
കൊവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചയില്‍ ലോകാരോഗ്യ സംഘനയേയും ചൈനയേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി 62 രാജ്യങ്ങള്‍ മുന്നോട്ട്.
കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയുമടക്കം ഉന്നയിച്ച ആവശ്യത്തിന് ഇന്ത്യയും പിന്തുണ നല്‍കി.
മഹാമാരിയായി പ്രഖ്യാപിക്കുന്നതില്‍ അടക്കം ഡബ്ല്യൂ എച്ച്.ഒയ്ക്ക് വീഴ്ചപറ്റിയെന്നാണ് വിമര്‍ശനം. ഇന്ന് ആരംഭിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗത്തില്‍ ഇത് സംബന്ധിച്ച് ആവശ്യമുയര്‍ത്താനാണ് ഈ രാജ്യങ്ങളുടെ തീരുമാനം.
ചൈനയിലെ വുഹാനില്‍ കഴിഞ്ഞ വര്‍ഷം അവസാനം സ്ഥിരീകരിച്ച കൊവിഡ് 19ന്റെ കാര്യത്തില്‍ ഇതാദ്യമാണ് ഇന്ത്യയും അന്വേഷണം ആവശ്യപ്പെടുന്നത്.
രോഗം നേരത്തെ കണ്ടെത്തിയെങ്കിലും ചൈന അക്കാര്യം മൂടിവെച്ചുവെന്നാണ് ലോകരാജ്യങ്ങളുടെ ആരോപണം. ഈ മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ ചൈന മാത്രമല്ല, ലോകാരോഗ്യ സംഘടനയും വീഴ്ച വരുത്തിയെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തുടക്കം മുതല്‍ ആരോപിക്കുന്നത്.
എ്ന്നാല്‍ അമേരിക്കന്‍ സൈന്യമാണ് കൊറോണ വൈറസ് ചൈനയില്‍ എത്തിച്ചതെന്ന ഗൂഢാലോചന സിദ്ധാന്തമുയര്‍ത്തിയാണ് ചൈന തിരിച്ചടിക്കുന്നത്.
പല രാജ്യങ്ങളിലും കൊറോണ വൈറസ് പിടിമുറുക്കിയപ്പോള്‍ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയോസിസും മറ്റുള്ളവരും ചൈനയ്‌ക്കൊപ്പം ചേര്‍ന്ന് വൈറസ് വ്യാപനം രഹസ്യമാക്കിവച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. 2017ല്‍ ചൈനയുടെ പിന്തുണയോടെയാണ് എതേയാപന്‍ മന്ത്രിയായിരുന്ന ഗെബ്രിയോസിസ് ലോകാരോഗ്യ സംഘടനയുശട തലപ്പത്ത് എത്തിയത്.
ആരോപണം ഇരുകൂട്ടരും നിഷേധിക്കുകയായിരുന്നു. അതിനിടെ, സംഘടനയ്ക്ക് നല്‍കുന്ന ഫണ്ട് അമേരിക്ക നിര്‍ത്തിവയ്ക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകരാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഈ പ്രതിസന്ധിയില്‍ സുതാര്യവും ഉത്തരവാദിത്തപൂര്‍ണ്ണവുമായ അന്വേഷണം വേണമെന്നാണ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ബംഗ്ലാദേശ്, കാനഡ, റഷ്യ, ഇന്തോനീഷ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടണ്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.