മുടി വെട്ടാനായി എത്രത്തോളം കാലതാമസം എടുക്കുന്നുവോ അത്രത്തോളം അറ്റം പിളരാനും പൊട്ടിപ്പോവാനുമൊക്കെ സാധ്യതയുണ്ട്. മുടിയുടെ അറ്റം പിളരുന്നത് കെരാറ്റിനുകളുടെ പുറം പാളിയെ ബാധിക്കുന്നു. ഈ പ്രശ്‌നം ഒഴിവാക്കാനായി മാസത്തിലൊരിക്കലെങ്കിലും മുടിയുടെ അറ്റം മാത്രം ചെറുതായി വെട്ടിക്കൊടുക്കാൻ ശുപാർശചെയ്യുന്നു.ഒന്നാലോചിച്ചാൽ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം നമ്മുടെ കയ്യിൽ തന്നെയുണ്ട്. ലളിതമായ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകിക്കൊണ്ട് മുന്നോട്ടുപോയാൽ മുടിയുടെ അറ്റം പിളരുന്ന ഈയൊരു പ്രശ്നത്തെ നിങ്ങൾക്ക് എളുപ്പത്തിൽ പരിഹരിക്കാനാവും. സൗന്ദര്യത്തിന്റെ കാര്യത്തിലായാലും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലായാലും ശരിയായ ഭക്ഷണ ക്രമം പിന്തുടരേണ്ടത് ആവശ്യമാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ ശരിയായ ഭക്ഷണക്രമം നിങ്ങളുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായിരിക്കണം. ഇത് തലമുടിയുടെ പ്രശ്നങ്ങളെ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ബയോട്ടിൻ സപ്ലിമെൻ്റുകളും ഉൾപ്പെടുത്തുക.
ഇത് സുന്ദരവും നീളമുള്ളതുമായ മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നതാണ്. അതിനാൽ ഇനിമുതൽ നിങ്ങളുടെ ഭക്ഷണത്തിൽ മത്സ്യം, ഉണക്കിയ പഴങ്ങൾ, അവോക്കാഡോ, ഓട്സ്, സോയ എന്നിവയെല്ലാം ഉൾപ്പെടുത്തുക.മുടിക്ക് ജലാംശം നൽകാനായി ഒരു കണ്ടീഷണർ ഉപയോഗിക്കാം. നിങ്ങൾ മുടി കഴുകുമ്പോഴെല്ലാം, തലമുടിക്ക് കേടുപാടുകൾ വരാതിരിക്കാനായി കണ്ടീഷണറുകൾ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈർപ്പത്തെ പുനസ്ഥാപിക്കാൻ ഇതിൻ്റെ ഉപയോഗം വഴി സാധിക്കും. കണ്ടീഷണറുകളുടെ പതിവായുള്ള ഉപയോഗം മുടി ഇടയ്ക്കുവെച്ച് പൊട്ടുന്നത് കുറയ്ക്കുകയും മുടിയുടെ അറ്റത്ത് ഉണ്ടാവുന്ന ആവർത്തിച്ചുള്ള വിഭജനങ്ങളെ ഒഴിവാക്കുകയും ചെയ്യും.
ഫാൻസി ഹെയർ പ്രോഡക്റ്റുകളോ കേശസംരക്ഷണ ചികിത്സകളോ അമിതമായാൽ ഇത് നല്ലതിനേക്കാൾ നിങ്ങൾക്ക് ദോഷം വരുത്തുന്നതായി മാറും. അതുകൊണ്ടുതന്നെ മുടിയുടെ അറ്റം പിളരുന്ന പ്രശ്നത്തിന് ഇതുമൊരു പ്രധാന കാരണമായി മാറുമെന്ന് മുന്നറിയിപ്പ് നൽകട്ടെ. രാസവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള കേശ സംരക്ഷണ രീതികൾ നിങ്ങളുടെ തലമുടിയെ കൂടുതൽ വഷളാക്കി മാറ്റാനിടയുണ്ട്. മുടിയെ പരിപാലിക്കുന്നതിനായി മുട്ട, തൈര്, വാഴപ്പഴം തുടങ്ങിയ ലളിതമായ അടുക്കള ചേരുവകൾ ഉപയോഗിക്കാനായി വിദഗ്ധർ നിർദ്ദേശിക്കുന്നു. ശരിയായ അളവിൽ പോഷണങ്ങൾ ലഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് അധികമായുള്ള കേശ പരിപാലന ചികിത്സകളുടെ ആവശ്യമില്ല.