ലോക്ഡൗണില്‍ കുടുങ്ങിയ മാലദ്വീപിലെ പ്രവാസികളായ മലയാളികളേയും വഹിച്ചുള്ള നാവികസേന കപ്പല്‍ ജലാശ്വ ഞായറാഴ്ച കൊച്ചിയുടെ തീരത്തേക്ക് 

 

ഞായറാഴ്ച രാവിലെ പത്തുമണിയോടെ കപ്പലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. 

വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ കൊച്ചിയിലേക്ക് തിരിച്ച കപ്പലില്‍ 698 പേരാണുള്ളത്.

595 പുരുഷന്‍മാരും 103 സ്ത്രീകളും. 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണിത്.

 

നാവികസേനയുടെ മറ്റൊരു കപ്പലായ ഐ.എന്‍.എസ്. മഗറും അടുത്തദിവസം ദ്വീപിലെത്തും. നാവികസേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ 'സമുദ്രസേതു'വിന്റെ ഭാഗമായാണ് കപ്പല്‍ അയച്ചത്.

 

ആദ്യ ക്രമീകരണങ്ങള്‍ പ്രകാരം 732 പേരെയാണ് യാത്രയ്ക്ക് തിരഞ്ഞെടുത്തത്. ഇതില്‍ ചിലരെ പരിശോധനകള്‍ക്കൊടുവില്‍ ഒഴിവാക്കി.

 

 

മാലദ്വീപില്‍ നിന്നുള്ള യാത്രക്കാരെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ പൂര്‍ത്തിയാക്കി മോക്ഡ്രില്ലും നടത്തിയിരുന്നു. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്.

 

 

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ തുറമുഖത്ത് എത്തുമ്പോള്‍ത്തന്നെ ഐസോലേഷന്‍ ഏരിയയിലേക്ക് മാറ്റും. സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ച പോലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇവരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുമായിരിക്കും എത്തിക്കുക. അവിടെ വച് ഇവരെ കൃത്യമായി പരിശോധിക്കും. 

 

 

കോവിഡ് ഇതര രോഗങ്ങള്‍ ഉള്ള യാത്രക്കാരുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്.

 

രോഗലക്ഷണമില്ലാത്തവര്‍ക്ക് സാധാരണ തരത്തിലുള്ള പരിശോധന പൂര്‍ത്തിയാക്കി അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

 

യാത്രക്കാരുമായി ഇടപഴകുന്ന എല്ലാവര്‍ക്കും പി.പി.ഇ. കിറ്റുകള്‍ ഉള്‍പ്പടെ ഉറപ്പാക്കിയിട്ടുണ്ട്.

 

 

Find out more: