ഒറിയ ബജ്ജി കഴിച്ചിട്ടുണ്ടോ? എങ്കിൽ അത് ട്രൈ ചെയ്തു നോക്കൂ. മൈദയും, കടലപ്പൊടിയും ചേർന്ന മിശ്രിതത്തിൽ നല്ല പഴുത്ത പഴം മുക്കി തിളച്ച വെളിച്ചെണ്ണയിൽ മുക്കി പൊരിച്ചെടുത്തു കഴിയ്ക്കുന്നത് ഒന്ന് സങ്കല്പിച്ചു നോക്കിക്കേ? വായിൽ ഇപ്പോൾ കപ്പലോടിക്കാം അല്ലെ? ഇനി ആ പഴത്തിന് പകരം ഓറിയോ ബിസ്ക്കറ്റ് ഒന്നാലോചിച്ചു നോക്കൂ. കണ്ണ് ചുളിക്കാൻ വരട്ടെ! ധാരാളം ആരാധകരുള്ള ഈ ക്രീം ബിസ്കറ്റ് മൈദയും കടലപ്പൊടിയുമെല്ലാം ചേർന്ന മിശ്രിതത്തിൽ മുക്കിപ്പൊരിച്ച ഓറിയോ ബജിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം.
ന്യുട്ടെല്ല ബിരിയാണിയും, ടൊമാറ്റോ സോസ് ചേർത്ത തണ്ണിമത്തനും ഈയടുത്താണ് വാർത്തകളിൽ ഇടംപിടിച്ചത്. ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ ഫ്യൂഷൻ ഫുഡ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ താരമാണ്.നമ്മുടെ സ്വന്തം പഴംപൊരിയുടെ, കാര്യം തന്നെയെടുക്കാം.
വ്യത്യസ്തമായ ഭക്ഷണം പാചകം ചെയ്യുന്നതും വിജയിച്ചാൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ഇപ്പോൾ ഒരു ട്രെൻഡാണ്. കൂട്ടത്തിൽ ഒരിക്കലും ചേരില്ല എന്ന് തോന്നുന്ന രണ്ടു ഭക്ഷണപദാർത്ഥങ്ങൾ ചേർത്തുണ്ടാക്കുന്ന ഫ്യൂഷൻ ഫുഡ് ശ്രദ്ധ നേടുന്നുണ്ട്.
ലോക്ക്ഡൗൺ കാലഘട്ടം പലവിധ പുത്തൻ പക്ഷങ്ങൾ പരീക്ഷിക്കാൻ ജനങ്ങൾക്ക് സമയം നൽകുന്നുണ്ട്. "എനിക്കറിയാവുന്ന ഒരാൾ ഓറിയോ ബജി ഉണ്ടാകുകയും ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു" എന്ന അടിക്കുറിപ്പോടെയാണ് ഭയാനക്ക് പപ്പി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ഭക്ഷണ കോമ്പിനേഷൻ കണ്ടതോടെ ട്വിറ്ററിൽ കമന്റുകളുടെ പ്രവാഹമാണ്.
"ഞാനിതൊരിക്കലും കാണാൻ പാടില്ലായിരുന്നു" എന്നാണ് ഒരു ട്വിറ്റർ ഉപഭോക്താവിന്റെ കമന്റ്.'ലോക്ക്ഡൗണിൽ ആൾക്കാർക്ക് വട്ടായി' എന്നാണ് തന്വിയുടെ കമന്റ്. ഏറ്റവും രസകരമായ കമന്റ് ഒരു പക്ഷെ ദി ഹെയ്‌സൺബെർഗ് എന്ന ട്വിറ്റർ ഉപഭോക്താവിൽ നിന്നാവും " ലോകം അവസാനിക്കാറായി...എനിക്കത് ഈ ചിത്രത്തിൽ നിന്നും മനസിലാക്കാം.'എന്റെ ഈ ദിവസം നശിപ്പിച്ചതിന് നന്ദി', എന്ന് സൃഷ്ടി പാണ്ഡെ കുറിച്ചപ്പോൾ 'ഇതൊരു ദുരഭിമാനക്കൊലയാണ്' എന്നായി മറ്റൊരു ട്വിറ്റർ യൂഫോക്താവിന്റെ കമന്റ്.