വിഷവാതകം ശ്വസിച്ച് നേപ്പാളിലെ ഹോട്ടൽ മുറിയിൽ മരിച്ചവരിൽ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളും. ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ ലൈനിലെ കൃഷ്ണൻകുട്ടി നായരുടെ മകൻ പ്രവീണും ഭാര്യ ശരണ്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഈ കുടുംബത്തിന്റെ ദുരന്തത്തിൽ നടുങ്ങിയിരിക്കുകയാണ് ചെങ്കോട്ടുകോണത്തെ നാട്ടുകാർ. ഗൾഫിൽ എൻജിനീയറായ പ്രവീൺ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അതേസമയം ഈ ദുരന്തം പ്രവീണിന്റെ കുടുംബം അറിഞ്ഞിട്ടില്ല.
എന്നാൽ പ്രവീണിന്റേയും ശരണ്യയുടെയും മൂന്നു മക്കളിൽ ഇളയ കുട്ടി മരണത്തിന്റെ നിന്നും രക്ഷപെട്ടിട്ടുണ്ട്. ഇളയ കുട്ടി മറ്റൊരു ഫാമിലിയുടെ കൂടെ മറ്റൊരു മുറിയിൽ തങ്ങിയതിനാലാണ് രക്ഷപെട്ടത്. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർ ബൈപ്പാസ് സർജറി കഴിഞ്ഞ് വിശ്രമത്തിലായതിനാലാണ് വിവരം വീട്ടുകാരെ അറിയിക്കാത്തത്. പ്രവീണിന്റെ സഹോദരി പ്രസീദ മംഗലപുരം എജി കോളേജിൽ ജേണലിസം അദ്ധ്യാപികയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രദീപും ഭാര്യയും മക്കളെയും കൂട്ടി കൊച്ചിയിൽ നിന്ന് കോഴിക്കോട് നിന്നുള്ള കുടുംബ സുഹൃത്തുക്കളൊടൊപ്പം നേപ്പാൾ യാത്ര പുറപ്പെട്ടത്. പ്രവീണും ശരണ്യയും കുട്ടികളും ഗൾഫിലായിരുന്നു. ഈയിടെയാണ് ഇവർ ഗൾഫിൽ നിന്നും വന്നത്. ശരണ്യ കൊച്ചി അമൃതയിൽ ഒരു കോഴ്‌സിനു ചേർന്നിട്ടുണ്ട്. ശരണ്യയുടെ പഠനത്തിനു വേണ്ടിയാണ് പ്രവീൺ ശരണ്യയെ കൊച്ചിയിൽ വിട്ടത്. അവസാനമായി പ്രവീൺ കഴിഞ്ഞ ഓണത്തിനാണ് ചെങ്കോട്ടുകോണത്തുള്ള വീട്ടിലെത്തിയത്.
നേപ്പാളിലെ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് കുടുംബത്തിൽ നിന്നുമായി രണ്ട് പുരുഷന്മാരും രണ്ട് സ്ത്രികളും, രണ്ട് കുട്ടികളുമടക്കം എട്ട് പേരാണ് മരിച്ചത്. സംഭവത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യൻ എംബസി ഇടപെട്ടില്ലെന്ന ആരോപണവുമായി മലയാളി അസോസിയേഷൻ രംഗത്തെത്തിട്ടിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ പ്രകാരം മരണ കാരണമായി പറയുന്നത് ഹോട്ടലിലെ ഹീറ്ററിൽ നിന്ന് വിഷവാദകം ചോർന്നെന്നുള്ളതാണ്.
എന്നാൽ കൃത്യമായ കരണമെന്തെന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം പുറത്തു വരേണ്ടതുണ്ട്. നേപ്പാളിലെ മക്വൻപുർ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെയായിട്ടും വിനോദ സഞ്ചാരികളെ കാണാതായതോടെയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് വാതിൽ തുറന്നത്.
വാതിൽ തുറന്നപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം അബോധവസ്ഥയിൽ കിടക്കുന്നതു കണ്ടതോടെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. വലിയ മുരിയായതിനാൽ ഇരു വശങ്ങളിലായാണ് രണ്ടു കുടുംബവും തങ്ങിയിരുന്നത്. തണുപ്പകറ്റാൻ ജനലുകൾ അടച്ച് ഹീറ്ററുകൾ ഓൺ ചെയ്തിരുന്നു.
ഇതിൽ നിന്നും വന്ന വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 77 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽ നിന്നും 7,620 അടി ഉയരത്തിലുള്ള പ്രദേശമാണിത്. ഹിമാലയത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ് ദമാന്റെ പ്രത്യേകത.