രാത്രി യാത്രയും ആൾക്കൂട്ടവും ഒഴിവാക്കണം! പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ നിർദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിൽ സർക്കാർ.നേരത്തെയുള്ള അത്രത്തോളം രോഗവ്യാപനമില്ലെങ്കിലും കേരളത്തിൽ രോഗ വിമുക്തരേക്കാൾ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിട്ടുവീഴ്‌ചയില്ലാതെ നടപ്പാക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളുടെ വ്യാപന നിരക്ക് കൂടുതലായതിനാൽ കനത്ത ജാഗ്രത വേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ആളുകൾ കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം.


അടച്ചിട്ട ഹാളുകളിൽ പരിപാടി നടത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുണ്ട്. പരിപാടികൾ അടച്ചിട്ട ഹാളുകൾക്ക് പകരം തുറന്ന സ്ഥലങ്ങളിലും വേദികളിലും നടത്താൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. വിവാഹ ചടങ്ങുകളിൽ കൊവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഇക്കാര്യത്തിൽ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി യാത്രകൾ പരിമിതപ്പെടുത്തണം. പ്രതിദിന പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഒരുലക്ഷമാക്കി ഉയർത്തും. ഇതിൽ 75000 ടെസ്‌റ്റുകളും ആർടിപിസിആർ ടെസ്‌റ്റുകളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാത്രി 10 മണിക്ക് ശേഷമുള്ള യാത്ര പരാമാവധി ഒഴിവാക്കാൻ ജനങ്ങൾ ശ്രമിക്കണം.  


ജനങ്ങൾ കൂട്ടം ചേരാൻ സാധ്യതയുള്ള ഷോപ്പിങ് മാളുകൾ, ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ, ആശുപത്രികൾ എന്നിവടങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കണം. വാർഡുതല സമിതികൾ വീണ്ടും പുനരുജ്ജീവിപ്പിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ നാളെ മുതൽ ഫെബ്രുവരി പത്ത് വരെ 25,000 പോലീസ് ഉദ്യോഗസ്ഥരെ കൊവിഡ് പ്രോട്ടോകോൾ നടപ്പിലാക്കാൻ നിയോഗിക്കും. 


വിമർശനങ്ങളെ തുടർന്ന് സർക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോക്കം പോകില്ല. ആരോഗ്യവ്യവസ്ഥയുടെ മികവിനെ വെല്ലുവിളിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാനാകാത്ത തലത്തിലേക്ക് കേരളത്തിലെ രോഗ വ്യാപനം വളർന്നിട്ടില്ല. ജനങ്ങൾ ഒത്തൊരുമിച്ച് കൊവിഡിനെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഒപ്പം യഥാർഥ കൊവിഡ് കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ വെക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Find out more: