സൗജന്യ ഭക്ഷണത്തിനായി ആയിരങ്ങള്‍ കേഴുന്നു,ആഫ്രിക്കയിലാണ് അങ്ങ്  സ്വിറ്റ്സര്‍ലന്‍ഡിലെ സമ്പന്ന നഗരത്തില്‍, സമ്പന്ന രാജ്യമാണെങ്കിലും സ്വിറ്റ്സര്‍ലന്‍ഡില്‍ 10 ലക്ഷത്തിലേറെ ആളുകള്‍ ദാരിദ്ര്യത്തിന്‍റെ വക്കിലാണ്. 2018-ലെ കണക്ക് പ്രകാരമാണിത്. 80 ലക്ഷത്തിലേറെയാണ് രാജ്യത്തെ ജനസംഖ്യ. ഇതില്‍ 660000 പേര്‍ സാമ്പത്തിക പ്രയാസമുള്ളവരാണ്.

 

  ലോകത്തിലെ ഏറ്റവും ജീവിതച്ചെലവേറിയ നഗരങ്ങളില്‍ രണ്ടാം സ്ഥാനമാണ് ജനീവയ്ക്ക്. അതുകൊണ്ടുതന്നെ ലോക്ക് ഡൗണില്‍ വരുമാനം ഇല്ലാതായവര്‍ക്ക് ജീവിതം ഏറെ പ്രയാസമാണ് ഇവിടെ. ''ആളുകള്‍ക്ക് ഈ അവസ്ഥയെക്കുറിച്ച് ധാരണയുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഈ അവസ്ഥയുണ്ടാകുന്നത് കാണുമ്പോള്‍ വിഷമമുണ്ട്.'' - സന്നദ്ധ സംഘടനയായ ജനീവ സോളിഡാരിറ്റി കാരവന്‍ മേധാവി സില്‍വാന മട്രമറ്റിയൊ പറയുന്നു.

 

 

  സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കുന്ന സൗജന്യ ഭക്ഷണമാണ് ഇവരുടെ ആശ്രയം. ജനീവയില്‍ ഒരു സന്നദ്ധ സംഘം 1500-ലേറെ ഭക്ഷണപ്പൊതികളാണ് ഒരു ദിവസം നല്‍കുന്നത്. ഇത് വാങ്ങാനായെത്തുന്നവരുടെ ക്യൂ ഒരു കിലോമീറ്ററിലധികം നീണ്ടുപോകാറുണ്ട്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ആളുകള്‍ ഭക്ഷണത്തിനായി ക്യൂ നില്‍ക്കാനെത്തും. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളില്‍ ഒന്നാണ് സ്വിറ്റ്സര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ജനീവ.

 

 

  രണ്ട് മാസത്തോളമായി തുടരുന്ന ലോക്ക് ഡൗണ്‍ പക്ഷേ നഗരത്തിന്‍റെ മറ്റൊരു മുഖമാണ് കാണിച്ച് തരുന്നത്. ജോലി ഇല്ലാതായ കുടിയേറ്റ തൊഴിലാളികളും ഹോട്ടല്‍ ജീവനക്കാരും കാര്‍ഷിക മേഖലയിലുള്ളവരും ഉള്‍പ്പെടെ ഭക്ഷണത്തിന് പോലും വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്.  സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ ജീവനക്കാരെ വെട്ടിച്ചുരുക്കുകയാണ്.

 

 

  ഏറെനാളായി അടച്ചിട്ടിരിക്കുന്നതിനാല്‍ ഹോട്ടലുകളിലും ബാറുകളിലും ജോലി ചെയ്യുന്നവരും കഷ്‍ടത്തിലായി. ലോക്ക് ഡൗണ്‍ കഴിഞ്ഞ് വീണ്ടും തുറന്നാലും ജോലി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് സ്വിറ്റ്സര്‍ലന്‍‍ഡിലെ ജനീവയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന വിദേശ യുവാവ് പറയുന്നു. കനത്ത നഷ്ടം നികത്താല്‍ ഹോട്ടലുകള്‍ തൊഴിലാളികളെ കുറയ്ക്കുമെന്നാണ് ഇയാള്‍ ഭയക്കുന്നത്.

 

  ലോക്ക് ഡൗണില്‍ ലോകമെങ്ങും തൊഴില്‍ നഷ്‍ടം രൂക്ഷമായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളായ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴില്‍ നഷ്‍ടം രൂക്ഷമാണ്.  ജോലിക്ക് പോയില്ലെങ്കില്‍ വരുമാനം ഇല്ലെന്ന സ്ഥിതിയാണ് ഇവര്‍ക്ക്. അങ്ങനെയുള്ളവര്‍ വികസ്വര രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും മാത്രമല്ല, സമ്പന്ന രാജ്യങ്ങളിലുമുണ്ട്.

 

 

  വിവിധ രാജ്യങ്ങളില്‍ നിന്ന് തൊഴിലിനായി കുടിയേറിയവരാണ് ഇത്തരക്കാരില്‍ പലരും. പ്രതിദിന വരുമാനത്തില്‍ ജീവിക്കുന്നവരും കുടിയേറ്റ തൊഴിലാളികളുമാണ് എല്ലാ രാജ്യങ്ങളിലും ലോക്ക് ഡൗണില്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചതോടെ ഇവര്‍ക്ക് ജോലിക്ക് പോകാന്‍ പറ്റാതായി.

 

 

  അമേരിക്കയിലും ജര്‍മനിയിലും ഉള്‍പ്പെടെ ലോക്ക് ഡൗണിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം തൊഴിലില്ലായ്‍മ റെക്കോര്‍ഡ് നിരക്കിലെത്തി. സമ്പന്ന നഗരങ്ങളില്‍ പോലും ആളുകള്‍ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന കാഴ്‍ചയാണ് ഇപ്പോള്‍. കൊറോണ വൈറസിന് മുന്നില്‍ ലോകത്തെ സമ്പന്ന രാജ്യങ്ങളെല്ലാം പകച്ചുനില്‍ക്കുന്ന കാഴ്‍ചയാണ്.

 

  വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യങ്ങള്‍ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ സമ്പദ് വ്യവസ്ഥ തകരുമെന്ന ആശങ്കയാണ്. തൊഴിലില്ലായ്‍മയും രൂക്ഷമായി. അതായത് സാമ്പത്തികമായി തകരുമെന്ന ഭീതിയിലാണ് പല രാജ്യങ്ങളും രോഗവ്യാപനം കുറയുന്നതിന് മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഒരുങ്ങുന്നതിന്. 


 

Find out more: