എല്ലാ രാജ്യങ്ങളിലും തുല്യമായ അളവിൽ വാക്സിൻ എത്തിക്കാനായി ഒൻപതു മാസം മുൻപേ കൊവാക്സ് എന്ന പേരിൽ ഒരു സഖ്യം രൂപീകരിച്ചിട്ടുണ്ടെന്നിരിക്കേയാണ് ലോകാരോഗ്യസംഘടന ഇത്തരത്തിൽ വിമർശനം നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ദരിദ്രരാജ്യങ്ങളെ അവഗണിച്ചു കൊണ്ടുള്ള വാക്സിൻ വിതരണം കൊവിഡ് മഹാമാരി നീട്ടിക്കൊണ്ടു പോകാൻ മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. "49ലധികം സമ്പന്നരാജ്യങ്ങളിലാണ് 39 മില്യൺ ഡോസ് കൊവിഡ് വാക്സിൻ ഇതുവരെ നൽകിയത്. എന്നാൽ ദരിദ്രരാജ്യങ്ങളിൽ നൽകിയത് 25 മാത്രമാണ്. 25 മില്യണോ 25,000മോ അല്ല, വെറും 25." അദ്ദേഹം പറഞ്ഞതായി വോയ്സ് ഓഫ് അമേരിക്ക റിപ്പോർട്ട് ചെയ്തു. യുഎസിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെ മൊത്തം 95392103 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിൽ 2,035,895 പേർ വൈറസ് ബാധയേറ്റു മരിച്ചു.വാക്സിൻ വിതരണത്തിലുള്ള ഈ പാർശ്വവത്കരണം ഒരു ധാർമികമായ പ്രശ്നം മാത്രമല്ലെന്നും ഇതിനു തന്ത്രപരമായും സാമ്പത്തികമായുമുള്ള പ്രശ്നങ്ങളുമുണ്ടെന്നും ഡബ്ല്യൂഎച്ച്ഓ ഡയറക്ടർ ജനറൽ വ്യക്തമാക്കി. അതേസമയം ഷാർജയിൽ വീട്ടിലെത്തി വാക്‌സിൻ കുത്തി വൈകുന്ന പദ്ധതിയ്ക്ക് തുടക്കമായി. സാമൂഹ്യ സേവന വകുപ്പ്, ഷാർജ മെഡിക്കൽ ഡിസ്ട്രിക്റ്റുമായി സഹകരിച്ച് മുതിർന്ന പൗരന്മാർക്ക് വികലാംഗർ, മാനസികരോഗികൾ, അവരുടെ കുടുംബങ്ങൾ എന്നിവരുൾപ്പെടെയുള്ളവർക്ക് വീട്ടിലെത്തി കൊവിഡ് വാക്സിൻ കുത്തിവയ്ക്കുന്ന പദ്ധതിക്കു ഷാർജയിൽ തുടക്കം കുറിക്കുന്നു.
ഷാർജയിലെ എല്ലാ മേഖലകളിലും വാക്സിനേഷൻ നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. എമിറേറ്റിലെ എല്ലാ നഗരങ്ങളിലും പ്രതിരോധ കുത്തിവയ്പ്പിനുള്ള അംഗീകൃത മെഡിക്കൽ നടപടിക്രമങ്ങളെക്കുറിച്ച് പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് വകുപ്പിലെ മെഡിക്കൽ സ്റ്റാഫുകളുടെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഈ സംരംഭം ആരംഭിച്ചത്.