്യുന്നത് പലപ്പോഴും നമ്മളിൽ മടുപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്.
വിരസതയെ ഒഴിവാക്കാനായി പുതിയൊരു വ്യായാമരീതി പരീക്ഷിച്ചാലോ? എന്താണെന്നല്ലേ? ഒരു മണിക്കൂർ നൃത്തം ചെയ്താൽ ഒരാൾക്ക് കുറഞ്ഞത് 400 കലോറിയെങ്കിലും കുറയ്ക്കാനാവും എന്നാണ് വിദഗ്ദർ ശുപാർശ ചെയ്യുന്നത്. ഒരു വ്യായാമം കണക്കെ നൃത്തം ചെയ്യാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില ഡാൻസിംഗ് രീതികളുണ്ട്. അതിലൊന്നാണ് സാൽസ. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു സൽസ നൃത്ത സെഷൻ നിങ്ങളുടെ ശരീരത്തിൽ നിന്ന് 400-500 കലോറി വരെ കത്തിച്ചുകളയാൻ സഹായിക്കും.
ഓൺലൈനിലും മറ്റുമായി ധാരാളം സൽസ ക്ലാസുകൾ ഇന്ന് നിലവിലുണ്ട്. വളരെ എളുപ്പമായ രീതിയിൽ ഇത് നിങ്ങൾക്ക് പഠിച്ചെടുക്കാൻ കഴിയും എന്നതാണ് ഈ നൃത്തരൂപത്തിന്റെ പ്രത്യേകത! ലാറ്റിൻ അമേരിക്കൻ ശൈലിയിലുള്ളതാണ് ഈ നൃത്തരൂപം. ഈ ഡാൻസിംഗ് രീതി കാഴ്ചയിൽ അത്യാകർഷകമായ ഒന്നാണ്. നിങ്ങളുടെ പങ്കാളിയുമായി കൂട്ടുചേർന്നു കൊണ്ട് നിങ്ങൾക്ക് ഇത് പരീക്ഷിക്കാം. വ്യത്യസ്തമായ പല രീതിയിൽ ശരീരം വളച്ചുകൊണ്ടും വേഗത്തിൽ ചലിപ്പിച്ചു കൊണ്ടുമൊക്കെയാണ് ഈ നൃത്തം ചെയ്യേണ്ടത്.
മറ്റൊന്നാണ് ഫ്രീസ്റ്റൈൽ എന്ന നൃത്ത രീതി. ഫാസ്റ്റ് ബീറ്റ് സംഗീതമുള്ള പാട്ടുകളാണ് ഫ്രീസ്റ്റൈൽ നൃത്തം ചെയ്യാൻ കൂടുതൽ അനുയോജ്യവും ആകർഷകവും. ഒരു മണിക്കൂർ നീണ്ട ഫ്രീസ്റ്റൈൽ നൃത്ത സെഷൻ ശരീരത്തിൽ നിന്ന് 350 കലോറി വരെ കുറച്ചു തരും. അതുപോലെ തന്നെയാണ് ബെല്ലി ഡാൻസ്. ആകർഷകമായ ഈ നൃത്തരൂപം നിങ്ങളുടെ ഇടുപ്പ്, പുറംഭാഗം, ആബ്സ് എന്നിവയെ ടോൺ ചെയ്യാൻ സഹായിക്കുന്നു. ഇത് നിങ്ങൾ പഠിച്ചെടുത്തുകൊണ്ട് ഒരു മണിക്കൂർ നേരം ചെയ്താൽ നിങ്ങളുടെ ശരീരത്തിൽ നിന്ന് ഏതാണ്ട് 550-600 കലോറി വരെ കുറയ്ക്കാൻ കഴിയും. മറ്റൊരു വെടിക്കെട്ടു നൃത്ത രൂപമാണ് സൂംബാ എന്ന ഡാൻസ് രീതി.
ഊർജ്ജസ്വലമായ സംഗീതത്തോടൊപ്പം ചെയ്യുന്ന ഈ നൃത്ത വ്യായാമം നിങ്ങളുടെ ലോവർ ബോഡിയെ ടോൺ ചെയ്യാൻ സഹായിക്കുന്നു. നമ്മൾ നിത്യവും ചെയ്യുന്ന സാധാരണ വ്യായാമങ്ങളായ സ്ക്വാറ്റുകളും ലങ്കുകളും ഒക്കെ ഇതിൽ ഉൾപ്പെടുന്നു. ഒരു മണിക്കൂർ നേരത്തെ സുംബാ സെഷൻ നിങ്ങൾക്ക് 550 കലോറി വരേ കുറച്ചു തരും. താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും സൂംബാ ക്ലാസുകളിൽ ചേരാം. അതല്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾക്കായി ഇൻറർനെറ്റിൽ തിരയാം.
ജിമ്മിൽ പോവാനും, അതിരാവിലെ നടക്കാനുമൊക്കെ മടി തോന്നി തുടങ്ങിയെങ്കിൽ കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാക്കാനായി ഇനി കുറച്ചുനാൾ നൃത്തം പരീക്ഷിച്ചു നോക്കാം. കാണുന്നവരെ സന്തോഷിപ്പിക്കുന്ന വെറുമൊരു കലാരൂപം മാത്രമല്ല നൃത്തം എന്ന കാര്യം ഇപ്പോൾ മനസ്സിലായില്ലേ? നിങ്ങളുടെ ശാരീരികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല ഒരു വ്യായാമം കൂടിയാണിത്. പോരാത്തതിന് ആകർഷകമായ സംഗീതത്തോടൊപ്പം ഒരു മണിക്കൂർ നേരം ഹിപ്-ഹോപ്പ് നൃത്തം ചെയ്യുന്നത് വഴി 700 കലോറി വരെ കുറയ്ക്കാൻ സഹായിക്കും.